നെടുങ്കണ്ടം: പാചകവാതക ഏജന്‍സികള്‍ ഗ്യാസ് സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിൽക്കുന്നതായി ആരോപിച്ച് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തി. ഗാര്‍ഹിക ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്ത ശേഷവും പല ദിവസങ്ങള്‍ കഴിഞ്ഞാണ് സിലിണ്ടര്‍ നൽകുന്നത്. ഗ്യാസ് ഏജന്‍സികളില്‍ സ്റ്റോക്കുണ്ടെങ്കിലും ദിവസവുമുള്ള വിതരണം പരിമിതപ്പെടുത്തുന്നതുമൂലം മണിക്കൂറുകളോളം ക്യൂനിന്നാല്‍ പോലും ഗ്യാസ് ലഭിക്കാത്ത സ്ഥിതിയാണ്. ഗ്യാസ് ഏജന്‍സികളുടെ നേതൃത്വത്തില്‍ വ്യാപകമായി സിലിണ്ടറുകള്‍ ഇടനിലക്കാര്‍ക്ക് വിറ്റഴിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവര്‍ സിലിണ്ടറിന് 2,000 രൂപ മുതല്‍ 2,500 രൂപ വരെ കൂടുതൽ ഈടാക്കുകയാണ്.
ഗ്യാസ് പൂഴ്ത്തിവയ്പും കരിഞ്ചന്തയും സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ചിട്ടും സംഭവത്തില്‍ നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മിന്നല്‍ സമരം നടത്തിയത്. സമരം കേരള മഹിളാസംഘം എന്‍എഫ്ഐഡബ്ല്യു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. ആലീസ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ശ്രീദേവി എസ്. ലാല്‍, ലേഖ ത്യാഗരാജന്, മഞ്ജു സുരേഷ്, സിന്ധു പ്രകാശ്, രഞ്ജിനി അജീഷ് മുതുകുന്നേല്‍, ഷീന അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് സിപിഐ നേതാക്കളായ സുരേഷ് പള്ളിയാടിയില്‍, അജീഷ് മുതുകുന്നേല്‍, വിന്‍സന്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരാതി എഴുതി രേഖാമൂലം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
Tags : Gas Nattuvishesham District News