District News
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്തെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇരിട്ടി റോഡിലുള്ള ഹോട്ടൽ ആരോഗ്യ വിഭാഗം അടച്ചുപൂട്ടി. ശ്രീകണ്ഠപുരം കോട്ടൂരിൽ പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിലാണ് ശ്രീകണ്ഠപുരം നഗരസഭാ ആരോഗ്യവിഭാഗം റെയ്ഡ് നടത്തിയ റെയിഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.
ഇരിക്കൂർ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ എത്തി ആഹാര പദാർഥങ്ങൾ പഴകിയതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി കൊണ്ടുപോയി. പരിശോധന പൂർത്തിയാക്കും വരെ ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവിഭാഗം നിർദേശം നൽകി. വയനാട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാർക്കാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ശ്രദ്ധയിൽപ്പെട്ട ഉടൻ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.
മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം. ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്കി.