ആനയൂട്ട്
തൃശൂർ: ഈറനണിഞ്ഞ കർക്കടകപ്പുലരിയിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ ആനയൂട്ട്. തെക്കെ ഗോപുരനടയ്ക്കുസമീപം അണിനിരന്ന അന്‍പത്തഞ്ച് ആനകളിൽ തിരുവന്പാടി ലക്ഷ്മിക്കുട്ടിക്കു മേൽശാന്തി പയ്യപ്പിള്ളി ദാമോദരൻ നന്പൂതിരി ആദ്യ ഉരുള നല്‍കിയതോടെയാണ് ആനയൂട്ടിനു തുടക്കമായത്. തുടർന്നുള്ള സമൃദ്ധമായ ഊട്ടിൽ ആനകൾക്കു മരുന്നുകൂട്ടുകൾ കലർത്തിയ ചോറുരുളകളും മറ്റുവിഭവങ്ങളും നല്കാൻ ആനപ്രേമികളും ഭക്തരും ഊറ്റംകൊണ്ടു.
മന്ത്രി ഒ.ജെ. ജനീഷ്, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ എന്നിവരും ആനകൾക്ക് ഉരുളകൾ നൽകി.
കർക്കടകത്തിലെ ഇരുട്ടുമൂടിയ ആകാശക്കുടക്കീഴിലെ ആടയാഭരണങ്ങളൊന്നുമില്ലാത്ത ആനച്ചന്തം ആനന്ദം പകരുന്നതായിരുന്നു. മഴയായിരുന്നതിനാൽ ആനയൂട്ടിനെത്തിയവർ പല നിറത്തിലുള്ള കുടകൾ നിവർത്തി ആനകൾക്കുമുന്നിൽ നിരന്നതും കൗതുകക്കാഴ്ചയായി.
ബാരിക്കേഡുകൾ കെട്ടി അതിനുള്ളിലാണ് ആനകളെ അണിനിരത്തിയിരുന്നത്. ക്ഷേത്രാങ്കണത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗോപുരവാതിലിനു സമീപം ഭക്തരെ കടത്തിവിടാൻ പ്രത്യേകം റാന്പ് നിർമിച്ചിരുന്നു.
പുതുപ്പള്ളി കേശവൻ, എറണാകുളം ശിവകുമാർ, പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു, പാറമേക്കാവ് കാശിനാഥൻ, കുട്ടംകുളങ്ങര അർജുനൻ, ബാസ്റ്റിൻ വിനയസുന്ദർ തുടങ്ങിയ കൊന്പന്മാർ ഊട്ടിനെത്തി. പിടിയാനകളും പങ്കെടുത്തു. ആപ്പിൾ, മുന്തിരി, കരിമ്പ്, റോബസ്റ്റ, ചെറുപഴം, തണ്ണിമത്തൻ, കക്കരിക്ക തുടങ്ങിയവയും ആനകൾക്കായി ഒരുക്കിയിരുന്നു. ആനയൂട്ടിനു മുന്നോടിയായി പുലർച്ചെ മഹാഗണപതിഹോമം നടന്നു.