ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതും അത് കൃത്യമായി നിരീക്ഷിക്കുന്നതും സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
കേരളത്തിൽ ഇത് മികച്ച സംവിധാനം ആണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൊബൈൽ വഴി പോലീസ് സ്റ്റേഷനുകൾ സിസിടിവി കാമറയിലൂടെ തത്സമയം നിരീക്ഷിക്കാമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിലെ മികച്ച സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് പിന്തുടരാൻ കഴിയുന്നില്ലെന്നും ബെഞ്ച് ചോദിച്ചു. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാങ്ങളും പോലീസ് സ്റ്റേഷനിൽ കൃത്യമായി സിസിടിവി സംവിധാനം ഏർപ്പെടുത്തിയതായി കേസിലെ അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ഡേവ് വ്യക്തമാക്കി.
എങ്കിലും ജാർഖണ്ഡ് ഉൾപ്പെടെയുള്ള ചില സംസ്ഥാങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകളുടെ അഭാവം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസിൽ സുപ്രീംകോടതി വാദം കേൾക്കുകയായിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കുന്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.
അതോടൊപ്പം ഇന്ത്യയിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് പാക് ബന്ധമുള്ള ചില ചാര സംഘടനകൾ സിസിടിവി കാമറകൾ ഉപയോഗിക്കുന്നു എന്ന സമീപകാല റിപ്പോർട്ട് വാദത്തിന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള എല്ലാ കാമറകളും മാറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന വാർത്തയും കോടതി ചൂണ്ടിക്കാട്ടി.
കാമറകൾ മാറ്റി സ്ഥാപിക്കുന്പോൾ സംസ്ഥാനങ്ങൾക്ക് എവിടെനിന്നു ഫണ്ട് ലഭിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അത്തരമൊരു നിർദേശം കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജ്കുമാർ ഭാസ്കർ താക്കറെ കോടതിയെ അറിയിച്ചു.