ഇടുക്കി: ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. ഇടുക്കിയിലെ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ മീൻമുട്ടിക്കുടി സ്വദേശിനി പൂമണി(55)യെ ഗുരുതരാവസ്ഥയിൽ മഞ്ചലിൽ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.
കടുത്ത വയറിളക്കത്തെത്തുടർന്ന് അവശയായ ഇവർക്ക് വൈദ്യസഹായം അടിയന്തരമായി ആവശ്യമായതോടെ വളയംപാറയിൽ നിന്നും സൊസൈറ്റിക്കുടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള ദൂരം താണ്ടാൻ നാട്ടുകാർക്ക് മഞ്ചൽ കെട്ടേണ്ടി വന്നു.
മഴയിൽ തകർന്നടിഞ്ഞ റോഡും ഞാവൽപാലം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാകാത്തതും പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കിയിരിക്കുന്നത്. വാഹനങ്ങൾക്കൊന്നും കടന്നുചെല്ലാൻ കഴിയാത്തവിധം തകർന്നു കിടക്കുന്ന പാതകൾ കാരണം രോഗികളെ ചുമന്നുകൊണ്ടുപോകുകയല്ലാതെ മറ്റൊരു മാർഗവും ഇവർക്കില്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം കൂടല്ലാർകുടി സ്വദേശിയായ 75 വയസുകാരൻ മലയപ്പനെയും സമാനമായ രീതിയിലാണ് ആശുപത്രിയിലെത്തിച്ചത്.