ന്യൂഡൽഹി: വിവാദമായ 'ഘൂസ്ഖോർ പണ്ഡിറ്റ്' എന്ന ചിത്രത്തിന്റെ പേര് മാറ്റുമെന്ന് നെറ്റ്ഫ്ലിക്സ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്നതാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം വ്യക്തമാക്കിയത്.
നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ ഫെബ്രുവരി ആദ്യവാരമാണ് പുറത്തിറങ്ങിയത്. ബ്രാഹ്മണൻ എന്ന അർഥം വരുന്ന പണ്ഡിറ്റ് എന്ന വാക്കിനൊപ്പം 'ഘൂസ്ഖോർ' (കൈക്കൂലിക്കാരൻ) എന്ന വാക്ക് ചേർത്തത് ജാതീയമായ അധിക്ഷേപമാണെന്ന് കാണിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
സിനിമയുടെ പ്രമേയത്തെയും ഉദ്ദേശ്യത്തെയും കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന മറ്റൊരു പേര് ചിത്രത്തിന് നൽകുമെന്ന് നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു. സിനിമ ഇപ്പോൾ എഡിറ്റിംഗ് ഘട്ടത്തിലാണെന്നും നിലവിലുണ്ടായിരുന്ന എല്ലാ പ്രൊമോഷണൽ വീഡിയോകളും നീക്കം ചെയ്തതായും കമ്പനി വ്യക്തമാക്കി.