ചേർത്തല: ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാർഥികളിലേക്ക് എത്തിച്ച് ചേര്‍ത്തല നൈപുണ്യ സ്കൂള്‍ മാനേജ്മെന്റില്‍ ഫിഫ നൈപുണ്യ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു. നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന 4x4 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വിദ്യാർഥികളുടെ ടീം വിജയികളായി. വിദ്യാർഥിനികൾക്കായുള്ള പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫിഫ ഫുട്ബോൾ ക്വിസ്, ലോകകപ്പ് പ്രമേയ നൃത്താവിഷ്കാരം, വേൾഡ് കപ്പ് ജഴ്സി റാംപ് വാക്ക് തുടങ്ങിയ മത്സരങ്ങളില്‍ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.