National
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തന്നെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ ജസ്റ്റീസ് സ്വർണ കാന്ത ശർമയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നേരിട്ട് കോടതിയിൽ ഹാജരായി.
നാടകീയ നീക്കങ്ങൾക്കൊടുവിൽ കേജരിവാളിന്റെ അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, മറുപടി നൽകാൻ സിബെിഎക്ക് സമയം അനുവദിച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തന്റെ അപേക്ഷയിൽ താൻതന്നെ നേരിട്ട് വാദം ഉന്നയിക്കുമെന്ന് കേജരിവാൾ കോടതിയെ അറിയിച്ചു.
National
കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.
കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.
Kerala
ചിറ്റാരിക്കാൽ: ആഗോളതലത്തിലുള്ള കരാട്ടെ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക കരാട്ടെ ഫെഡറേഷ ജഡ്ജ് ആയി ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി ഷാജു മാധവൻ തെരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷം ഇന്ത്യയിൽനിന്നും ഇതിനുള്ള യോഗ്യത നേടിയത് ഷാജു ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്.
ലോക കരാട്ടെ ഫെഡറേഷനു കീഴിൽ ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന റഫറി പരീക്ഷയിൽനിന്നാണ് ഷാജു യോഗ്യത നേടിയത്.
കഴിഞ്ഞ ഏഴു വർഷമായി ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജ് ആയ ഷാജു നിലവിൽ സെയ്ടൊകാൻ ഇന്റർനാഷണൽ ഏഷ്യ ഫെഡറേഷന്റെ കോച്ചും കേരള കരാട്ടെ അസോസിയേഷന്റെ ടൂർണമെന്റ് കമ്മീഷൻ ചെയർമാനുമാണ്.
National
ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ജഡ്ജി വർഗീയ ധ്രുവീകരണത്തിന് അവസരം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ 107 എംപിമാർ ഒപ്പിട്ട നോട്ടീസ് ഡിഎംകെയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയത്.
ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനോടും അഭിഭാഷകരോടും ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനമുണ്ടെന്നും, ഹൈക്കോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു. ഭരണഘടനയുടെ മതേതര തത്വങ്ങൾക്കു വിരുദ്ധമായ കേസുകളിൽ തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് സ്വാമിനാഥനെ പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
മധുര മുനിസിപ്പൽ കോർപറേഷന്റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്ര ഭരണകൂടം ഇതുവരെ തീരുമാനിച്ചത്.
ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ‘ദീപത്തൂൺ’ എന്നുവിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യത്തിനു കോടതിയിൽനിന്ന് അനുകൂല വിധി നേടി.
ഇതിന്റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി. ജസ്റ്റീസ് സ്വാമിനാഥൻ ആർഎസ്എസുകാരനാണെന്നും ഇക്കാര്യം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിലെത്തി. കോടതി നടപടികൾ 11ന് ആരംഭിക്കും.
അതിജീവിത കോടതിയിൽ എത്തില്ല. അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനിയും അമ്മയും കോടതിയിൽ എത്തിയിട്ടുണ്ട്.
ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കോടതിയിൽ എത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്നും എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക റ്റി.ബി. മിനി മാധ്യമങ്ങളോടു പ്രതികരിച്ചു.