ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജിയെക്കുറിച്ച് ഇന്ന് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും ചിലർ ഭീതി വിതയ്ക്കാനും സ്വന്തം ലക്ഷ്യങ്ങൾ നേടാനും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയപരമായി അവരെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് നമ്മുടെ കടമകൾ നിറവേറ്റണമെന്നും മോദി പറഞ്ഞു.
ഭീതി പരത്തുന്നതിലൂടെ രാജ്യത്തിന് വലിയ നാശനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നത്. യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധിയിൽ നിന്ന് ഒരു രാജ്യവും മുക്തമായിട്ടില്ല. പ്രതിസന്ധി ഏതെങ്കിലും തരത്തിൽ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളേയും ബാധിക്കുന്നുണ്ട്.
ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. വിവിധ തലങ്ങളിൽ ഞങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി താൻ ഇത് ചർച്ച ചെയ്തിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങളെ മറികടക്കുന്നതിനായി തുടർച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Tags : gas people narendra modi cooking gas