Movies
'റോജ' എന്ന സിനിമയിലൂടെ ഇന്ത്യയൊന്നാകെ ആഘോഷിച്ച താരമാണ് അരവിന്ദ് സ്വാമി. അഭ്രപാളിയിലെ ആ പ്രണയകാവ്യം ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസിലുണ്ട്. സൂപ്പർതാരമായി നിലകൊള്ളുന്പോഴും തന്റെ വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ, അടുത്തിടെ നൽകിയ അഭിമുഖത്തിൽ, അഭിഭാഷകയായ ഭാര്യ അപർണ മുഖർജിയുമായുള്ള ദാമ്പത്യത്തെക്കുറിച്ചും, സ്വഭാവത്തിൽ തികച്ചും വ്യത്യസ്തരായ തങ്ങൾ എങ്ങനെയാണു പരസ്പരം മനസിലാക്കി മുന്നോട്ടുപോകുന്നതെന്നും താരം തുറന്നുപറഞ്ഞു. 2012-ൽ ആയിരുന്നു അരവിന്ദ് സ്വാമിയും അപർണയും വിവാഹിതരായത്.
തങ്ങൾ രണ്ടുപേരും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്ന സ്വഭാവക്കാരാണെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. അപർണ സൗഹൃദത്തോടെ ഇടപെടുന്ന, എപ്പോഴും സന്തോഷവും ഊർജസ്വലതയും പുലർത്തുന്ന ഒരാളാണ്. എന്നാൽ താൻ തികച്ചും ശാന്തനായ, സുഹൃത്തുക്കളോടൊഴികെ മറ്റുള്ളവരോട് അധികം സംസാരിക്കാത്ത വ്യക്തിയാണെന്നും താരം പറഞ്ഞു. തനിക്കു പെഴ്സണൽ സ്പേസ് ആവശ്യമാണെന്ന് അപർണയ്ക്കു കൃത്യമായി അറിയാം. അതിനാൽ താത്പര്യമില്ലാത്ത പൊതുപരിപാടികളിലോ, പാർട്ടികളിലോ പങ്കെടുക്കാൻ അവർ എന്നെ നിർബന്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, ചില വിശേഷ അവസരങ്ങളിൽ തന്റെ സാന്നിധ്യം ആവശ്യമാണെന്ന് അപർണ പറയുമ്പോൾ പാലിക്കാറുണ്ട്. കുടുംബത്തിലെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും നമ്മൾ കൂടെയുണ്ടാവുക എന്നതു പരസ്പര ബഹുമാനത്തിന്റെ ഭാഗമാണ്. പങ്കാളികൾ തമ്മിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും തെറ്റുകൾ അംഗീകരിക്കാനും തയാറാകണമെന്നാണു തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു.
ജോലിത്തിരക്കുകളും മാനസികസമ്മർദവും മറ്റുള്ളവരിലേക്കു പകരാൻ അനുവദിക്കരുത്. ദാമ്പത്യജീവിതത്തിൽ ഇരുവർക്കും സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇരിക്കാൻ ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങൾ സഹായിക്കുമെന്നും അരവിന്ദ് സ്വാമി അഭിപ്രായപ്പെട്ടു.
Movies
പൃഥ്വിരാജ് നായകനായി വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ ആക്ഷൻ മാസ് ചിത്രം 'ഖലീഫ' ഒടിടിയിലേക്ക്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ച ചിത്രം ഒക്ടോബർ ഒമ്പതു മുതൽ പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, സ്റ്റാർസ് പ്ലേ, സിംപ്ലി സൗത്ത് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
ഖലീഫയുടെ പ്രധാന ആകർഷണം ക്ലൈമാക്സിനോട് അടുക്കുമ്പോൾ എത്തുന്ന മോഹൻലാലിന്റെ മാസ് കാമിയോ റോളാണ്. ആമിറിന്റെ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ സ്ക്രീനിൽ എത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. വരാനിരിക്കുന്ന രണ്ടാം ഭാഗമായ 'ഖലീഫ 2 - ദി ലെഗസി'യിൽ മോഹൻലാലാണു കേന്ദ്രകഥാപാത്രം. പൃഥ്വിരാജ്, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരും രണ്ടാം ഭാഗത്തിന്റെ ഭാഗമാകും.
രൺജി പണിക്കർ, ഷമ്മി തിലകൻ, മാളവിക ശർമ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ജോമോൻ ടി. ജോണിന്റെ കാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനു മികച്ച മാസ് അന്തരീക്ഷമാണു സമ്മാനിച്ചത്. തിയറ്ററുകളിൽനിന്നു നാൽപതു കോടിയിലേറെ കളക്ഷൻ നേടിയശേഷമാണു ചിത്രം ഒടിടിയിലെത്തുന്നത്.
Movies
തിയേറ്ററുകളിൽ വൻ വിജയം നേടിയതിനു പിന്നാലെ സൂരി പ്രധാന വേഷത്തിലെത്തിയ സ്പോർട്സ് ആക്ഷൻ ചിത്രം 'മണ്ടാടി' ഡിജിറ്റൽ സ്ട്രീമിംഗിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലൂടെയാണു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒക്ടോബർ എട്ടു മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
സെപ്റ്റംബർ പത്തിനു തിയറ്ററുകളിലെത്തിയ 'മണ്ടാടി' ആഗോളതലത്തിൽ 130 കോടിയിലധികം രൂപ കളക്ഷൻ നേടി ഈ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായി മാറി. കോമഡിയിൽനിന്ന് ആക്ഷൻ വേഷങ്ങളിലേക്കു ചുവടുവച്ച സൂരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണു 'മണ്ടാടി'. ബോട്ട് റേസിംഗിന്റെയും തീരദേശത്തിന്റെയും പശ്ചാത്തലത്തിലാണു സിനിമയുടെ കഥ പുരോഗമിക്കുന്നത്.
തെലുങ്ക് നടൻ സുഹാസ് വില്ലൻ വേഷത്തിലെത്തി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ മഹിമ നമ്പ്യാർ, സത്യരാജ്, മിഥുൻ ജയശങ്കർ, ബാല ശരവണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. തമിഴിനു പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ളിക്സിലൂടെ ചിത്രം ലഭ്യമാകും.
Movies
ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനാകുന്ന 'ദൃശ്യം 3' ബോക്സ് ഓഫീസിൽ വൻ തരംഗമാകുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽതന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ അഞ്ചു സിനിമകളുടെ പട്ടികയിൽ ചിത്രം ഇടംപിടിച്ചു.
മൂന്നാം ദിവസമായ ഞായറാഴ്ച മാത്രം ആഭ്യന്തരവിപണിയിൽനിന്ന് 61 കോടി രൂപയാണു ചിത്രം നേടിയത്. ഇതോടെ മുൻ ചിത്രം 'ദൃശ്യം 2'-ന്റെ ലൈഫ് ടൈം കളക്ഷൻ റെക്കോർഡുകളെയും മറികടക്കുന്ന പ്രകടനമാണു മൂന്നാം ഭാഗം കാഴ്ചവയ്ക്കുന്നത്.
ഓവർസീസ് മാർക്കറ്റുകളിലും ചിത്രത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഞായറാഴ്ച മാത്രം വിദേശത്തുനിന്ന് ഇരുപതു കോടിയോളം ചിത്രം നേടി. ഇതോടെ ആദ്യ വാരാന്ത്യത്തിൽ ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 272.80 കോടി രൂപ പിന്നിട്ടു.
2026-ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ, ആഗോള കളക്ഷൻ അടിസ്ഥാനത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോൾ 'ദൃശ്യം 3'. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു, ജയ്ദീപ് അഹ്ളാവത് എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ ചിത്രം 500 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
Movies
ഹോളിവുഡ് ഇതിഹാസ സംവിധായകൻ സ്പീൽബർഗിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘ഡിസ്ക്ലോഷർ ഡേ’ ഡിജിറ്റൽ സ്ട്രീമിംഗിനൊരുങ്ങുന്നു. പ്രൈം വീഡിയോയിൽ റെന്റ് അടിസ്ഥാനത്തിൽ ലഭ്യമായിരുന്ന ചിത്രം 12 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഇംഗ്ലീഷിനു പുറമെ ഹിന്ദിയിലും ചിത്രം കാണാം.
ഭൂമിയിലെ അന്യഗ്രഹജീവികളുടെ സാന്നിധ്യം മറച്ചുവയ്ക്കാനുള്ള സർക്കാരിന്റെ രഹസ്യനീക്കങ്ങൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന കാലാവസ്ഥാ റിപ്പോർട്ടറുടെയും സൈബർ സെക്യൂരിറ്റി വിദഗ്ധന്റെയും കഥയാണ് ചിത്രം പറയുന്നത്.
‘ജുറാസിക് പാർക്ക്’, ‘വാർ ഓഫ് ദി വേൾഡ്സ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം സ്പീൽബർഗും തിരക്കഥാകൃത്ത് ഡേവിഡ് കോപ്പും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. 2018-ലെ ‘റെഡി പ്ലെയർ വൺ’ എന്ന സിനിമയ്ക്ക് ശേഷം സ്പീൽബർഗ് സയൻസ് ഫിക്ഷൻ വിഭാഗത്തിലേക്കു തിരിച്ചെത്തിയ ചിത്രം ജൂൺ 12-നാണ് തിയേറ്ററുകളിലെത്തിയത്. 240 മില്യൺ ഡോളറിലേറെ ആഗോള കളക്ഷൻ ചിത്രം നേടിയിരുന്നു.
Movies
ധനുഷും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'ഓം' നവംബർ 20-ന് തിയറ്ററുകളിലെത്തും. ഒക്ടോബർ 16-ന് റിലീസ് ചെയ്യാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, 15-ന് തിയറ്ററുകളിലെത്തുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വുമായുള്ള ബോക്സ് ഓഫിസ് പോരാട്ടം ഒഴിവാക്കാനാണ് റിലീസ് നവംബറിലേക്കു മാറ്റിയത്.
'അമരൻ' എന്ന ഹിറ്റ് ചിത്രത്തിനുശേഷം രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ബർമ കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 2019-ൽ പുറത്തിറങ്ങിയ 'പേരൻപി'ന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
ധനുഷ്-മമ്മൂട്ടി എന്നിവർക്കൊപ്പം സായ് പല്ലവി, ശ്രീലീല, നസിറുദിൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ധനുഷിന്റെ വണ്ടർബാർ ഫിലിംസ്, ആർ-ടേക്ക് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണു നിർമാണം. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് ഈണം പകരുന്നത്.
Movies
അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 3: ദി കൺക്ലൂഷൻ' തിയറ്ററുകളിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രേക്ഷക പ്രതികരണങ്ങളും ചർച്ചകളും സജീവമാകുന്നു. സിനിമയുടെ സസ്പെൻസും മാസ് ക്ലൈമാക്സും മികച്ച അഭിപ്രായം നേടുമ്പോൾ, മോഹൻലാലിന്റെയും അജയ് ദേവ്ഗണിന്റെയും അഭിനയശൈലിയും കഥാപാത്രങ്ങളും താരതമ്യം ചെയ്തുള്ള വലിയ ചർച്ചകളാണ് എക്സിൽ ചൂടുപിടിക്കുന്നത്.
ഹിന്ദി പതിപ്പിൽ വിജയ് സാൽങ്കോക്കറായി അജയ് ദേവ്ഗൺ കാഴ്ചവച്ച ശാന്തവും എന്നാൽ തന്ത്രപരവുമായ അഭിനയമികവിനെ ഒരുവിഭാഗം പ്രേക്ഷകർ വാനോളം പുകഴ്ത്തുന്നുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ പ്രകടനത്തേക്കാൾ പവർഫുൾ ആണെന്ന് ഒരു വിഭാഗം പറയുന്പോൾ, മോഹൻലാലിന്റെ സ്വാഭാവിക അഭിനയശൈലിയാണു മികച്ചതെന്നു മറ്റൊരു വിഭാഗം വാദിക്കുന്നു. ജോർജുകുട്ടി എന്ന കഥാപാത്രം കടന്നുപോകുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ മോഹൻലാലിൽ ഭദ്രമായിരുന്നുവെന്നും പ്രേക്ഷകർ കുറിക്കുന്നു.
ഇതോടൊപ്പം രണ്ടാം ഭാഗത്തിൽ പൊലിസ് ഓഫിസറായി എത്തി തരംഗം സൃഷ്ടിച്ച അക്ഷയ് ഖന്നയ്ക്കു പകരം മൂന്നാം ഭാഗത്തിലെത്തിയ ജയ്ദീപ് അഹ്ളാവതിന്റെ കഥാപാത്രവും മികച്ച കൈയടിയാണു നേടുന്നത്. ഈ റോൾ നിരസിച്ചത് അക്ഷയ് ഖന്ന വരുത്തിയ വലിയ തെറ്റാണെന്നും ജയ്ദീപ് സ്ക്രീൻ പ്രസൻസ് കൊണ്ടു തന്റെ കഥാപാത്രത്തെ അതിഗംഭീരമാക്കിയെന്നും നെറ്റിസൺസ് കുറിക്കുന്നു.
തബു, ശ്രിയ ശരൺ, പ്രകാശ് രാജ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയതായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ക്ലൈമാക്സ് ആണ് മൂന്നാം ഭാഗത്തിന്റെ പ്രധാന ആകർഷണം. മുൻഭാഗങ്ങളേക്കാൾ ആകാംഷ നിറച്ചാണ് ഫൈനൽ ചാപ്റ്റർ ഒരുക്കിയിരിക്കുന്നതെന്നാണു പ്രേക്ഷക പ്രതികരണം.
Movies
കീർത്തി സുരേഷും മിസ്കിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോർട്ട്റൂം ഡ്രാമ 'സത്യവാൻ സാവിത്രി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ. നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നവാഗതനായ പ്രവീൺ എസ്. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 24-നായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. അഭിഭാഷകയായ നായിക തന്റെ സീനിയർ അഭിഭാഷകന്റെ തെറ്റായ നിലപാടുകൾക്കെതിരേ പോരാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു ചിത്രത്തിന്റെ പ്രമേയം.
സീ സ്റ്റുഡിയോസും ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ ചാരുകേഷ്, ബാലശരവണൻ, മധുസൂദനൻ, ശിൽപ മഞ്ജുനാഥ്, ആർ. സുന്ദർരാജൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സാം സി.എസ് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുൾ വിൻസെന്റും എഡിറ്റിംഗ് ജി.കെ. പ്രസന്നയുമാണു കൈകാര്യം ചെയ്യുന്നത്.
Movies
ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസി ചിത്രം 'ദൃശ്യം 3' റിലീസിനു മുന്നോടിയായി വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിക്കുന്നു. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ആദ്യദിനം 60 കോടി രൂപയിലേറെ നെറ്റ് കളക്ഷൻ നേടുമെന്നാണു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മികച്ച അഡ്വാൻസ് ബുക്കിംഗും ഗാന്ധി ജയന്തി അവധിയും ചിത്രത്തിനു വലിയ രീതിയിൽ തുണയാകുമെന്നാണു വിലയിരുത്തൽ.
റിലീസിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ മുൻകൂർ ടിക്കറ്റ് വിൽപ്പന പത്തു കോടി രൂപ കടന്നു. പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലകളായ പിവിആർ, സിനിപോളിസ് എന്നിവയിൽ അജയ് ദേവ്ഗണിന്റെ 'സിങ്കം എഗെയ്ൻ' സ്ഥാപിച്ച 2.27 ലക്ഷം ടിക്കറ്റുകളുടെ അഡ്വാൻസ് ബുക്കിംഗ് റിക്കോർഡ് 'ദൃശ്യം 3' മറികടക്കുമെന്നാണ് പ്രവചനങ്ങൾ. ആദ്യദിനം പിവിആർ ഐനോക്സിൽ മാത്രം 2.5 ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ആദ്യദിനം 45 മുതൽ 60 കോടി രൂപ വരെ നേടാൻ സാധ്യതയുള്ള ചിത്രം, വാരാന്ത്യത്തോടെ (ഓപ്പണിംഗ് വീക്കെൻഡ്) 140 മുതൽ 170 കോടി രൂപ വരെ കളക്ട് ചെയ്തേക്കാം. മികച്ച അഭിപ്രായം ലഭിക്കുകയാണെങ്കിൽ അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷനായിരിക്കും നേടുക.
മോഹൻലാൽ ചിത്രത്തിൽനിന്നു വ്യത്യസ്തമായാണ് ഇത്തവണ ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ തിരിച്ചെത്തുമ്പോൾ, ക്രൈംബ്രാഞ്ച് എസ്പിയുടെ വേഷത്തിൽ ജയ്ദീപ് അഹ്ളാവത് രംഗപ്രവേശം ചെയ്യുന്നതാണു പുതിയ ഭാഗത്തിന്റെ പ്രധാന ആകർഷണം. 'ദൃശ്യം 3' ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണു ബി ടൗണിന്റെ പ്രതീക്ഷ.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സിഗ്മ' പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 'യു/എ' സർട്ടിഫിക്കറ്റാണു ലഭിച്ചത്.
സന്ദീപ് കിഷൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ഹീസ്റ്റ് ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഫരിയ ആണ് നായികയായെത്തുന്നത്.
രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, ഷീല രാജ്കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ'യ്ക്കു സംഗീതം നൽകിയത് തമൻ എസ് ആണ്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
Movies
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെക്കുറിച്ചു തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് പ്രധാന വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണു ഫഹദുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ചു സൂര്യ മനസുതുറന്നത്.
"ഞങ്ങൾ ഒരുപാടു സമയം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. പുലർച്ചെ വരെ സംസാരിച്ചിരുന്നിട്ടുണ്ട്. തുടക്കത്തിൽ പ്രശസ്തിയും പദവിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ല. വീണു പരിക്കേറ്റു പതറിയ ശേഷമാണു സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്തി നിവർന്നുനിൽക്കാൻ ഞങ്ങൾക്കായത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഫഹദിനെപ്പോലെയാകാൻ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഥാപാത്രങ്ങളുടെ കാതൽ എന്താണെന്നും പ്രേക്ഷകർക്ക് എന്തുതരം പുതിയ അനുഭവം നൽകാൻ കഴിയുമെന്നുമാണു ഫഹദ് നോക്കുന്നത്. ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ സമീപിക്കുന്നതു കൊണ്ടാണ് അവന്റെ സിനിമകൾ ഇത്രയേറെ മികച്ചതാകുന്നത്...' - സൂര്യ പറഞ്ഞു.
ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്ടോബർ രണ്ടിന് തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ഫഹദുമൊത്തുള്ള അപൂർവ സൗഹൃദം സൂര്യ പങ്കുവച്ചത്.
Movies
ബി ടൗൺ ബാദ്ഷാ ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കിംഗ്' ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും. എക്സിൽ ആരാധകരുമായി നടത്തിയ ചാറ്റിംഗ് സെഷനിലാണ് സൂപ്പർതാരം ചിത്രത്തിന്റെ റിലീസ് തീയതി സ്ഥിരീകരിച്ചത്. ആഗോള റിലീസായി ക്രിസ്മസിനെത്തുന്ന ചിത്രം ആക്ഷനും വൈകാരികതയും നിറഞ്ഞ സിനിമാനുഭവമായിരിക്കുമെന്നു ഷാരൂഖ് ഉറപ്പുനൽകി.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുകോൺ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വൻ തരംഗമായി മാറിയിരുന്നു. കിംഗിന്റെ വരവിനായി വലിയ ആകാംക്ഷയോടെയാണ് ബോളിവുഡ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.
അതിനിടെ, അടുത്തിടെ പുറത്തിറങ്ങി വൻ വിജയം നേടിയ 'ധുരന്ധറി'നെ പ്രശംസിക്കാനും ഷാരൂഖ് മറന്നില്ല. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ആദിത്യ ധറിന്റെ സംവിധാനവും അണിയറപ്രവർത്തകരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നും എസ്ആർകെ പറഞ്ഞു.
Movies
ഇതിഹാസ ഗായികയും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുന്നു. 'എംഎസ് - എ ലെഗസി ഓൺ സ്ക്രീൻ' എന്നു പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രത്തിൽ സുബ്ബലക്ഷ്മിയുടെ വേഷമാണു രശ്മിക കൈകാര്യം ചെയ്യുന്നത്.
ഗൗതം തിന്നനുരിയാണ് ബയോപിക് സംവിധാനം ചെയ്യുന്നത്. സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ. നാളെ നടക്കുന്ന എം.എസ്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷിക വേളയിൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തമിഴകത്തിന്റെ സൂപ്പർതാരം കമൽഹാസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം വൻ സാങ്കേതിക തികവോടെയാണ് അണിയറയിൽ ഒരുങ്ങുന്നത്. എം.എസ്. സുബ്ബലക്ഷ്മിയുടെ വ്യക്തിജീവിതവും സംഗീത സപര്യയും സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
Movies
ബോക്സ് ഓഫീസിലെ സർപ്രൈസ് ഹിറ്റ് 'ഹനുമാൻ അൻഷ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വിരാട് കോഹ്ലി, അനുഷ്ക ശർമ തുടങ്ങിയവർ അതിഥിവേഷത്തിൽ എത്തുമോ എന്ന വാർത്തകളിൽ പ്രതികരിച്ച് നിർമാതാക്കൾ. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 160 കോടിയിലേറെ കളക്ഷൻ നേടി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
നീം കരോളി ബാബയുടെ ഭക്തരായ വിരാട് കോഹ്ലി, അനുഷ്ക ശർമ, ഹോളിവുഡ് താരം ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖർ രണ്ടാം ഭാഗത്തിൽ എത്തുമോ എന്ന ചോദ്യത്തിനാണു നിർമാതാക്കൾ വ്യക്തത വരുത്തിയത്. രണ്ടാം ഭാഗത്തിൽ സെലിബ്രിറ്റി കാമിയോ ഉണ്ടാകില്ല. ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ട്രിലോളജി ആണ് ലക്ഷ്യമിടുന്നത്. ആദ്യ ചിത്രം കൈഞ്ചി ധാമിലെ സംഭവവികാസങ്ങളാണു കാണിച്ചതെങ്കിൽ, രണ്ടാം ഭാഗം ബാബയുടെ ജനനസ്ഥലമായ ഫിറോസാബാദ്, ആഗ്ര, മഥുര തുടങ്ങിയ സ്ഥലങ്ങളിലെ അദ്ദേഹത്തിന്റെ ആത്മീയ യാത്രകളുമാകും.
അതേസമയം, സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖരെ സ്വാധീനിച്ച ബാബയുടെ ആത്മീയ സ്വാധീനത്തെക്കുറിച്ചുള്ള കഥകൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലായിരിക്കും ഉൾപ്പെടുത്തുകയെന്നും നിർമാതാവ് അറിയിച്ചു. വെറും രണ്ടു കോടി രൂപ ബജറ്റിൽ നിർമിച്ച് വൻ വിജയം നേടിയ 'ഹനുമാൻ അൻഷ്' ഓഗസ്റ്റ് ഏഴിനാണു തിയേറ്ററുകളിൽ എത്തിയത്.
Movies
ചലച്ചിത്രപ്രേമികൾക്കായി ഈ ആഴ്ച ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങളും ഷോയുമാണ് റിലീസിനായി ഒരുങ്ങുന്നത്. ബോക്സ്ഓഫീസ് കീഴടക്കിയ സിനിമകളും പുതിയ ഒടിടി റിലീസുകളും ഇതിൽ ഉൾപ്പെടുന്നു. കുഞ്ചാക്കോ ബോബന്റെ ഉന്മാദം, ആര്യയുടെ അനന്തൻകാട് എന്നീ ചിത്രങ്ങൾക്കൊപ്പം തമിഴ് ബോക്സ്ഓഫീസ് ഹിറ്റ് ഡിസിയും നിങ്ങളുടെ സ്വീകരണമുറികളിൽ എത്തും.
ഉന്മാദം
കിരൺ ദാസ് സംവിധാനം ചെയ്ത മലയാളം സൈക്കോളജിക്കൽ ത്രില്ലറാണ് ഉന്മാദം. കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ്, സിദ്ദിഖ്, കൃഷ്ണപ്രഭ, വിശാഖ് നായർ, സുധീഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമാ തിരക്കഥാകൃത്താകാൻ ആഗ്രഹിക്കുകയും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പോലീസിൽ ചേരേണ്ടിവരികയും ചെയ്ത ഷെല്ലി എന്ന ഉദ്യോഗസ്ഥന്റെ കഥയാണിത്. മലയോര സ്റ്റേഷനിലേക്കു സ്ഥലംമാറ്റം കിട്ടിയ ശേഷം പഴയൊരു പെൺകുട്ടിയുടെ തിരോധാന കേസ് അന്വേഷിക്കുന്നതും, തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സെപ്റ്റംബർ നാലു മുതൽ സോണിലിവിലൂടെ ചിത്രം കാണാം.
അനന്തൻ കാട്
ഈ ആഴ്ചത്തെ ഒടിടി റിലീസുകളുടെ പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു പ്രധാന ചിത്രമാണ് അനന്തൻ കാട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന പുതിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ആര്യ, മുരളി ഗോപി, ഇന്ദ്രൻസ്, നിഖില വിമൽ, അപ്പാനി ശരത് എന്നിവരാണ് പ്രമുഖ താരങ്ങൾ. സെപ്റ്റംബർ രണ്ടു മുതൽ മനോരമ മാക്സിൽ കാണാം.
ഡിസി
പ്രശസ്ത തമിഴ് സിനിമാ സംവിധായകൻ ലോകേഷ് കനകരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡിസി. സംവിധാന രംഗത്തുനിന്ന് അഭിനയത്തിലേക്ക് ലോകേഷ് കനകരാജ് എത്തുന്ന ചിത്രം എന്ന പ്രത്യേകത ഇതിനുണ്ട്. ഈ ആഴ്ച ഒടിടിയിലെത്തുന്ന തമിഴ് റിലീസുകളിൽ ഏറെ ശ്രദ്ധനേടുന്ന ചിത്രങ്ങളിൽ ഒന്നാണിത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ. ലോകേഷിനൊപ്പം വാമിഗ ഗബ്ബി, തലൈവാസൽ വിജയ്, സജ്ജന കൃഷ്ണമൂർത്തി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സൺനെക്സ്റ്റിൽ സെപ്റ്റംബർ നാലു മുതിൽ കാണാം.
ബിഗ് ബോസ് (സൗത്ത്)
സിനിമകൾക്കു പുറമെ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ ബിഗ് ബോസ് പുതിയ സീസണുകളുടെ തുടക്കവും ഈ ആഴ്ചയിലെ പ്രധാന ഒടിടി-ടെലിവിഷൻ കാഴ്ചകളിൽ ഒന്നാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ പതിപ്പുകളുടെ പ്രൊമോകളും പുതിയ വിശേഷങ്ങളും പ്രേക്ഷകർക്കായി ഒരുങ്ങിയിട്ടുണ്ട്. സെപ്റ്റംബർ ആറു മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം.
Movies
അഭിനയലോകത്തേക്ക് എത്തുന്നതിനു മുൻപ് ഐഎഫ്എസ് (ഇന്ത്യൻ ഫോറിൻ സർവീസ്) ഓഫീസറാകാൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ ചലച്ചിത്രലോകത്തെ ബിഗ് ബി അമിതാഭ് ബച്ചൻ. കോൻ ബനേഗ ക്രോർപതി 18-ന്റെ പുതിയ എപ്പിസോഡിൽ മത്സരാർഥിയായ പ്രഗതി കൽപേക്കറുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ഓർമകൾ പങ്കുവച്ചത്.
ഐഎഫ്എസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മത്സരാർഥി പറഞ്ഞപ്പോഴാണ് ബിഗ് ബി തന്റെ മനസിലും പണ്ട് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഐഎഫ്എസ് നല്ല മേഖലയാണെന്നും എന്നാൽ അന്നു തനിക്ക് അതിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കോളജ് കാലത്തെയും പരീക്ഷാത്തോൽവിയെയും കുറിച്ചുള്ള രസകരമായ അനുഭവവും ബച്ചൻ പങ്കുവച്ചു. ബിരുദം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പിതാവ് ഹരിവംശറായ് ബച്ചൻ എപ്പോഴും പറയുമായിരുന്നു. സയൻസ് വിഷയമെടുത്ത തനിക്ക് ആദ്യത്തെ ലക്ചറിൽ തന്നെ വിഷയം മാറാൻ തോന്നിയെന്നും സൂപ്പർതാരം കൂട്ടിച്ചേർത്തു.
Movies
ഒരു സൂപ്പർഹീറോയ്ക്കൊപ്പം നൃത്തം ചെയ്യാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി ഷംന കാസിം. നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'-ലെ 'അലാ ബോലെലോ' എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ചിത്രത്തിലെ ഗാനത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം നൽകിയതിന് സംവിധായകൻ നെൽസന് ഷംന നന്ദി അറിയിച്ചു. ചെറുപ്പം മുതലേ നൃത്തം തന്നെയാണ് തന്റെ ലോകമെന്നും ഡാൻസ് ടീച്ചർ ആകണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും താരം കുറിച്ചു. ഇന്ന് ദുബായിൽ ആ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരു സൂപ്പർ ഹീറോയ്ക്കൊപ്പം പെർഫോം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രജനികാന്ത് സാറിന്റെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷംന വ്യക്തമാക്കി.
അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ച 'അലാ ബോലെലോ' എന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ദശലക്ഷക്കണക്കിന് വ്യൂസ് നേടിയിട്ടുണ്ട്. കേരളത്തനിമയുള്ള കസവ് സാരി ധരിച്ചാണ് ഷംന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15-ന് തിയേറ്ററുകളിൽ എത്തും.
Movies
തമിഴകത്തിന്റെ പ്രിയ നായകനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശിന്റെ പുതിയ തമിഴ് ചിത്രം 'നിഞ്ച'യുടെ ചിത്രീകരണം ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ ഷൂട്ടിംഗിനു തുടക്കമായത്. നേരത്തെ നടൻ ഭരത് പ്രധാന വേഷത്തിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും, പിന്നീട് പ്രകാശ് നായകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. 'ഹാപ്പി രാജ്' എന്ന ചിത്രത്തിനുശേഷം പ്രാർഥന നാഥൻ വീണ്ടും ജി.വി. പ്രകാശിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുരുഗു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം സോൾജിയേഴ്സ് ഫാക്ടറിയുടെയും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻസിന്റെയും ബാനറിൽ കെ.എസ്. സിനിഷ്, എസ്. സായ് ദേവാനന്ദ് എന്നിവർ ചേർന്നു നിർവഹിക്കുന്നു. ജി.വി. പ്രകാശ് നായകനായി മാറിയതോടെ സംഗീത സംവിധായകന്റെ ചുമതല ഷാൻ റോൾഡന് കൈമാറി. ഒരു നായ പ്രധാന കഥാപാത്രമായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നൽകുന്ന സൂചന.
ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് ഗോപി ആനന്ദാണ് കലാസംവിധാനം ഒരുക്കുന്നത്. സെപ്റ്റംബർ നാലിനു റിലീസ് ചെയ്യുന്ന 'ഇമ്മോർട്ടൽ' ആണ് ജി.വി. പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതുകൂടാതെ വെക്കൈ, മെന്റൽ മനസിൽ, കാതലിക്ക യാരുമില്ലൈ തുടങ്ങിയ നിരവധി പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Movies
ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ട് നിർമിക്കുന്ന പുതിയ ചിത്രം ഡോണ്ട് ബി ഷൈയുടെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 25-ന് പ്രൈം വീഡിയോയിലൂടെ ആഗോളതലത്തിൽ സ്ട്രീമിംഗ് ആരംഭിക്കും. യേ ജവാനി ഹേ ദീവാനി, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ശ്രീതി മുഖർജിയാണ് റൊമാന്റിക് കോമഡി ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
ആലിയ ഭട്ടും സഹോദരി ഷഹീൻ ഭട്ടും ചേർന്നുള്ള എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗ്രീഷ്മ ഷാ, വികേഷ് ഭൂട്ടാനി എന്നിവർ സഹനിർമാതാക്കളാകും. ആരുഷി ബജാജ്, അൻഷ് ദുഗൽ, ബിയാങ്ക അറോറ, പിയൂഷ് ഖാതി എന്നീ പുതുമുഖങ്ങളാണു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കുനാൽ റോയ് കപുർ, അനുരാഗ് ബസു, നേഹ ധൂപിയ, അഞ്ചു അൽവ നായിക് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
യൗവനകാലത്തെ പ്രണയം, സൗഹൃദം, ഹൃദയവേദനകൾ, സ്വപ്നങ്ങൾ എന്നിവയെല്ലാം പ്രമേയമാക്കുന്ന ചിത്രമാണിത്. ഡാർലിംഗ്സ്, പോച്ചർ, ജിഗ്ര എന്നീ ചിത്രങ്ങൾക്കു ശേഷം എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ആലിയയും ഷഹീനും പ്രതികരിച്ചു. ഹിന്ദിയിലൊരുങ്ങുന്ന ചിത്രം ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ 240-ലധികം രാജ്യങ്ങളിൽ ലഭ്യമാകും.
Movies
പാൻ ഇന്ത്യൻ താരം യാഷ് വീണ്ടും ബോക്സ്ഓഫീസ് കീഴടക്കാനൊരുങ്ങുന്നു. കെജിഎഫ് സൃഷ്ടിച്ച ആഗോളതരംഗത്തിനുശേഷം റോക്കിംഗ് സ്റ്റാറിന്റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സിന്റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്. അഡ്വാൻസ് ബുക്കിംഗ് ഇതുവരെ 20 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ട്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം രാജ്യത്തുടനീളം റിക്കാർഡ് ടിക്കറ്റ് വിൽപ്പനയാണു രേഖപ്പെടുത്തുന്നത്.
ആദ്യദിന അഡ്വാൻസ് ബുക്കിങ്ങിൽ മാത്രം മൂന്നു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. യാഷിന്റെ സാന്നിധ്യം കൊണ്ട് കർണാടകയിലാണ് ബുക്കിംഗിൽ ഏറ്റവും വലിയ മുന്നേറ്റം. ഹിന്ദി പതിപ്പിലും പ്രതീക്ഷിച്ചതിലും വലിയ അഡ്വാൻസ് ബുക്കിംഗ് ആണു നടക്കുന്നത്. വടക്കേ അമേരിക്കൻ മാർക്കറ്റിലും ചിത്രത്തിനു മികച്ച വരവേൽപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമായി കാണുന്ന മാസ്-ക്ലാസ് കോമ്പോ ആയ യാഷ്-ഗീതു മോഹൻദാസ് കൂട്ടുകെട്ട് തിയറ്ററുകളിൽ വന്പൻ പൂരമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
അതേസമയം, ചിത്രത്തിന്റെ മലയാളം പതിപ്പിനും മികച്ച ബുക്കിംഗ് രേഖപ്പെടുത്തുന്നുണ്ട്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നുണ്ട്. ഗോവ പശ്ചാത്തലമായുള്ള പീരിയഡ് ഗ്യാംഗ്സ്റ്റർ ആദ്യ ദിനംതന്നെ 100 കോടി പിന്നിടുമെന്നാണ് വിലയിരുത്തൽ.
Movies
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് "ഹായ്'. വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.
വർഷങ്ങൾക്കു മുൻപ് ധനുഷിനൊപ്പം അഭിനയിച്ച ഹിറ്റ് ചിത്രം 'യാരടി നീ മോഹിനി'യുമായി പുതിയ ചിത്രത്തെ താരതമ്യം ചെയ്തിരിക്കുകയാണ് നയൻതാര. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്. വളരെ മനോഹരമായ ഒരു പ്രണയകഥയാണ് ഹായ് എന്ന് നയൻതാര പറഞ്ഞു. യാരടി നീ മോഹിനി പോലൊരു സിനിമ കണ്ടിട്ട് കുറെ നാളുകളായി. അതിന്റെ കുറച്ചുകൂടി മോഡേണായ, ചെറിയൊരു പതിപ്പാണ് സിനിമയെന്ന് പറയാം. യാരടി നീ മോഹിനിയിൽ വലിയൊരു കുടുംബവും നിരവധിയാളുകളും ഉണ്ടായിരുന്നു. ഇതിലും നല്ലൊരു കുടുംബ പശ്ചാത്തലമുണ്ട്, എന്നാൽ കൂടുതൽ കോംപാക്റ്റായ ഒരു ബജറ്റ് ഫ്രണ്ട്ലി കുടുംബമാണെന്ന് നയൻതാര പറഞ്ഞു.
ഓഗസ്റ്റ് 28-ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. പ്രണയത്തിലും വിവാഹാലോചനകളിലും തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന യുവാവിലൂടെയാണു ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നയൻതാരയ്ക്കും കവിനും പുറമെ ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Movies
ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ തിയറ്ററുകൾക്കു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വൻനിരതന്നെ എത്തുന്നു. തമിഴ്, ഹിന്ദി ഭാഷകളിലെ വൈവിധ്യമാർന്ന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ജനനായകൻ
തമിഴകത്തിന്റെ മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ജനനായകൻ. വിജയ്യുടെ കരിയറിലെ അവസാന ചിത്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ5 (ZEE5) വഴിയാണ് സ്ട്രീം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജൂലൈ 23-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു.
വെൽക്കം ടു ദി ജംഗിൾ
അക്ഷയ് കുമാർ, സുനിൽ ഷെട്ടി, അർഷാദ് വാർസി, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് കോമഡി-ആക്ഷൻ ചിത്രമാണ് വെൽക്കം ടു ദി ജംഗിൾ. അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില വ്യക്തികൾ ഒരു കാടിന്റെ ശാന്തത തകർക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജിയോഹോട്ട്സ്റ്റാറിലൂടെ (JioHotstar) ചിത്രം കാണാം.
പ്യാർ പ്രേമ കല്യാണം
ഇളൻ, സാൻവി മേഘ്ന എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രമാണ് പ്യാർ പ്രേമ കല്യാണം. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസം തുടങ്ങുന്ന നവദമ്പതികൾ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളും സാംസ്കാരിക വൈരുധ്യങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
ഡാർക്ക്
രഹസ്യങ്ങളും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നിറഞ്ഞ തമിഴ് സൈക്കോളജിക്കൽ ഹൊറർ ത്രില്ലറായ ഡാർക്ക് ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയത്. ചില സത്യങ്ങൾ അപ്രതീക്ഷിതമായി പുറത്തുവരുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങളെയും ഭയത്തെയുമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്.
ചെന്നൈ ലൗ സ്റ്റോറി
ശ്രീ ഗൗരി പ്രിയ റെഡ്ഡി, കിരൺ അബ്ബവരം, ആദിത് അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ ചിത്രമാണ് ചെന്നൈ ലൗ സ്റ്റോറി. ആദ്യ പ്രണയത്തിന്റെ തകർച്ചയും, അത് എങ്ങനെ കൂടുതൽ അർഥവത്തായ മറ്റൊരു ബന്ധത്തിലേക്ക് വഴിതുറക്കുന്നുവെന്നും ചിത്രം സംസാരിക്കുന്നു. സോണിലിവിലൂടെ (SonyLIV) ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.
ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ
ജാക്കി ഷ്രോഫ്, പ്രതീക ബബ്ബർ, ഭാഗ്യശ്രീ എന്നിവർ അഭിനയിച്ച ഫാന്റസി കോമഡി ചിത്രമാണ് ദി ഗ്രേറ്റ് ഗ്രാൻഡ് സൂപ്പർഹീറോ. അന്യഗ്രഹജീവികളുടെ ആക്രമണത്തിൽനിന്നു ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കഴിവുകളുള്ള ആളാണ് തന്റെ മുത്തശൻ എന്നു വിശ്വസിക്കുന്ന ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രം സീ5-ൽ ലഭ്യമാണ്.
Movies
ബസ് കണ്ടക്ടറായ ശിവാജി റാവുവിൽനിന്നു ലോകമറിയുന്ന സൂപ്പർതാരമായി മാറിയ രജനികാന്തിന്റെ ജീവിതകഥ എല്ലാവർക്കും അറിയാം. കഠിനാദ്ധ്വാനത്തിലൂടെ ഓരോ പടവുകളും വെട്ടിപ്പിടിച്ച് തന്റെ താരസിംഹാസനം ഉറപ്പിച്ച തലൈവർ പുതുതലമുറയ്ക്കും മഹാമാതൃകയാണ്. എന്നാൽ, ബസ് ഡ്രൈവറുടെ മകനായി ജനിച്ച് ഇന്ത്യൻ സിനിമാവ്യവസായത്തിൽ സൂപ്പർ സ്റ്റാർ ആയി ഉദിച്ചുയർന്ന യാഷിന്റെ കഥ അവിശ്വസനീയമാണ്. വെറും 300 രൂപയുമായി വീട്ടിൽ നിന്നിറങ്ങിത്തിരിച്ച, പതിനാറുകാരൻ പയ്യൻ വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ സിനിമ ഭരിക്കുന്ന സൂപ്പർസ്റ്റാറായി മാറുന്നത് സിനിമയേക്കാൾ വലിയ കഥയാണ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഹൃദയം കവർന്ന റോക്കി ഭായ് അഥവാ യാഷിന്റെ ജീവിതകഥ സംഭവബഹുലമാണ്.
സിനിമ എന്ന മോഹം നെഞ്ചിലേറ്റി ബംഗളൂരുവിലേക്കു വണ്ടി കയറിയ യാഷ് തുടക്കകാലത്ത് നാടക സമിതികളിൽ ബാക്ക്സ്റ്റേജ് ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ദിവസക്കൂലിയായി 50 രൂപ മാത്രം ലഭിച്ചിരുന്ന ആ നാളുകളിൽ നടന്മാർക്കും അണിയറപ്രവർത്തകർക്കും ചായ എത്തിച്ചുകൊടുക്കുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. തുടർന്ന് സഹസംവിധായകനായി ജോലി ചെയ്യുകയും പിന്നീട്, ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്കു ചുവടുവയ്ക്കുകയുമായിരുന്നു.
തുടർച്ചയായ പ്രയത്നത്തിലൂടെ കന്നഡ സിനിമയിലെ മുൻനിര നായകനായി ഉയർന്ന യാഷിന്റെ കരിയർ മാറ്റിമറിച്ചത് കെജിഎഫ് എന്ന പാൻ-ഇന്ത്യൻ ചിത്രമാണ്. ബോക്സ് ഓഫീസിൽ ആയിരം കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടിയ ചിത്രം യാഷിനെ തെന്നിന്ത്യൻ അതിർത്തികൾ കടന്ന് ഇന്ത്യയിലെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാളാക്കി മാറ്റി.
ഇപ്പോൾ തന്റെ കരിയറിലെ ബ്രഹ്മാണ്ഡ പ്രോജക്റ്റിലേക്കു കടന്നിരിക്കുകയാണ് യാഷ്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന വമ്പൻ ദൃശ്യവിരുന്നിൽ രാവണനായി വേഷമിടുന്നത് യാഷ് ആണ്. അഭിനയത്തിനു പുറമെ ചിത്രത്തിന്റെ നിർമാണ പങ്കാളികൂടിയാണ് യാഷ്. നമിത് മൽഹോത്രയ്ക്കൊപ്പം ഏകദേശം 4,000 കോടി രൂപ ചെലവുവരുന്ന ചിത്രത്തിൽ യാഷിന്റെ നിർമാണസംരംഭമായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സഹകരിക്കുന്നു.
നിശ്ചയദാർഢ്യം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത യാഷിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ്.
Movies
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 173-ാമത് ചിത്ര (തലൈവർ 173) ത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ ആരംഭിച്ചതായി നിർമാതാക്കൾ അറിയിച്ചു. ചിത്രീകരണത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പ്രത്യേക വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രജനികാന്ത് ഡോക്ടറുടെ വേഷത്തിലാണു ചിത്രത്തിലെത്തുന്നത്. ദി ഡെഡ്ലി ഡോക്ടർ- എന്നാണ് ചിത്രത്തിൽ സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. പുതിയ വീഡിയോയിൽ രജനികാന്തിന്റെ സ്റ്റൈലിഷ് രംഗങ്ങളും സംവിധായകൻ അശ്വത് മാരിമുത്തു അദ്ദേഹത്തെ മാസ് ലുക്കിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും കാണാം. കമലഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണു ചിത്രം നിർമിക്കുന്നത്.
വർഷങ്ങൾക്കു ശേഷം സിമ്രാൻ രജനികാന്തിന്റെ നായികയായി തിരിച്ചെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 2019-ൽ പുറത്തിറങ്ങിയ പേട്ടയ്ക്കു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൂടാതെ രാശി ഖന്നയും പ്രധാന കഥാപാത്രമാകുന്നു. മിസ്കിൻ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നു സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അശ്വത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ജൂൺ 25-ന് ആണ് ചിത്രീകരണം ആരംഭിച്ചത്. നേരത്തെ സുന്ദർ സി സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റിൽ പിന്നീട് സിബി ചക്രവർത്തിയുടെ പേരും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ അശ്വത് മാരിമുത്തു പ്രോജക്റ്റിന്റെ അമരത്തേക്ക് എത്തുകയായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് സാഹസിക ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നു.
Movies
വ്യത്യസ്ത ചിത്രങ്ങളുമായി ഇന്ത്യൻ ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. പോലീസ് കമ്പനി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബി ടൗൺ താരം ഹർഷവർധൻ റാണെ നായകനാകും.
It Is More Dangerous Than D Company- എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ടി-സീരീസ് ആണ് ചിത്രത്തിന്റെ നിർമാണം.
മുംബൈ അധോലോക ചരിത്രത്തിലെ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുണ്ടായ ചേരിതിരിവും തുടർന്നുണ്ടായ ഗ്യാംഗ് പോരുകളും നിയന്ത്രിക്കാനായി രൂപീകരിച്ച പ്രത്യേക പോലീസ് സ്ക്വാഡിന്റെ കഥയാണു ചിത്രം പറയുന്നത്. 1997-2004 കാലഘട്ടത്തിൽ മുന്നൂറിലേറെ ഗൂണ്ടകളെയാണ് ഏറ്റുമുട്ടലുകളിലൂടെ വകവരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് സിനിമ പുരോഗമിക്കുന്നത്.
മുംബൈയിലെ പ്രശസ്ത എൻകൗണ്ടർ സ്പെഷലിസ്റ്റ് ഓഫീസറായ ദയാ നായിക്കിന്റെ ജീവിതത്തിൽനിന്നുള്ള യഥാർഥ സംഭവങ്ങളാണു ചിത്രത്തിൽ. നായിക്കിന്റെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായാണ് റാണെ വെള്ളിത്തിരയിലെത്തുന്നത്.
2002-ൽ ആർജിവി സംവിധാനം ചെയ്ത കമ്പനി, 2004-ലെ അബ് തക് ഛപ്പൻ എന്നീ ചിത്രങ്ങളും ഇതേ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മുൻപ് അധോലോകത്തിന്റെ കാഴ്ചപ്പാടിൽ കഥ പറഞ്ഞ ആർജിവി, ഇത്തവണ പോലീസിന്റെ ഭാഗത്തുനിന്നുള്ള കഥയാണ്, പോലീസ് കമ്പനി എന്ന പേരിൽ വെള്ളിത്തിരയിലെത്തിക്കുന്നത്.
Movies
ബി ടൗണിലെ താരജോഡികളാണ് കജോളും അജയ് ദേവ്ഗണും. കോടിക്കണക്കിന് ആരാധകരാണ് താരദന്പതികൾക്കുള്ളത്. ഇപ്പോൾ 52-ാം ജന്മദിനത്തിൽ കജോളിന്റെ ജന്മദിനത്തിൽ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർ ആഘോഷമാക്കുകയാണ്.
ഇരുവരും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു- വർഷങ്ങളായി എന്റെ തമാശകൾ ആസ്വദിച്ചു കേൾക്കാൻ ഒരേയൊരു പ്രേക്ഷക മാത്രമേ ഉണ്ടായിരുന്നുള്ളൂ, കജോളിന് പിറന്നാൾ ആശംസകൾ... എന്നായിരുന്നു അജയ് ദേവഗണിന്റെ പോസ്റ്റ്. തങ്ങൾക്കിടയിലെ സൗഹൃദവും പങ്കാളിത്തവും വ്യക്തമാക്കുന്ന ആശംസാ കുറിപ്പ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി പ്രമുഖരും ആരാധകരും കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
1999-ലായിരുന്നു അജയ് ദേവ്ഗണിന്റെയും കജോളിന്റെയും വിവാഹം. ഹൽചൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. മൂന്നു പതിറ്റാണ്ടോളമായി ബോളിവുഡിലെ മാതൃകാ ദമ്പതികളായി ഇരുവരും തുടരുന്നു.
1992-ൽ ബേഖുദി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ച കജോൾ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ബാസിഗർ, കുച്ച് കുച്ച് ഹോതാ ഹേ, ഫനാ തുടങ്ങിയ എവർഗ്രീൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു.
Movies
തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആദ്യഭാഗത്തിൽ നായികയായെത്തിയ റായ് ലക്ഷ്മി വീണ്ടും രാഘവ ലോറൻസിനൊപ്പം ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നടനുമായ രാഘവ ലോറൻസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി തന്നെയാണു ചർച്ചകൾക്കു തുടക്കമിട്ടത്-
വളരെക്കാലത്തിനുശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടി. ഉടൻ തന്നെ ഞങ്ങൾ ഒരുമിച്ചെത്തും... എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 2011-ൽ തിയേറ്ററുകളെ ഇളക്കിമറിച്ച കാഞ്ചനയുടെ വൻ വിജയത്തിനുശേഷം വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുള്ള ചിത്രം കണ്ടതോടെ, ഇത് കാഞ്ചന 4-ലേക്കുള്ള സൂചനയാണെന്നാണ് പ്രേക്ഷകരുടെ ഉറച്ച നിഗമനം.
കാഞ്ചന 4- പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അണിയറപ്രവർത്തകരെയും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റായ് ലക്ഷ്മി ചിത്രത്തിന്റെ ഭാഗമാകുമോ എന്നതിൽ അണിയറപ്രവർത്തകരുടെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും, ഹൊറർ കോമഡികളുടെ രാജാവായ രാഘവ ലോറൻസും റായ് ലക്ഷ്മിയും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ ആവേശമായിട്ടുണ്ട്.
Movies
കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.
പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:
കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.
രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.
നയൻതാര-വിഗ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
Movies
അഭ്രപാളികളിൽ അവിശ്വസനീയ കഥാപാത്രങ്ങളായി പകർന്നാടുന്ന ഉലകനായകൻ കമൽ ഹാസന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എസ്.യു. അരുൺ കുമാറെന്നു സൂചന. കോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ മണിരത്നം ചിത്രം തഗ് ലൈഫിനുശേഷം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തമിഴകത്തിന്റെ വിസ്മയതാരം വീണ്ടും സിനിമയിൽ പൂർണശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ്.
കമൽഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെയാണ് ഈ പ്രോജക്റ്റും നിർമിക്കുക എന്നാണ് സൂചനകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കെഎച്ച് 237 എന്ന ചിത്രമായിരുന്നു കമൽ ഹാസന്റേതായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിജിഐ കാരണം പ്രോജക്റ്റ് വൈകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണു പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് കമൽഹാസൻ. ഇതിനുശേഷമായിരിക്കും അരുൺ കുമാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഇതിനുപുറമേ, നാലു പതിറ്റാണ്ടുകൾക്കുശേഷം തലൈവർ രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന നെൽസൺ ചിത്രം, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ധർമൻ എന്നീ പ്രോജക്റ്റിന്റെ നിർമാണപങ്കാളി കൂടിയാണ് ഉലകനായകൻ.
Movies
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഹോളിവുഡിന്റെ ആക്ഷൻ വിസ്മയം, സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ സ്പൈഡർമാൻ വീണ്ടുമെത്തുന്നു! സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ റിലീസിനൊരുങ്ങുവെ, ഇന്ത്യയിലെ അഡ്വാൻസ് ബുക്കിംഗ് നിരക്കുകളാണ് ഇപ്പോൾ വാർത്തയായത്. ചൂടപ്പം പോലെ വിറ്റഴിയുന്ന ടിക്കറ്റുകളുടെ ചാർജ് കേട്ടാൽ ആരും തലയിൽ കൈവച്ചുപോകും!
സിനിമയുടെ ആവേശം ഒരുവശത്ത് കൊടുങ്കാറ്റാകുമ്പോൾ, മറുപുറത്ത് സിനിമാപ്രേമികളെ ഞെട്ടിക്കുന്നത് ടിക്കറ്റ് നിരക്കുകളാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ അമ്പരപ്പിക്കുന്ന തുകയാണ് പ്രീമിയം ഷോകൾക്കായി ഈടാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചില ആഡംബര തിയറ്ററുകളിൽ (ലക്ഷ്വറി ഐമാക്സ്, ഡയറക്ടേഴ്സ് കട്ട്) ഒരു ടിക്കറ്റിന്റെ വില 2,690 രൂപ വരെയാണ്! ടാക്സും മറ്റ് ചാർജുകളും ചേരുമ്പോൾ പിന്നെയും കൂടും. ഡൽഹി, ബംഗളൂരു നഗരങ്ങളിലും സമാനമായ തരംഗമാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും വലിയ വരവേൽപ്പാണു സ്പൈഡർമാനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടാൻ ചിത്രത്തിനു സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സാധാരണ സ്ക്രീനുകളേക്കാൾ IMAX 3D, 4DX ഫോർമാറ്റുകളിലുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ ഏറെയും. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും വൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.