കൊട്ടിയൂർ: കൊട്ടിയൂർ ചപ്പമലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പേന്താനത്ത് മാത്യുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കമുക് ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു. വയോധികരായ മാത്യുവും ഭാര്യയും തനിച്ചാണ് താമസിച്ചു വരുന്നത്. ഇവരുടെ വീടിനു സമീപം വരെ കാട്ടാനയുൾപ്പടെയുള്ള വന്യമൃഗങ്ങൾ എത്തുന്നത് പതിവാണ്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി ഫാം ഗാർഡ് സംവിധാനം സ്ഥാപിച്ചിരുന്നെങ്കിലും ഇതില്ലാത്ത ഭാഗത്തു കൂടിയാണ് കാട്ടാന കടന്നുവരുന്നത്.
ച
പ്പമല മേഖലയിലെ വന്യജീവി ശല്യം ദിനംപ്രതി രൂക്ഷമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. ആനത്താര പദ്ധതി പ്രകാരം ഈ പ്രദേശത്തെ നിരവധി ഭൂമികൾ വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി നടപടികൾ ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കുറച്ചു കുടുംബങ്ങൾ സ്വന്തം സ്ഥലം വനം വകുപ്പിന് വിട്ടുനൽകി മറ്റ് പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു. എന്നാൽ പദ്ധതി പൂർണമായി നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ ബാക്കിയുള്ള കുടുംബങ്ങൾ ഇപ്പോഴും ഇവിടെ ദുരിതജീവിതം നയിക്കുകയാണ്. ആനത്താര പദ്ധതി വൈകുന്നതിനാൽ വനം വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞ ഭൂമികൾ പലതും ഇപ്പോഴും ഏറ്റെടുത്തിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ജനവാസ മേഖലയും വനമേഖലയും തമ്മിലുള്ള അതിർത്തി വ്യക്തതയില്ലാത്ത അവസ്ഥ തുടരുകയാണ്. ഇതാണ് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് നിരന്തരം ഇറങ്ങിവരാൻ കാരണമാകുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.