മേലൂർ: കുട്ടികളിൽ വായനാശീലം വളർത്തുകയും വായനയെ കുടുംബസംസ്കാരമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൂലാനി നവമാറ്റൊലി കുട്ടിലൈബ്രറി "അമ്പത് വീടുകളിൽ കുട്ടിലൈബ്രറി" പദ്ധതി ആരംഭിച്ചു.
വീടുകളിൽതന്നെ ലൈബ്രറി സൗകര്യമൊരുക്കുന്നതിലൂടെ കുട്ടികളോടൊപ്പം കുടുംബാംഗങ്ങളെയും വായനയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 50 വീടുകളിലേക്ക് 30 പുസ്തകങ്ങൾ വീതം സൗജന്യമായി വിതരണം ചെയ്യും. തുടർന്നുള്ള വർഷങ്ങളിൽ വായനാദിനത്തോടനുബന്ധിച്ച് കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കും. വ്യക്തികൾ, പെൻഷൻകാരുടെ കൂട്ടായ്മകൾ, സന്നദ്ധസംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോ ടെയാണു പദ്ധതി മുന്നോട്ടുകൊണ്ടുപോകുക.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി വിശിഷ്ടാതിഥിയായി.
Tags : Children's Library Nattuvishesham District News