District News
പുന്നയൂർക്കുളം: കത്തിയുമായി യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുനിൽക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയപോലീസുകാർക്കുനേരേ ആക്രമണം; എഎസ്ഐയ്ക്ക് ഗുരുതര പരിക്ക്. വടക്കേക്കാട് സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാറിനാണ് പരിക്കേറ്റത്. മൂക്കിനു ഗുരുതര പരിക്കേറ്റ എ എസ്ഐയെ കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുന്നത്തൂർ ദേവാസുര ബാർ അങ്കണത്തിൽ മൂന്നുപേർ കത്തി വീശി ബഹളം വയ്ക്കുന്ന വിവരമറിഞ്ഞാണ് പോലീസ് എത്തിയത്. വടക്കേക്കാട് സ്റ്റേഷൻ അതിർത്തിയിലെ പ്രശ്നക്കാരായ പ്രണവ്, രാഹുൽ എന്നിവരും കൂടെയുണ്ടായിരുന്ന ബജീഷുമാണ് കത്തിയുമായി ഭീകരാന്തരീക്ഷം തീർത്തത്.
പോലീസെത്തി ഇവരെകീഴ്പ്പെടുത്തുന്നതിനിടെ പ്രണവ് തന്റെ കൈയിലുണ്ടാ യിരുന്ന കത്തിയുടെപിടികൊണ്ട് അനിൽകുമാറിന്റെ മൂക്കിലിടിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ചുവെങ്കിലും മൂന്നുപേരേയും കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: ആവണിയുടെ നട്ടെല്ലിനുള്ള ശസ്ത്രക്രിയ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായി. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9.35ന് ആരംഭിച്ച ശസ്ത്രക്രിയ പന്ത്രണ്ടോടെയാണ് അവസാനിച്ചത്.
ഇടുപ്പെല്ല് കൂടാതെ നട്ടെല്ലിന്റെ പ്രധാന ഭാഗമായ എല്‍4 ഭാഗത്താണ് ആവണിക്കു ഗുരുതര പരിക്കേറ്റത്. ഞരമ്പിനേറ്റ തകരാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുവെന്നു ഡോ. സുദീഷ് കരുണാകരന് അറിയിച്ചു.
ന്യൂറോ സര്‍ജറി, എമര്‍ജന്‍സി, അനസ്തേഷ്യ, കാര്‍ഡിയോ തൊറാസിക് എന്നീ വിഭാഗങ്ങളടങ്ങിയ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. സര്‍ജറിക്കു ശേഷം ആവണി ന്യൂറോ സയന്‍സസ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.
ചികിത്സ സൗജന്യം
അതേസമയം, എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്മാന് ഡോ. ഷംഷീര്‍ വയലിലിൽ.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്ഷോര് എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.
ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു.
വിപിഎസ് ലേക്ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്മെന്റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന് അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്ഷോര് ആശുപത്രിക്കും ചെയര്മാന് ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.
അപകടം വിവാഹദിവസം
വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്റെ ആഗ്രഹപ്രകാരം മുന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ത്തന്നെ വിവാഹം നടന്നത്.
Kerala
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
Kerala
കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്.
കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞിരുന്നു.