Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.
ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ചൊവ്വാഴ്ച ആൻജിയോ ഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തന്ത്രി.
നേരത്തെ ജയിലില് വച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറഞ്ഞിരുന്നു. ഇതേ തുടര്ന്നാണ് ആന്ജിയോഗ്രാമിന് നിര്ദേശിച്ചത്. ചൊവ്വാഴ്ച ആന്ജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തില് ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
ശബരിമല കട്ടിളപ്പാളിയിലെ സ്വര്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില് ജനുവരി ഒന്പതിനാണ് എസ്ഐടി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്ണപ്പാളികള് പുറത്തേക്ക് കൊണ്ടുപോകാന് ഒത്താശ ചെയ്തത് കണ്ഠരര് രാജീവര് ആണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്.
തട്ടിപ്പിന് മൗനാനുവാദം നല്കി ഗൂഢാലോചനയില് പങ്കാളിയായെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ക്രിമിനല് ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് രാജീവരര്ക്കെതിരെ ചുമത്തിയിരുന്നത്. കേസില് പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ പണമിടപാടുകളെക്കുറിച്ചും അന്വേഷണം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്. കൂടുതൽ അന്വേഷണത്തിനായി കണ്ഠരര് രാജീവരരെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു.
സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.
കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികള് കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള് എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം.
അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള് വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള് സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റി.
മെഡിക്കൽ കോളജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് തന്ത്രിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് തലകറക്കമുണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. പിന്നാലെയാണ് ഐസിയുവിലേക്ക് മാറ്റിയത്.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ സ്പെഷ്യൽ സബ് ജയിലിൽവച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.
തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.രക്തസമ്മര്ദം ഉയര്ന്ന തോതിലാണെന്നും ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിര്ദേശിച്ചിരുന്നു. കേസിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആശുപത്രിയിലെത്തിച്ചപ്പോള് തന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ. അറസ്റ്റ് ദുഖകരമാണ്. എന്നാൽ തന്ത്രി കർമ്മഫലം അനുഭവിച്ചേ തീരൂവെന്നും ബിജെപി നേതാവുകൂടിയായ അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ പിതൃതുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെയാണ്. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല് സബ് ജയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ജയിലിലെ ആംബുലൻസില് തിരുവനന്തപുരം ജനറല് ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷ്ണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത്.
മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്.
ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാന്ഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി ഇന്ന് പരിശോധന നടത്തും. രാജീവരെ ദ്വാരപാലക കേസില് കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും.
ഇതിനായി എസ്ഐടി കോടതിയുടെ അനുമതി തേടും. അതേസമയം അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കള് കണ്ടുകെട്ടാന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഇഡി ശേഖരിച്ചു.
വരവില് കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയാല് മരവിപ്പിക്കും. ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവര് തമ്മിലുള്ള ഇടപാട് ആദ്യഘട്ടത്തില് അന്വേഷിക്കും. ശനിയാഴ്ചയാണ് ശബരിമല സ്വര്ണക്കടത്ത് കേസില് കള്ളപ്പണ ഇടപാട് സ്ഥിരീകരിച്ച് ഇഡി കേസെടുത്തത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. മെഡിക്കൽ പരിശോധ പൂർത്തിയാക്കി തന്ത്രിയെ കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ളയില് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല് ഈശ്വര്. തന്ത്രി തന്റെ ബന്ധുവാണ്. ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല.
ബ്രാഹ്മണ സംഘടനകള്, ഹിന്ദു സംഘടനകള്, വിശ്വാസ സംഘടനകള് എന്നിവരുമായി സംസാരിച്ച് തുടര് നടപടികള് സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല് ഈശ്വര് ഫേസ്ബുക്ക് പോസ്റ്റില് പറയുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒമ്പത് ഇടക്കാല വിധികളില് ഒന്നില് പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്ശമില്ല.
തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള് ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണമെന്നും രാഹുല് ഈശ്വര് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര് പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങള് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്ണായക മൊഴിയെടുത്തത്.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ല. സ്വർണം പൂശാൻ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്.
കൂടാതെ എല്ലാം സ്വർണം തന്നെയാണ്, ചെമ്പല്ല. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.