മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അനുകൂല നടപടി ആവശ്യപ്പെട്ട് കിയാൽ പ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചിരപു റാംമോഹൻ നായിഡുവിനെ കണ്ടു. കിയാൽ എംഡി സി. ദിനേശ്കുമാർ, ചീഫ് ഓപ്പറേഷൻ ഓഫീസർ വി.കെ. അശ്വനികുമാർ എന്നിവരാണു ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സി. സദാനന്ദൻ എംപിയും ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി, കൂടുതൽ അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകൾ, പശ്ചാത്തല വികസനത്തിന് കൂടുതൽ പദ്ധതികൾ എന്നിവ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ വികസനത്തിന് തയാറാക്കുന്ന വിവിധ പദ്ധതികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ നിലവിലെ പ്രവർത്തന സ്ഥിതിയെക്കുറിച്ച് കിയാൽ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിക്കുകയും വടക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും വിമാനത്താവളത്തിന്റെ വളർച്ചയെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനം എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി കിയാൽ അധികൃതർ അറിയിച്ചു.