National
ന്യൂഡൽഹി: ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ ലോക്സഭ പാസാക്കി. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം, വ്യാവസായിക തൊഴിൽ, വ്യാവസായിക തർക്കങ്ങൾ എന്നിവയെ സംബന്ധിക്കുന്ന 1926ലെ ട്രേഡ് യൂണിയനുകളുടെ നിയമം, 1946ലെ വ്യാവസായിക തൊഴിൽ (സ്റ്റാൻഡിംഗ് ഓർഡേഴ്സ്), 1947ലെ വ്യാവസായിക തർക്ക നിയമം എന്നീ മൂന്നു പ്രധാന തൊഴിൽനിയമങ്ങൾ പുനഃസ്ഥാപിക്കുന്ന പുതിയ ബിൽ ശക്തമായ ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദങ്ങൾക്കുശേഷമാണ് ലോക്സഭ കടന്നത്. പുതിയ ബില്ലിനെ ചരിത്രപരമായ പരിഷ്കാരമെന്നു ഭരണപക്ഷം വിശേഷിപ്പിച്ചപ്പോൾ തൊഴിലാളിവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ബിൽ പൂർണമായും പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
2020ൽ പ്രാബല്യത്തിലായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ഭേദഗതി ചെയ്യുന്നതാണ് പുതിയ ബിൽ. 2020ൽ നിലവിൽ വന്ന നിയമപ്രകാരംതന്നെ ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം, വ്യാവസായിക തൊഴിൽ, വ്യാവസായിക തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതാണെങ്കിലും നിയമങ്ങൾ പിൻവലിക്കാനുള്ള അധികാരം എക്സിക്യൂട്ടീവിൽ നിക്ഷിപ്തമാണെന്നുള്ള തെറ്റായ വ്യാഖ്യാനത്തിൽനിന്നുണ്ടാകുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാൻ ഭേദഗതി ആവശ്യമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിൽനിന്നുള്ള എംപിമാരടക്കം ബില്ലിനെ എതിർത്തപ്പോൾ ഭേദഗതികൾ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെന്നാണ് ഭരണമുന്നണി വിശദീകരിക്കുന്നത്. 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലുകൾക്ക് അനുമതി വേണ്ടെന്ന വ്യവസ്ഥ ഭൂരിഭാഗം തൊഴിലാളികളെയും സംരക്ഷണവലയത്തിനു പുറത്താക്കുന്നതാണെന്നു വ്യക്തമാക്കിയ കോണ്ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, ഭേദഗതി തൊഴിലാളികൾ നൂറ്റാണ്ടുകളായി നേടിയെടുത്ത നിയമപരമായ സംരക്ഷണങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി. തന്റെ പാർട്ടി വ്യാവസായിക വളർച്ചയോട് അനുകൂലമാണെങ്കിലും തൊഴിലാളികളുടെ അന്തസ്, നീതി, അവകാശങ്ങൾ എന്നിവയോടും അനുകൂല സമീപനം സ്വീകരിക്കുന്ന പാർട്ടിയാണെന്നും തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും എൻസിപി (എസ്പി) എംപി സുപ്രിയ സുലെ ആവശ്യപ്പെട്ടു.
സിപിഎം എംപി കെ. രാധാകൃഷ്ണൻ ബില്ലിനെ ശക്തമായി എതിർത്തു. ഹയർ ആൻഡ് ഫെയർ നടപടികളിൽ തൊഴിലുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിലൂടെ തൊഴിൽസുരക്ഷ കുറയാനുള്ള സാധ്യതയുണ്ടെന്നും ലേഓഫ് പ്രഖ്യാപനങ്ങൾ ശിഥിലമാക്കുന്നതിലൂടെ തൊഴിലാളികളുടെ അനിശ്ചിതത്വം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിൽ പൂർണമായും പിൻവലിക്കണമെന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന ചരിത്രപരമായ പരിഷ്കാരങ്ങളെന്നാണ് ഭേദഗതിയെ ബിജെപി എംപിമാരും വിവിധ എൻഡിഎ സഖ്യകക്ഷികളും വിശേഷിപ്പിച്ചത്.
Kerala
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാർക്ക് സസ്പെൻഷൻ.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് നടപടി. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.
സസ്പെൻഷനിൽ പ്രതിഷേധിച്ച് എട്ട് എംപിമാരും പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ ആരംഭിച്ചിട്ടുണ്ട്.
മുൻ കരസേന മേധാവി എം.എം. നരവനെയുടെ ഓർമക്കുറിപ്പിലെ പരാമർശത്തെച്ചൊല്ലിയാണ് ലോക്സഭ ഇന്നും പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ എംപിമാർക്ക് മലയാളമടക്കം 22 ഭാഷകളിൽ സംസാരിക്കാനും തത്സമയം വിവർത്തനം ചെയ്യാനുമുള്ള സംവിധാനം പൂർണമായി നടപ്പായെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല.
ലോക്സഭാനടപടികൾ അതത് ദിവസം അര മണിക്കൂറിനകം എംപിമാർക്ക് അവരുടെ വാട്സാപ്പിൽ ലഭ്യമാക്കും. നിർമിതബുദ്ധിയുടെ (എഐ) ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വിവർത്തന സംവിധാനം ആരംഭിച്ചത് ഇന്ത്യൻ പാർലമെന്റിനെ ലോകത്തുതന്നെ സവിശേഷമാക്കുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
എംപിമാർ അവരുടെ മാതൃഭാഷയിൽ സംസാരിക്കുന്പോൾ ജനങ്ങളുടെ ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാനാകും. ഇതുവഴി ജനാധിപത്യം കൂടുതൽ ശക്തമാകും. വൈവിധ്യമാർന്ന ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പാർലമെന്റ് ലോകത്തിനുതന്നെ മാതൃകയാകും-സ്പീക്കർ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഇത്തവണത്തെ കേന്ദ്രബജറ്റ് ഞായറാഴ്ചയായ ഫെബ്രുവരി ഒന്നിന് ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. ജനപ്രതിനിധിസഭ എന്ന നിലയിൽ അവധിദിവസമെന്നതു നോക്കാതെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഭ തയാറാണെന്ന് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നാളെ ആരംഭിക്കുന്ന കോമണ്വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിനു മുന്നോടിയായാണ് സ്പീക്കർ പത്രസമ്മേളനം നടത്തിയത്.
ആശയങ്ങളിലെ യോജിപ്പും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തി. അതിനാൽ പാർലമെന്റിൽ ഫലവത്തായ ചർച്ചകൾക്ക് എല്ലാ പാർട്ടികളും എംപിമാരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പാർലമെന്റിന്റെ അന്തസും മാന്യതയും തകർക്കാൻ ആരെയും അനുവദിക്കില്ല. സഭയ്ക്കുള്ളിൽ ഇ-സിഗരറ്റ് വലിച്ചവർക്കെതിരേ കർശന നടപടിയുണ്ടായേക്കുമെന്നും സ്പീക്കർ സൂചിപ്പിച്ചു.
National
ഗോണ്ട: തന്നെ അധികാരഭ്രഷ്ടനാക്കിയത് ജനങ്ങളല്ല, മറിച്ച് ചിലരുടെ ഗൂഢാലോചനയാണെന്നും മുൻ കൈസർഗഞ്ച് എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. “ജീവനോടെയുണ്ടെങ്കിൽ ഒരിക്കൽകൂടി ലോക്സഭയിലേക്ക് തിരിച്ചുവരും.
ബിജെപി ടിക്കറ്റിൽ മൽസരിക്കാൻ ശ്രമിക്കും. പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കും’’, അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ രണ്ടാം വാർഷികത്തിലേക്ക് ക്ഷണം ലഭിക്കാതിരുന്നത് വേദനിപ്പിച്ചു. ലൈംഗികാരോപണം ഉയർന്നപ്പോൾ ബിഎസ്പി, ജെഡി-യു, ബിജെഡി പ്രതിനിധികളോടൊപ്പം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തനിക്കെതിരേ പരാമർശങ്ങളൊന്നും നടത്താതിരുന്നത് മറക്കില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തു നിരോധിച്ച ഇ-സിഗരറ്റ് പാർലമെന്റിന്റെ പ്രധാന കവാടത്തിനു സമീപത്ത് നിന്നുകൊണ്ട് വലിച്ചുവെന്നാരോപിച്ച് തൃണമൂൽ എംപി സൗഗത റോയിക്കെതിരേ ലോക്സഭാ സ്പീക്കർക്കു പരാതി.
ബിജെപി എംപി അനുരാഗ് ഠാക്കൂറാണു എംപിക്കെതിരേ അന്വേഷണവും അച്ചടക്കനടപടിയും മാതൃകാപരമായ ശിക്ഷയും വേണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയത്.
പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങൾക്കെതിരേ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ അത്തരം പെരുമാറ്റം സഭയുടെ അന്തസിനെ ദുർബലപ്പെടുത്തുകയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.
എംപിയുടെ പേര് പരാമർശിക്കാതെ അനുരാഗ് ഠാക്കൂർ വ്യാഴാഴ്ച വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിരോധിത പ്രവർത്തനങ്ങൾക്ക് ഒരു എംപിക്കും ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും രേഖാമൂലം പരാതി നൽകാനും സ്പീക്കർ നിർദേശിച്ചു.
ഇതേത്തുടർന്നാണ് രേഖാമൂലമുള്ള പരാതി ഇന്നലെ കൈമാറിയത്. എന്നാൽ തുറസായ സ്ഥലത്താണു താൻ പുകവലിച്ചതെന്നും പാർലമെന്റ് മന്ദിരത്തിനുള്ളിലല്ലെന്നും സൗഗത റോയ് പറഞ്ഞു.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്. ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി.
എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൾ വഹാബ് എംപിയും നോട്ടീസ് നൽകി. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദി അധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ ചേരുക.