ചേർത്തല: വീട്ടിലുണ്ടായ വഴക്കിനിടെ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു. ശരീരത്തിൽ പരിക്കുകൾ കണ്ടതിനെത്തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയിൽ വെളിയിൽ ജയരാജൻ (വൈസ്രോയി കുട്ടൻ-58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. വീട്ടിൽ കുഴഞ്ഞു വീണ നിലയിലായിരുന്ന ജയരാജനെ കുടുംബ വീട്ടിൽനിന്നും മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
ശരീരത്തിൽ പല ഭാഗത്തും മുറിവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വഴക്കുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാകൂവെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യ ശ്രീകലയ്ക്കും ഇരട്ടമക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർക്കുമൊപ്പമായിരുന്നു താമസം.