നെല്ലിയാമ്പതി: ചന്ദ്രമല എസ്റ്റേറ്റിലെ മട്ടത്തുപാടി മേഖലയിൽ കാട്ടാനയുടെ നിരന്തര സാന്നിധ്യം പ്രദേശവാസികളിൽ ആശങ്ക പരത്തുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏകദേശം എട്ടരയോടെ ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന ഇക്ബാലിന്റെ വീട്ടുമുറ്റത്തെത്തി പ്ലാവിലെ ചക്ക മുഴുവനും തിന്നു.
തുടർന്ന് സമീപത്തെ ദുരൈസ്വാമിയുടെ കായ്ഫലമുള്ള രണ്ടു കവുങ്ങുകൾ ഒടിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു.
രാത്രി പതിനൊന്നരയോടെ ജേക്കബിന്റെ വീട്ടുമുറ്റത്തുള്ള പ്ലാവിൻചുവട്ടിലെത്തിയ ആന ഏറെനേരം അവിടെ തമ്പടിക്കുകയും ചിന്നംവിളിക്കുകയും ചെയ്തതോടെ പ്രദേശവാസികൾ ഭീതിയിലായി. പുലർച്ചെ മൂന്നരയോടെയാണ് ആന പ്രദേശം വിട്ടുപോയത്.
സംഭവവിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ആനയെ ഉടൻതന്നെ വനത്തിലേക്കു തിരിച്ചയക്കാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മണിക്കൂറുകളോളം ജനവാസ മേഖലയിൽ കാട്ടാന വിലസിയതിൽ കടുത്ത ആശങ്കയിലാണ് നാട്ടുകാർ. ഇതിനുമുമ്പേ തന്നെ ഈ പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെയാണ് കാട്ടാനയും ജനവാസമേഖലയിൽ പതിവായി എത്തിത്തുടങ്ങിയിട്ടുള്ളത്. രാത്രികാലങ്ങളിൽ വീടിനുപുറത്തേക്കിറങ്ങാനും തോട്ടങ്ങളിലേക്കു പോകാനും പോലും ആളുകൾ മടിക്കുന്ന സാഹചര്യമാണുള്ളത്.
കാട്ടുമൃഗങ്ങളുടെ ആവർത്തിച്ചുള്ള ആക്രമണത്തിൽ കാർഷികവിളകൾക്കും സ്വത്തിനും തുടർച്ചയായി നാശനഷ്ടങ്ങൾ സംഭവിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ വനംവകുപ്പിനോടാവശ്യപ്പെട്ടു.