International
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവചർച്ചകൾക്കു മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണ്.
കരാറിലെത്താൻ താത്പര്യമുണ്ടെന്ന് അമേരിക്ക തെളിയിക്കണം. അവരുടെ ഭാഗത്ത് ആത്മാർഥതയുണ്ടായാൽ കരാറിലെത്തുമെന്ന് ഉറപ്പുണ്ട്. ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയാറാണെങ്കിൽ, മറ്റു വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണ്-മജിദ് തഖ്ത് റവാഞ്ചി കൂട്ടിച്ചേർത്തു.
ഈ മാസം ആറിന് ഒമാനിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യവട്ട ചർച്ച നടന്നത്. ഇന്നും നാളെയും ജനീവയിൽ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളുമായും അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടർന്ന് ആണവ ഏജൻസിയുമായുള്ള (ഐഎഇഎ) എല്ലാ സഹകരണവും ഇറാൻ നിർത്തിവച്ചിരുന്നു. ഇതിനു ശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണ് ഗ്രോസിയുമായി നടന്നത്. യുദ്ധത്തിനുശേഷം ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിരുന്നു.
യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കാത്ത സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎയ്ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്, എന്നാൽ, മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ഇൻസ്പെക്ടർമാരെ അനുവദിച്ചിട്ടില്ല. ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നാണ് ഇറാന്റെ മറുപടി.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സൈനിക സന്നാഹമൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടലിൽ ഒമാൻ തീരത്തുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അമേരിക്ക ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അതു ഫലത്തിൽ ദുർബലമാണ്.
മേഖലയിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽകൂടി അയച്ചതോടെ ഇറാൻ തിങ്കളാഴ്ച നാവികാഭ്യാസം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇറേനിയൻ വിപ്ലവഗാർഡ് അഭ്യാസം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര ജലപാതയിലാണ് ഇറാൻ നാവികാഭ്യാസം നടത്തുന്നത്.
National
ഇംഫാൽ: മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് പുതിയ സർക്കാർ ഇന്ന് തന്നെ ചുമതലയേൽക്കും എന്നാണ് റിപ്പോർട്ട്.
ബിജെപി നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മുതിർന്ന നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി നിയമഭാകക്ഷി യോഗം യുംനാം ഖേംചന്ദിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിൾ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.
District News
പൂഞ്ഞാർ: രണ്ടു വർഷം മുമ്പ് മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാനായി വെട്ടിപ്പൊളിച്ച് പൈപ്പിട്ട ആനിയിളപ്പ്-വെട്ടിപ്പറമ്പ് റോഡ് റീടാറിംഗ് നടത്താത്തതിനെത്തുടർന്ന് നാട്ടുകാർ ദുരിതത്തിൽ.
ഈ റോഡിൽ കൂടി കാൽനടയാത്ര പോലും അസാധ്യമായ നിലയിലാണ്. കൂടാതെ കടുത്ത പൊടിശല്യംമൂലം റോഡിന്റെ ഇരുവശത്തുമുള്ള നൂറുകണക്കിനു കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. ശിശുക്കളും വയോധികരും ഉൾപ്പെടെ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.
രണ്ടു വർഷമുമ്പ് കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡിൽ പൈപ്പ് ഇട്ടെങ്കിലും വാട്ടർ അഥോറിറ്റി പിന്നീട് പദ്ധതി നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതുകൊണ്ടാണ് ടാറിംഗ് വൈകുന്നതെന്നാണ് പൊതുമരാമത്തുവകുപ്പിന്റെ ന്യായീകരണം.