National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിലാണ് നിയന്ത്രണരേഖ വഴി പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇതേ തുടർന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതേ തുടർന്നായിരുന്നു സൈന്യം വെടിയുതിർത്തത്.
നേരത്തെ കാഷ്മീരിലേക്ക് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഭീകരനായി മേഖലയിൽ തെരച്ചിൽ തുടരുന്നു.
District News
കണമല: പൊട്ടിപ്പോയ മൊബൈൽ ഫോണിനു പകരം പുതിയ ഫോൺ വാങ്ങാൻ തുലാപ്പള്ളിയിൽ വീട്ടിൽനിന്ന് കാറുമായി എരുമേലിക്ക് പോയ ജോസഫൈനെ (സിൽബി-24) തേടി പോലീസിന്റെ അന്വേഷണം ജമ്മു കാഷ്മീരിൽ.
കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയാണ് ജോസഫൈൻ, പിതാവ് തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ കെഎൽ-34-എ 4768 നമ്പറിലുള്ള ആൾട്ടോ കാറിൽ തനിയെ വീട്ടിൽനിന്നു പുറപ്പെട്ടത്. രാത്രി വൈകിയും മകൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് മുൻ വാർഡ് മെംബർ സിബി മുഖേനെ പിതാവ് വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിറ്റേന്നും മകന്റെ വിവരം ലഭ്യമായില്ലെന്ന് പിതാവ് അറിയിച്ചതോടെ പമ്പ പോലീസ് യുവാവിന്റെ തിരോധാനം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫൈൻ സഞ്ചരിച്ച ആൾട്ടോ കാർ കാണാതായ ദിവസം 23നു രാവിലെ 10.10ന് തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് കടന്നുപോയതായി സിസിടിവി കാമറാദൃശ്യത്തിൽ കണ്ടെത്തി. ഇതേ കാർ 10.14ന് കണമല ജംഗ്ഷനിൽനിന്ന് ഇടകടത്തി റോഡിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യവും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നുള്ള സഞ്ചാരം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടന്ന പോലീസിന്റെ അന്വേഷണത്തിൽ ജോസഫൈൻ കാർ എവിടെയോ ഉപേക്ഷിച്ച ശേഷം ഡിണ്ടിഗൽ എത്തി സിം കാർഡും മൊബൈൽ ഫോണും വാങ്ങിയതായി സൂചന ലഭിച്ചു.
ഈ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണം തുടർന്നതോടെ ഡൽഹിയിൽനിന്ന് പഞ്ചാബ് വഴി ജമ്മു കാഷ്മീരിൽ ഫോണിന്റെ ലൊക്കേഷൻ എത്തിയതായി വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇതോടെ വിമാനമാർഗം ഡൽഹിയിൽ എത്തിയ പോലീസ് ഇപ്പോൾ ജമ്മു കാഷ്മീരിൽ അന്വേഷണം തുടരുകയാണെന്നാണ് അറിഞ്ഞതെന്ന് ജോസഫൈന്റെ പിതാവ് ബിനോയി പറഞ്ഞു.
ബിബിഎ ബിരുദധാരിയാണ് ജോസഫൈൻ. 25 കിലോമീറ്ററിൽ കൂടുതൽ കാർ ഡ്രൈവ് ചെയ്താൽ കാലിന് കടുത്ത വേദന ഉണ്ടാകുന്ന മകൻ ഇത്രയും ദൂരം പോകാൻ സാധ്യതയില്ലെന്നും കാർ എവിടെയെങ്കിലും ഉപേക്ഷിച്ചെങ്കിൽ അതു കണ്ടെത്താൻ കഴിയാത്തതും ഉൾപ്പെടെ അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ബിനോയ് പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകി മകനെ കണ്ടെത്താൻ സർക്കാർ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്നും ബിനോയി ആവശ്യപ്പെട്ടു.
Sports
ഹുബ്ബള്ളി (കർണാടക): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കാഷ്മീർ. എട്ടുതവണ ചാന്പ്യന്മാരായ കർണാടകയെ അട്ടിമറിച്ച് ജമ്മു കാഷ്മീർ രഞ്ജി ട്രോഫി കന്നി കിരീടം സ്വന്തമാക്കി. ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ച് ഒന്നാം ഇന്നിംഗ്സ് ലീഡ് ബലത്തിലാണ് ജമ്മു കിരീടം ചൂടിയത്. മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ കർണാടക ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കലിന് ജമ്മു കാഷ്മീർ നായകൻ പരസ് ദോഗ്ര കൈകൊടുത്തപ്പോൾ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു.
67 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജമ്മു കാഷമീരിന് കന്നി രഞ്ജി ട്രോഫി കിരീടം. സ്കോർ: ജമ്മു കാഷ്മീർ- ഒന്നാം ഇന്നിംഗ്സ് 584 ഓൾഒൗട്ട്, രണ്ടാം ഇന്നിംഗ്സ് 324/4, കർണാടക ഒന്നാം ഇന്നിംഗ്സ് 293 ഓൾഒൗട്ട്.
ആദ്യ ഇന്നിംഗ്്സിൽ 584 റണ്സുയർത്തിയ ജമ്മു, കർണാടകയെ 293 റണ്സിന് എറിഞ്ഞിട്ടു. ജമ്മുവിന് 291 റണ്സ് ലീഡ് സ്വന്തം. രണ്ടാം ഇന്നിംഗ്സിൽ 342/4 എന്ന നിലയിൽ ജമ്മു ഡിക്ലയർ ചെയ്തു.
4ന് 186 റണ്സ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ്് പുനരാരംഭിച്ച ജമ്മു കാഷമീർ കർണാടകയെ ഞെട്ടിച്ചു. സെഞ്ചുറി നേടിയ ഓപ്പണർ ഖമ്രാൻ ഇഖ്ബാൽ (160*), സഹിൽ ലോത്ര (101*) എന്നിവർ കർണാടക ബൗളർമാർക്ക് പിടികൊടുത്തില്ല. അഞ്ചാം വിക്കറ്റിൽ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ദിനം ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കർണാടക ബൗളർമാർ വലഞ്ഞതോടെ ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ മത്സരം സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴേക്കും ജമ്മുവിന്റെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റണ്സിൽ എത്തിയിരുന്നു.
1959-60 സീസണിലായിരുന്നു രഞ്ജി ട്രോഫിയിൽ ജമ്മു കാഷ്മീരിന്റെ അരങ്ങേറ്റം. 23 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടൂർണമെന്റിലെ ആദ്യ ജയം ജമ്മു നേടിയത്. 1982-83 സീസണിൽ സർവീസസിനെ തോൽപ്പിച്ചു. അതിനു ശേഷവും ആഭ്യന്തര ക്രിക്കറ്റിൽ കാര്യമായ ചലനമുണ്ടാക്കാൻ ജമ്മുവിന് സാധിച്ചില്ല.
2014ൽ അന്ന് ആഭ്യന്തര ക്രിക്കറ്റിലെ ശക്തരായിരുന്ന മുംബൈയെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ചതോടെ ജമ്മുവിനെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചുതുടങ്ങി. വൈകാതെ വിവിധ ആഭ്യന്തര ടൂർണമെന്റുകളിലെ നോക്കൗട്ട് റൗണ്ടുകളിൽ ജമ്മു സാന്നിധ്യം അറിയിച്ചു. എങ്കിലും ഒരു ടൂർണമെന്റിൽ പോലും ജേതാക്കളാകാനോ ഫൈനലിൽ കടക്കാനോ അവർക്കു സാധിച്ചില്ല. 67 വർഷം നീണ്ട ആ കാത്തിരിപ്പാണ് ഈ സീസണിൽ അവസാനിച്ചത്.
ശക്തരുടെ ഗ്രൂപ്പിൽ
മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങി കരുത്തരായ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലായിരുന്നു ജമ്മു കാഷ്മിർ ടൂർണമെന്റിനിറങ്ങിയത്. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് ജയമടക്കം 24 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ പ്രവേശിച്ചു.
ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെ 56 റണ്സിന് തോൽപ്പിച്ച് ജമ്മു സെമി ഉറപ്പിച്ചു. പിന്നാലെ ബംഗാളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ഫൈനലിൽ കടന്നു. ആദ്യ ഫൈനലിൽ കരുത്തരായ കർണാടകയെ സമനിലയിൽ തളച്ച് ഒന്നാം ഇന്നിംഗ്സ് ലീഡിൽ കിരീടം ഉയർത്തി.
ഒമർ അബ്ദുള്ള സാക്ഷി
ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും കാഷ്മീർ കിരീട നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഫൈനൽ കാണാൻ യാത്രതിരിക്കും മുന്പ് ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരം ഇത്രയും ശ്രദ്ധയോടെ ഞാൻ നീരീക്ഷിച്ചിട്ടില്ല എന്ന് അദ്ദേഹം സോഷ്യൽ മീഡയയിൽ കുറിച്ചിരുന്നു.
ഇതൊരു പുതിയ തുടക്കമാണ്. കാഷ്മീരിലെ യുവതാരങ്ങൾക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്ന് ബിസിസിഐ പ്രസിഡന്റ മിഥുൻ മൻഹാസ് പറഞ്ഞു.
അഞ്ച് കോടി സമ്മാനം
രഞ്ജി ട്രോഫി ചാന്പ്യന്മാരായ ജമ്മു കാഷ്മീരിന് അഞ്ച് കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. റണ്ണേഴ്സ് അപ്പായ കർണാടകയ്ക്ക് മൂന്ന് കോടി രൂപയും ലഭിക്കും.
Sports
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക ടീമുകൾ സെമി ഫൈനലിൽ കന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഉത്തരാഖണ്ഡ് ജാർഖണ്ഡിനെയും കർണാടക മുംബൈയെയും ജമ്മു കാഷ്മീർ മധ്യപ്രദേശിനെയും തോൽപ്പിച്ചു.
ജർഖണ്ഡിനെ ഇന്നിംഗ്സിനും ആറ് റൺസിനും തോൽപ്പിച്ചാണ് ഉത്തരാഖണ്ഡ് സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ഉത്തരാഖണ്ഡ് സ്പിന്നർ മായങ്ക് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്. ഉത്തരാഖണ്ഡിന്റെ കന്നി സെമിഫൈനൽ പ്രവേശനമാണിത്.
ത്രില്ലർ പോരാട്ടത്തിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപ്പിച്ചാണ് ജമ്മു കാഷ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിപ്രവേശനം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും ഉൾപ്പടെ 12 വിക്കറ്റുകൾ പിഴുത ജമ്മു കാഷ്മീർ പേസർ ആഖ്വബ് നബിയാണ് ജയമൊരുക്കിയത്. നബിയാണ് മാൻ ഓഫ് ദ മാച്ച്.
കരുത്തരായ മുംബൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക സെമിപ്രവേശനം നേടിയത്. 325 റൺസ് പിന്തുടർന്ന കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ കെ.എൽ.രാഹുൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് (130) കർണാടകയ്ക്ക് കരുത്തായത്. രവിചന്ദ്രൻ സമറാൻ പുറത്താകാതെ 83 റൺസ് നേടി. വിദ്യാർഥർ പാട്ടീൽ 31 റൺസുമായി പുറത്താകാതെ നിന്നും. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ആന്ധ്രപ്രദേശ്-പഞ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം ദിനം പൂർത്തിയായപ്പോൾ മത്സരത്തിൽ വിജയികളായിട്ടില്ലെങ്കിലും ബംഗാൾ സെമിയിൽ കടക്കുമെന്ന് ഉറപ്പാണ്.
ആദ്യ ഇന്നിംഗ്സിൽ 334 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ബംഗാൾ മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കൈവശമുള്ള ആന്ധ്രയ്ക്ക് അവാസന ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 270 റൺസ് കൂടി വേണം.
National
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റും ജനജീവിതം ദുഃസഹമാക്കുന്നു. ജമ്മു കാഷ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും മലകളും തുടർച്ചയായ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
ഡൽഹിയിലും ഉത്തരേന്ത്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ഇന്നലെ ആറു ഡിഗ്രി സെൽഷസ് വരെ താഴ്ന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇന്നും നാളെയും കുറഞ്ഞ താപനില പൂജ്യം മുതൽ അഞ്ച് ഡിഗ്രി സെൽഷസ് വരെ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശൈത്യക്കാറ്റ് തണുപ്പിന്റെ തീവ്രത വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച പെയ്ത മഴയും മലന്പ്രദേശങ്ങളിലെ മഞ്ഞുവീഴ്ചയും മൂലം താപനില വീണ്ടും താഴ്ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശീതക്കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. പകൽസമയങ്ങളിലും വെയിൽ കുറവാകും.
ഉത്തരാഖണ്ഡിലെ ഗർവാൾ, കുമയോണ് ഡിവിഷനുകളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, നൈനിറ്റാൾ, മണാലി, മസൂറി, ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി, ഔലി, ചക്രത, ധനോൾട്ടി, മുൻസിയാരി തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയും ശീതക്കാറ്റും സാധാരണജീവിതം താറുമാറാക്കി. ഉയർന്ന പ്രദേശങ്ങൾ കട്ടിയുള്ള വെളുത്ത പുതപ്പിൽ മൂടപ്പെട്ടു.
മണാലിയിലെ മഞ്ഞിൽ നിരവധി വാഹനങ്ങളും വിനോദസഞ്ചാരികളും തെന്നി താഴേക്കുപോയെങ്കിലും വലിയ അപകടം ഒഴിവായി. നൈനിറ്റാൾ നഗരത്തിൽ മഴയ്ക്കൊപ്പം ആലിപ്പഴം വർഷവുമുണ്ടായി. നൈനിറ്റാളിലെ ചൈന പീക്ക്, കിൽബറി, അൽമോറയിലെ ദുനഗിരി, പൗരിയിലെ തർക്കേശ്വർ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുമൂടി. വെള്ളിയാഴ്ചയാണു പലയിടങ്ങളിലും സീസണിലെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായത്.
National
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്.
അഞ്ച് മിനുട്ടോളം അതിർത്തി പ്രദേശത്ത് ഡ്രോൺ ഉണ്ടായിരുന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് സുരക്ഷാസേന അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്കെത്തുന്നത്. സുരക്ഷ സേന വെടിയുതിർക്കുന്നതോടെ പാക് ഡ്രോണുകൾ പിന്തിരിയുന്നതാണ് പതിവ്. ഇത്തരം പാക് നീക്കങ്ങൾക്ക് സൈന്യം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനറൽ ഉപേന്ദ്ര ദ്വിവേദി വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കാഷ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാക്കിസ്ഥാൻ ഡ്രോണുകൾ. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അതിർത്തിയിൽ പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത്.
സാംബ, പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.
സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ രജൗരി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാക്കിസ്ഥാൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തെരച്ചിലും നടക്കുന്നുണ്ട്.
Kerala
ന്യൂഡൽഹി: ഭീകരവാദ ഗ്രൂപ്പുകൾക്കും ഭീകരവാദ ഫണ്ടിംഗിനുമെതിരേയുള്ള മിഷൻ മോഡ് ദൗത്യം തുടരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിനെ ഭീകര വിമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാഷ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കൈവരിച്ച നേട്ടങ്ങൾ നിലനിൽക്കാനും എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഷാ നിർദേശം നൽകി.
ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ കുമാർ ദേക്ക, ജമ്മു കാഷ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്ര പോലീസ് സേനകളുടെ മേധാവികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കേന്ദ്രഭരണപ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സുരക്ഷാ ഏജൻസികൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും ഭീകരവാദ ഫണ്ടിംഗിനെയും ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ മിഷൻ മോഡിൽ തുടരണമെന്നും അമിത് ഷാ നിർദേശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കാഷ്മീരിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും ഭീകരവാദം തുടച്ചുനീക്കാനും സർക്കാരിനു പൂർണ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖ(എൽഒസി)യ്ക്ക് സമീപത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് സുരക്ഷാസേന. ഹന്ദ്വാരയിലെ നീരിയൻ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ നടത്തിയത്. രണ്ട് എം-സീരീസ് (എം4) അസോൾട്ട് റൈഫിളുകളും നാല് മാഗസിനുകളും രണ്ട് ചൈനീസ് പിസ്റ്റളുകളും മൂന്ന് മാഗസിനുകളും രണ്ട് ഹാൻഡ് ഗ്രനേഡുകളും ഒന്നിലധികം ലൈവ് റൗണ്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
National
ശ്രീനഗര്: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയില് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുയറ്റശ്രമത്തിനിടെയാണ് സൈന്യം ഇവര്ക്കുനേരെ വെടിയുതിര്ച്ചത്.
പാക് ഭീകരരെയാണ് വധിച്ചതെന്നാണ് വിവരം. പൂഞ്ചിലെ ദേവ്ഗാര് സെക്ടറിലടക്കം സുരക്ഷാസേന തെരച്ചില് തുടരുകയാണ്.
പഹല്ഗാം ഭീകരാക്രമത്തിന്റെ സൂത്രധാരനടക്കമുള്ള മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നീ മൂന്ന് പേരെയാണ് തിങ്കളാഴ്ച വധിച്ചത്. ഇവരില്നിന്ന് പഹല്ഗാമില് ഉപയോഗിച്ച ആയുധങ്ങള് പിടിച്ചെടുത്തതായും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അറിയിച്ചിരുന്നു.