ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം, ജാതകം ചേരുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഡൽഹി ഹൈക്കോടതി. വിവാഹം കഴിക്കുമെന്ന് ആവർത്തിച്ച് ഉറപ്പ് നൽകുകയും ജാതകം ചേരുന്നുണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത ശേഷം നിലപാട് മാറ്റുന്നത് വഞ്ചനയാണെന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ പറഞ്ഞു.
വ്യാജ വിവാഹവാഗ്ദാനം നൽകിയോ വഞ്ചനയിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാരതീയ ന്യായ സംഹിത സെക്ഷൻ 69 പ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാതകം ചേരുന്നത് അത്ര പ്രധാനമാണെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ അത് പരിശോധിക്കേണ്ടതായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം ഇത് ഒരു കാരണമായി പറയുന്നത് മുൻപ് നൽകിയ വാഗ്ദാനങ്ങൾ വ്യാജമാണെന്നതിന് തെളിവാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിവാഹം ഉടൻ നടക്കുമെന്ന് വാട്സ്ആപ്പ് ചാറ്റുകളിലൂടെ പ്രതി യുവതിക്ക് ഉറപ്പ് നൽകിയിരുന്നതായി കോടതി കണ്ടെത്തി.
വിവാഹവാഗ്ദാനം നൽകി ഇരയുടെ സമ്മതം നേടിയെടുക്കുന്നത് നിയമപരമായി സാധുവായ സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.