വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലുംവിവിധ സ്കൂളുകളില്നിന്നുള്ള വിദ്യാര്ഥികളാണ് വിപുലമായ ഈ ശേഖരം കാണാനും കൂടുതൽ വിവരങ്ങൾ മനസിലാക്കാനും എത്തുന്നത്. വിവിധ ജില്ലകളിലെ 550 സ്കൂളുകളില്നിന്നുള്ള വിദ്യാര്ഥികള് ഇതിനകം ഈ പുരാവസ്തു ശേഖരം സന്ദര്ശിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ അവാർഡ് ജേതാവായ ചരിത്രാധ്യാപകൻ സ്വന്തം വീട് ഒരു പുരാവസ്തു മ്യൂസിയമാക്കി നാടിന് അറിവു പകരുന്നു. ചരിത്രം പുസ്തകവായനയിൽ മാത്രം പരിമിതപ്പെടേണ്ടതല്ലെന്ന് പഠിപ്പിക്കുകയാണ് മലപ്പുറം ആരീക്കോട് തൃപ്പനച്ചി എയുപി സ്കൂളിലെ അധ്യാപകന് മണ്ണിങ്ങച്ചാലി അബ്ദുള് അലി.
വര്ഷങ്ങളായി ശേഖരിച്ച പുരാവസ്തുക്കള് ഇദ്ദേഹം കരുതിവച്ചിരിക്കുന്നത് അപൂര്വമായൊരു കാഴ്ചയാണ്. മുഗൾ, ബ്രിട്ടീഷ് ചരിത്രപാഠങ്ങൾ കൂടുതൽ ആകർഷകമാക്കാനും ആഴത്തിൽ അറിവുനൽകാനും പല ചരിത്രശേഷിപ്പുകളുമായാണ് അബ്ദുള് അലി മാസ്റ്റർ സ്കൂളിൽ കുട്ടികൾക്ക് മുന്നിലെത്തുക.
നാലാം ക്ലാസില് പഠിക്കുമ്പോള് പിതാവ് ഐസ്ക്രീം വാങ്ങാന് നല്കിയ ഒരു രൂപ നാണയത്തില്നിന്നാണ് അബ്ദുള് അലിയുടെ പുരാവസ്തു ശേഖരണത്തിന് തുടക്കം. നാണയത്തിലെ ചിത്രങ്ങള് കൗതുകമുണര്ത്തിയതോടെ അത് സൂക്ഷിച്ചുവച്ചു. അത് ബ്രിട്ടീഷ് ഇന്ത്യ ഭരണകാലത്തെ ജോര്ജ് ആറാമൻ രാജാവിന്റെ ചിത്രമാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ചരിത്രത്തുടിപ്പുള്ള വസ്തുക്കൾ തേടി യാത്ര തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിനിടെ വലിയൊരു ചരിത്രശേഖരമായി അത് വളര്ന്നു.
അറുപതിലേറെ വിവിധയിനം ഗ്രാമഫോണുകള്, മഹാത്മാഗാന്ധി, ജവഹര്ലാല് നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രസംഗങ്ങളടങ്ങിയ ഗ്രാമഫോണ് റെക്കോര്ഡുകള്, ആയിരത്തോളം അപൂര്വ നാണയങ്ങൾ, വിവിധ രാജ്യങ്ങളുടെ കറന്സികൾ, പുരാതന രേഖകള്, കാമറകള്, ടെലിഫോണുകള്, വിളക്കുകൾ, ബൾബുകൾ, പാത്രങ്ങൾ, റേഡിയോകൾ, പഴയകാല ദിനപത്രങ്ങൾ, ലൈസന്സുകള് തുടങ്ങിയവയൊക്കെ ശേഖരത്തിലുണ്ട്. 1030കളിലെ ഡെക്ക ഗ്രാമഫോണും ഇതിൽപ്പെടും.
മഹാത്മജി പലപ്പോഴായി നടത്തിയ 27 പ്രസംഗങ്ങളുടെ ശബ്ദരേഖ ഇവിടെ കേൾക്കാം. ഇന്ത്യ സ്വതന്ത്രമായ അർധരാത്രി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ റെക്കോര്ഡും ഇതില് ഉള്പ്പെടും. അപാരമായ അറിവനുഭവങ്ങൾ സമ്മാനിക്കുന്ന ഈ മ്യൂസിയത്തിൽ പതിനായിരത്തോളം വസ്തുക്കളാണ് കാഴ്ചക്കാരിൽ കൗതുകം പകരുന്നത്. ഖുറാന്, രാമായണം, മഹാഭാരതം, ഭാഗവതം എന്നിവയുടെയും അപൂര്വ താളിയോലകളുടെയും 200 വര്ഷത്തിലേറെ പഴക്കമുള്ള പുസ്തകങ്ങളുടെയും ശേഖരം അബ്ദുള് അലിയുടെ പക്കലുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിവിധ പാഠപുസ്തകങ്ങള്, കൈയെഴുത്തിലുള്ള മതഗ്രന്ഥങ്ങള്, താളിയോലകള് എന്നിവയും സൂക്ഷിച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ഹോം മ്യൂസിയം തുടങ്ങിയ ആദ്യ അധ്യാപകൻ എന്ന അംഗീകാരവും ഇദ്ദേഹത്തിന് സ്വന്തമാണ്. ചരിത്രവസ്തുക്കളുടെ അപാര ശേഖരത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്ഡ്സ്, ലണ്ടന് ബുക്ക് ഓഫ് റെക്കോര്ഡ്സ് എന്നിവയുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
അധ്യാപനരംഗത്തും നിരവധി പുരസ്കാരങ്ങള് അബ്ദുള് അലിയെ തേടിയെത്തി. ഗുരുജ്യോതി സംസ്ഥാന അധ്യാപക അവാര്ഡ്, ഗുരുശ്രേഷ്ഠ അധ്യാപക അവാര്ഡ്, സംസ്ഥാന പിടിഎ അധ്യാപക അവാര്ഡ് എന്നിവയ്ക്ക് പുറമെ അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിര്മാണ മത്സരത്തില് സംസ്ഥാനതലത്തില് അഞ്ച് തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. സംസ്ഥാന സര്ക്കാരിന്റെ യുപി വിഭാഗം അധ്യാപക അവാര്ഡും ഇക്കൊല്ലം അബ്ദുൾ അലി മാസ്റ്റര്ക്ക് ലഭിച്ചു.
പഴയകാല നാണയങ്ങളും മറ്റു വസ്തുക്കളും വിദ്യാര്ഥികള്ക്ക് നേരിട്ട് കാണിച്ചുകൊടുക്കുന്നതിലൂടെ ചരിത്രം കൂടുതല് എളുപ്പത്തില് മനസിലാക്കാന് കഴിയുമെന്ന് നാല്പ്പത്തിയെട്ടുകാരനായ അബ്ദുള് അലി പറയുന്നു.
വിദ്യാര്ഥികള്ക്കും ചരിത്രത്തില് താത്പര്യമുള്ളവര്ക്കുമായി പുരാവസ്തു ശേഖരം തുറന്നുകൊടുത്തിട്ടുണ്ട്. വാരാന്ത്യങ്ങളിലും പൊതു അവധിദിവസങ്ങളിലും വിവിധ സ്കൂളുകളില്നിന്നുള്ള വിദ്യാര്ഥികളാണ് വിപുലമായ ശേഖരം കാണാനും കൂടുതൽ വിവരങ്ങൾ മനസിലാക്കാനും എത്തുന്നത്. വിവിധ ജില്ലകളിലെ 550 സ്കൂളുകളില്നിന്നുള്ള വിദ്യാര്ഥികള് ഇതിനകം ഈ ചരിത്രശേഖരം സന്ദര്ശിച്ചിട്ടുണ്ട്.
വീടിന്റെ മുകൾനിലയിൽ നാലു മുറികളിലും ഹാളിലുമാണ് ചരിത്രവസ്തുക്കള് പ്രദര്ശിപ്പിച്ചിരിക്കുന്നത്. വിവിധയിടങ്ങളില് നടക്കുന്ന എക്സിബിഷനുകളില് പോയി ഇദ്ദേഹം ചരിത്രവസ്തുക്കള് ശേഖരിക്കാറുണ്ട്. ഇതിനു പുറമെ നാട്ടുകാര്, സഹപ്രവര്ത്തകര് എന്നിവർ പുരാതന വസ്തുക്കള് സമ്മാനിക്കാറുണ്ട്്.
പ്രവാസി സുഹൃത്തുക്കള് നാട്ടിലെത്തി ഉപഹാരം നല്കുമ്പോള് കറന്സികളും നാണയങ്ങളുമാണ് അബ്ദുള് അലി ചോദിക്കാറുള്ളത്. ഇത്തരത്തിൽ കറൻസികളുടെയും നാണയങ്ങളുടെയും വൻശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. അധ്യാപനരംഗത്ത് പ്രവേശിക്കുന്നതു മുമ്പ് സെവന്സ് ഫുട്ബോള് റഫറിയായിരുന്നു അബ്ദുള് അലി. അതില്നിന്ന് ലഭിച്ച വരുമാനം ചരിത്രവസ്തുക്കള് വാങ്ങാനാണ് ഉപയോഗിച്ചത്. ഇപ്പോള് അധ്യാപന ജോലിയില്നിന്നുള്ള ശമ്പളത്തിന്റെ വലിയൊരു ഭാഗം പുരാവസ്തു ശേഖരണത്തിനു ചെലവഴിക്കുന്നു.
ഒരു രൂപ നാണയത്തില് തുടങ്ങിയ അബ്ദുള് അലിയുടെ ശേഖരം പുതിയ തലമുറയ്ക്ക് ചരിത്രത്തെ നേരില് കണ്ടും കേട്ടും പഠിക്കാനുള്ള അവസരമായി മാറിയിരിക്കുന്നു.