തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി വി.എം. സുധീരൻ. ബജറ്റിന്റെ ഭാഗമായി അടുത്തുതന്നെ അവതരിപ്പിക്കുന്ന ധന ബില്ലിൽ ഈ തീരുമാനം ഒഴിവാക്കുന്നതാകും നല്ലതെന്നും സുധീരൻ വ്യക്തമാക്കി.
ഈ വിഷയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തേണ്ടിയിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചു കൊണ്ടുവരിക, മയക്കുമരുന്നിനെതിരെ ശക്തമായി പോരാട്ടം നടത്തുക, മദ്യപാനം മൂലം സമൂഹത്തിനുണ്ടാകുന്ന ദുരന്തത്തിന് അറുതി വരുത്തുക എന്നീ കാര്യങ്ങളാണ് യുഡിഎഫ് സർക്കാർ ചെയ്യേണ്ടത്.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബാറുകളുടെ എണ്ണം കൂട്ടി മദ്യ വ്യാപനം ശക്തമാക്കി. മദ്യ നയം സംബന്ധിച്ച് ബന്ധപ്പെട്ട മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് താൻ ഇതിനു മുൻപും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം മുഖ്യ മന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി കത്ത് നൽകിയിരുന്നതായും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന സംശയങ്ങളും ആശങ്കളുമെല്ലാം അതേപടി നിലനിൽക്കുന് സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുധീരൻ കൂട്ടിച്ചേർത്തു.