ചങ്ങനാശേരി: വാണിജ്യ സിലിണ്ടറുകളുടെ വിലവര്‍ധനവിനും വിതരണ നിയന്ത്രണത്തിനുമെതിരേ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ച് ഇന്നു സമരം നടത്തും. ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാണിജ്യ പാചകവാതക സിലിണ്ടര്‍ ഉപയോഗിച്ച് പാചകം നടത്തുന്ന ഹോട്ടലുകള്‍ക്കൊപ്പം മറ്റിതര സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കാളികളാകും.
നേരത്തെ 1500 രൂപയായിരുന്ന വാണിജ്യസിലിണ്ടര്വില യുദ്ധസാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 1550 വരെ വർധിച്ച് ഇപ്പോൾ സിലിണ്ടറിന് 3050 രൂപയായാണ് വില. ആഴ്ചയില്‍ പത്ത് സിലിണ്ടറുകള്‍ ലഭിച്ചിരുന്ന ഹോട്ടലുകള്‍ക്ക് അഞ്ചായി വെട്ടിക്കുറച്ചു. സിലിണ്ടര്‍ വിലവര്‍ധനയും നിയന്ത്രണവും ഹോട്ടല്‍, റസ്റ്ററന്റ് മേഖലകളുടെ പ്രവര്‍ത്തനത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. മത്സ്യത്തിനും മാംസത്തിനും പച്ചക്കറികള്‍ക്കും വലിയ വിലവര്ധനയുണ്ടായതായും മത്സ്യത്തിന് ക്ഷാമം നേരിട്ടതായും ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്കു പോയതും ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വേനല്‍ കടുത്തതിനാല്‍ വൈദ്യുതി ഉപഭോഗം കൂടിയതും ആവശ്യത്തിനു ശുദ്ധജലം ലഭിക്കാത്തതും ചെലവുകള്‍ വര്‍ധിക്കാനിടയാക്കിയതായി ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
വാണിജ്യസിലിണ്ടറുകലുടെ വിലക്കയറ്റവും മത്സ്യത്തിന്റെയും പച്ചക്കറികളുടെയും വിലവര്‍ധനയും പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഓള് കേരള കേറ്റേഴ്സ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി എട്ടിന് രാവിലെ പത്തിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനുമമ്പില് ധര്‍ണ നടത്തും.
നാളെ വൈകുന്നേരം ആറിന് ചങ്ങനാശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.