പത്തനംതിട്ട: സാധാരണക്കാരുടെ അത്താണിയായിരുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ തട്ടിപ്പു നടത്തി തകർത്തവരെ വെറുതെ വിടില്ലെന്ന് മന്ത്രി എം. ലിജു. ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
സഹകരണ ബാങ്കുകളിലും സംഘങ്ങളിലും തട്ടിപ്പിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിൽ ഒരു കാരണവശാലും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും ജനങ്ങളുടെ മദ്യാസക്തി കൂട്ടുവാനല്ല മറിച്ച് മദ്യ, മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുവാനും ഇല്ലാതാക്കാക്കുവാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി കോർകമ്മിറ്റി അംഗം പ്രഫ. പി ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, യുഡിഎഫ് കൺവീനർ എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, മാത്യു കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാല, അനിൽ തോമസ്, എ. സുരേഷ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, റെജി തോമസ്, തോപ്പിൽ ഗോപകുമാർ, സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രഫ. പി. കെ. മോഹൻരാജ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം. ജി. ഗീതമ്മ, ഡിസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ ആസൂത്രണ സമിതി അംഗം നൗഷാദ് റാവുത്തർ എന്നിവരെ നേതൃസംഗമത്തിൽ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.