ഇലക്ഷന് സാമഗ്രികളുമായി ഉദ്യോഗസ്ഥരും അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ നിറതോക്കുകളുമായി വനപാലകരും പോലീസും ഇന്ന് ഉച്ചയോടെ വനംതാണ്ടി ഇടമലക്കുടിയിലെത്തും. വന്യമൃഗങ്ങള്‍ ആക്രമിക്കാനെത്തിയാല്‍ ആ നിമിഷം വെടിവയ്ക്കാനുള്ള ഉത്തരവു മാത്രമല്ല ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും വരണാധികാരി ഉറപ്പാക്കിയിട്ടുണ്ട്.
ദേവികുളം അസംബ്ലി മണ്ഡലത്തില്‍പ്പെട്ട, സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ 14 വാര്‍ഡുകളിലുള്ള 1805 വോട്ടര്‍മാരുടെ സമ്മതിദാനാവകാശ വിനിയോഗം നിസാര നടപടിയല്ല. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, 45 വയസില്‍ താഴെയുള്ള ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി ഇടമലക്കുടിയിലേക്ക് നിയോഗിക്കുകയാണ്.
മൂന്നാര്‍ പെട്ടിമുടിയില്‍നിന്ന് 18 കിലോമീറ്റര്‍ ഇരവികുളം ദേശീയപാര്‍ക്കിലൂടെ കൊടുംവനവും ചോലകളും താണ്ടണം മുതുവാന്മാര് മാത്രം അധിവസിക്കുന്ന വനാന്തര പഞ്ചായത്തിത്തിലെത്താന്. നിയമസഭാ ഇലക്ഷനില്‍ സൊസൈറ്റിക്കുടി, പരപ്പയാര്‍കുടി, മുളകുതറകുടി എന്നിവിടങ്ങളിലായി മൂന്നു ബൂത്തുകളുണ്ട്.
സൊസൈറ്റിക്കുടിയില്‍ മാത്രമേ വൈദ്യുതിയുള്ളൂ. മറ്റു ബൂത്തുകളില്‍ സോളാറിനെ ആശ്രയിക്കണം. സൊസൈറ്റിക്കുടി വരെ ജീപ്പ് ഒരു വിധം കടന്നുവരും. പരപ്പയാര്കുടിയിലേക്ക് വോട്ടിംഗ് സാമഗ്രികള്‍ ഒരു മണിക്കൂര്‍ തലയില്‍ ചുമക്കണം. ഇലക്ഷന് ഉദ്യോഗസ്ഥര്‍ക്കു പുറമേ വനപാലകരും പോലീസും മുതുവാന്‍ വോളണ്ടിയര്‍മാരും ഉള്‍പ്പെടെ ഇരുപതുപേര്‍ വീതം ബൂത്തില്‍ സുരക്ഷയൊരുക്കും. ഡ്രോണ്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമായി വന്യമൃഗങ്ങളുടെ സാന്നിധ്യം സദാ നിരീക്ഷിക്കും.
ഇന്നലെയും കാട്ടാനക്കൂട്ടം കുടികളില്‍ എത്തിയ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും പോളിംഗ്. ചില ഊരുകളില്‍ വനപാതയിലൂടെ ഇരുപതു കിലോമീറ്ററിലധികം നടന്നുവേണം വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍. ദേവികുളത്തുനിന്നു ഇന്ന് രാവിലെ എട്ടിന് ആദ്യംതന്നെ ഇലക്ഷന് സാമഗ്രികള്‍ ഏറ്റുവാങ്ങി സൊസൈറ്റിക്കുടിക്കുള്ള ജീപ്പ് പുറപ്പെടും. ട്രൈബല്‍ സ്കൂളും അങ്കണവാടിയുമാണ് ബൂത്തുകള്‍. ഇവിടത്തെ പരിമിതമായ സൗകര്യങ്ങളില്‍ തൃപ്തരായി വോട്ടെടുപ്പിനുശേഷം ഉദ്യോഗസ്ഥര്‍ നാളെ രാത്രിയോടെ മൂന്നാറിലേക്ക് മടങ്ങും.
രാത്രി വഴിയില്‍ വന്യമൃഗസാന്നിധ്യമുണ്ടായാല് മടക്കം വൈകാം. ട്രൈബല്‍ വകുപ്പും വനംവകുപ്പുമാണ് ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം തയാറാക്കുന്നത്. മുതുവാന്മാര് മാത്രം അധിവസിക്കുന്ന ഇവിടെ പുറംവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതിയില്ല. മുതുവാന്മാര് ഒരേ കുലത്തില്പ്പെട്ടവരെങ്കിലും ഓരോ ഊരിനും വ്യക്തിക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫില്‍നിന്നും എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. എല്‍ഡിഎഫ് ഒന്‍പത്, ബിജെപി മൂന്ന്, കോണ്‍ഗ്രസ് രണ്ട് എന്നതാണ് നിലവിലെ തദ്ദേശ കക്ഷിനില.
സാക്ഷരതാ നിരക്കില്‍ ഏറെ പിന്നിലുള്ള ഇടമലക്കുടിയില്‍ മുന്‍പ് പ്രസിഡന്റ് സ്ഥാനം വഹിച്ച രണ്ടു വനിതകള്‍ നിരക്ഷരരായിരുന്നു. ഒപ്പിനു പകരം വിരല്‍ പതിച്ചാണ് ഇവര്‍ ചുമതലകള്‍ വഹിച്ചത്.
മുതുവാന്‍ ഗോത്രഭാഷയും തമിഴും മലയാളവുമാണ് ഭാഷകള്‍. പോസ്റ്ററുകളും പ്രചാരണവും മലയാളത്തിലും തമിഴിലുമുണ്ട്. ജീപ്പ് റോഡ് നിര്‍മിക്കുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ 18 കിലോമീറ്റര്‍ നടന്നാണ് സൊസൈറ്റിക്കുടി ബൂത്തില്‍ എത്തിയിരുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010 നവംബര്‍ ഒന്നിനാണ് സ്വതന്ത്ര പഞ്ചായത്തായി പ്രഖ്യാപിച്ചത്.
26 സെറ്റില്‍മെന്റുകളിലുള്ള 856 വീടുകളിലായി 2236 പേരാണ് ഇവിടെയുള്ളത്. ഇലക്ഷന് ഡ്യൂട്ടിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കുന്ന കേരളത്തിലെ ഏക ഇടമാണ് ഇടമലക്കുടി.
Tags : Idamalakudi Guns provide security