ഉലകനായകൻ കമൽഹാസന്റെ മകളും തെന്നിന്ത്യൻ സിനിമാലോകത്തെ സ്റ്റൈലിഷ് ഐക്കണും നടിയുമായ ശ്രുതി ഹാസന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു. ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്ത് താരം സ്വന്തമാക്കിയ പുത്തൻ ആഡംബര വസതിയുടെ ഗൃഹപ്രവേശം കഴിഞ്ഞ ദിവസമായിരുന്നു. താരം തന്നെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചത്.
ചെന്നൈ നഗരത്തിൽ സ്വന്തമായി ഒരു കൂടൊരുക്കാൻ കഴിഞ്ഞതിന്റെ ആവേശവും ആത്മാഭിമാനവും താരത്തിന്റെ വാക്കുകളിലുണ്ട്. സാധാരണ സിനിമാതാരങ്ങളുടെ ആഡംബര ഗൃഹപ്രവേശത്തിൽനിന്നു വ്യത്യസ്തമായിരുന്നു ശ്രുതിയുടെ വസതിയിലെ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണു പങ്കെടുത്തത്. തന്റെ തനതു ശൈലിയിലുള്ള വസ്ത്രധാരണത്തിൽ തികച്ചും ലളിതമായാണ് ശ്രുതി ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത്.
പുതിയ അടുക്കളയിൽ താരം പരമ്പരാഗത രീതിയിൽ പാൽ തിളപ്പിക്കുന്നതിന്റെയും, പൂജകളുടെയും ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വീട്ടിലെ സ്വീകരണമുറിയുടെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പുതിയ വസതിയിലേക്കു താമസംമാറിയ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ബോളിവുഡ്-തെന്നിന്ത്യൻ താരങ്ങളും ആരാധകരും രംഗത്തെത്തി.