തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ കസേരകളി കാരണം പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ മുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെട്ട സുപ്രധാന സമിതിയായ ഹൈ പവർ കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരുന്ന യോഗമാണ് ഉദ്യോഗസ്ഥ പോരിനെത്തുടർന്ന് നടക്കാതെ പോയത്.
ഇന്നലെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റി നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. വെള്ളിയാഴ്ച രാവിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ.റീനയ്ക്ക് ഡിഎച്ച്എസിന്റെ കസേരയിലിരിക്കാനായില്ല. ഡോ. മീനാക്ഷി മാറാത്തതിനാൽ റീനയ്ക്ക് ചാർജ് ഏറ്റെടുക്കാൻ കഴിഞ്ഞില്ല.
സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂവെന്ന നിലപാടിലാണ് ഡോ. മീനാക്ഷി. ഇതോടെ റീനയും ഓഫീസിൽ തുടർന്നു. ഇരുവരുടെയും തർക്കം മൂത്തതോടെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി.