National
ന്യൂഡല്ഹി: ഇന്ത്യയില് റോഡപകടങ്ങള് കുറയ്ക്കാന് ലക്ഷ്യമിട്ട് വാഹനങ്ങള് തമ്മില് നേരിട്ട് ആശയവിനിമയം നടത്തുന്ന വെഹിക്കിള് ടു വെഹിക്കിള് സാങ്കേതികവിദ്യ 2026 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്രം. ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ വാഹനങ്ങള് തമ്മില് സിഗ്നലുകള് കൈമാറി അപകട മുന്നറിയിപ്പുകള് നല്കുന്ന സംവിധാനമാണിത്
പാര്ക്ക് ചെയ്ത വാഹനങ്ങളിലേക്ക് പിന്നില്നിന്ന് വേഗത്തില് വരുന്ന വാഹനങ്ങള് ഇടിക്കുന്നതും കനത്ത മൂടല്മഞ്ഞില് വന് അപകടങ്ങള് ഉണ്ടാവുന്നതും തടയാന് ഇത് സഹായിക്കും. ഇതിനായി വാഹനങ്ങളില് സിം കാര്ഡിന് സമാനമായ ഒരു ഉപകരണം സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന് ഗഡ്കരി പറഞ്ഞു. ഈ ഉപകരണം എല്ലാ ദിശകളില്നിന്നും (360 ഡിഗ്രി) അടുത്തുവരുന്ന വാഹനങ്ങള് കണ്ടെത്തി റിയല് ടൈം അലര്ട്ട് നല്കും.
സുരക്ഷിത ദൂരം പാലിക്കേണ്ടതിനെക്കുറിച്ചും റോഡരികിലുള്ള ഈ സംവിധാനം മുന്നറിയിപ്പ് നല്കും. 2026 അവസാനത്തോടെ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് നിതിന് ഗഡ്കരി പറഞ്ഞു. പുതിയ വാഹനങ്ങളില് ആരംഭിച്ച് ഘട്ടംഘട്ടമായാകും പദ്ധതി നടപ്പാക്കുക. പദ്ധതിച്ചെലവ് ഏകദേശം 5000 കോടി രൂപയാണ്. ഈ സാങ്കേതികവിദ്യയിലൂടെ ഇന്ത്യന് റോഡുകളിലെ സുരക്ഷ ഗണ്യമായി വര്ധിക്കുമെന്നാണ് പ്രതീക്ഷ.
Kerala
കോഴിക്കോട്: വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതകളില് മൃഗങ്ങള് വാഹനമിടിച്ചു ചാകുന്നതു തടയാന് പുതിയ സംവിധാനവുമായി നാഷണല് ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്എച്ച്എഐ).
ഇന്ത്യയിലാദ്യമായി മധ്യപ്രദേശിലെ വീരാംഗന ദുര്ഗാവതി കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് രാജ്യത്തെ ആദ്യ ‘ടേബിള്-ടോപ് റെഡ് മാര്ക്കിംഗ്’ സംവിധാനം ഒരുക്കിയിരിക്കുന്നത്. കടുവാ സങ്കേതത്തിലൂടെ (പഴയ നൗറദേഹി സങ്കേതം) കടന്നുപോകുന്ന 11.96 കിലോമീറ്റര് ഹൈവേ പദ്ധതിയുടെ രണ്ടു കിലോമീറ്റര് മലമ്പാതയിലാണു സുരക്ഷാ സംവിധാനം.
ദുബായിലെ ഷെയ്ഖ് സായിദ് റോഡില്നിന്ന് പ്രചോദനം ഉള്ക്കൊണ്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങള് പാലിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കിയത്. അപകടമേഖലയായി രേഖപ്പെടുത്തിയ പാതയില് അഞ്ചു മില്ലിമീറ്റര് കനമുള്ള തെര്മോപ്ലാസ്റ്റിക് ചുവന്ന പ്രതലമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ദേശീയപാതയില് വന്യജീവി-സംവേദനക്ഷമതയുള്ള, അപകട സാധ്യതയുളള ഭാഗത്തേക്കു പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പ് നല്കുന്നതാണ് ടേബിള് ടോപ് റെഡ് മാര്ക്കിംഗ്. റോഡില്നിന്നു ചെറുതായി ഉയര്ത്തിയ ഈ പ്രതലത്തില് വാഹനങ്ങള് പ്രവേശിക്കുമ്പോള് വാഹനത്തിലുള്ളവര്ക്കു ചെറിയ തോതില് അസ്വസ്ഥതയുണ്ടാകും. ഇത് സ്വാഭാവികമായും വേഗം കുറയ്ക്കാന് ഡ്രൈവര്മാരെ പ്രേരിപ്പിക്കും.
റോഡുകളില് സ്ഥാപിക്കുന്ന റംമ്പിള് സ്ട്രിപ്പുകളെ അപേക്ഷിച്ച് പുതിയ സംവിധാനത്തിന് ശബ്ദം കുറവാണെന്നാണു ദേശീയപാത അഥോറിറ്റി അവകാശപ്പെടുന്നത്. ടേബിള് ടോപ് റെഡ് മാര്ക്കിംഗ് കൂടാതെ, 11.96 കിലോമീറ്റര് ദൂരത്തില് മൃഗങ്ങള് സഞ്ചരിക്കുന്നതായി കണ്ടെത്തിയ സ്ഥലങ്ങളിലായി 25 അടിപ്പാതകള് ഒരുക്കിയിട്ടുമുണ്ട്.
മൃഗങ്ങള് റോഡിലേക്കു പ്രവേശിക്കുന്നതു തടയുന്നതിനായി ഹൈവേയുടെ ഇരുവശത്തും തുടര്ച്ചയായി ചെയിനുകള് യോജിപ്പിച്ചുള്ള വേലികള് സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം വിജയകരമാണെന്നു കണ്ടാല് മറ്റു വന്യജീവി സങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ദേശീയപാഥ അഥോറിറ്റിയുടെ നീക്കം.
കോഴിക്കോട്- ബംഗളൂരു ദേശീയപാത 677ല് ബന്ദിപ്പുര് കടുവാസങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡില് വന്യജീവികള് വാഹനമിടിച്ചു ചാകുന്നത് തടയാനെന്ന പേരിലാണ് രാത്രി ഒന്പതു മുതല് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത്. ഭാവിയില് ഈ പാതയിലും പുതിയ സംവിധാനം ഏര്പ്പെടുത്തിയേക്കും.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
ന്യൂഡൽഹി: റോഡ് അപകടങ്ങൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വിന്യസിക്കാനൊരുങ്ങി ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയ പാതാ ശൃംഖലയിലുടനീളം വിന്യസിക്കുന്നതിനായി എൻഎച്ച്എഐ രാജ്യത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.
അപകടസാധ്യതയുളള സ്ഥലങ്ങൾ, അലഞ്ഞുതിരിയുന്ന പശുക്കളുള്ള റോഡുകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തര വ്യതിചലനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് മൊബൈൽ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
റോഡുകളിലെ അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ്, അതീവ മുൻഗണന കോളുകൾ എന്നിവയിലൂടെയാണ് യാത്രക്കാരിലേക്കെത്തുക.
എൻഎച്ച്എഐയുടെ അടിയന്തര ഹെൽപ്ലൈൻ നന്പറായ 1033, ’രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പുതിയ സംവിധാനം ഘട്ടംഘട്ടമായി സംയോജിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ചില തെരഞ്ഞെടുക്കപ്പെട്ട ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. പദ്ധതി പുരോഗമിക്കുന്പോൾ മറ്റ് ടെലികോം കന്പനികളെയും സഹകരിപ്പിക്കും.
Kerala
കൊച്ചി: മണ്ണൂത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയില് ഉപാധികളോടെ ടോള് പിരിക്കാമെന്ന് ഹൈക്കോടതി. ടോള് വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതി നിര്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്ദേശിച്ചു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്.വി. മേനോന് എന്നിവരാണ് ഹര്ജി പരിഗണിച്ചത്.
ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയില് ടോള് വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ ദേശീയപാതാ അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ടോള് വിലക്ക് ശരിവച്ചു.
തൃശൂര് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, നിയുക്ത യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് തുടങ്ങിയവര് നല്കിയ ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള് പിരിവ് വിലക്ക് തുടരും. ടോള് പിരിവ് പുനഃരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് തുടരുകയാണെന്ന കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര് വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്.
ടോള് പിരിവ് താത്കാലികമായി നിര്ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാതാ അതോറിറ്റിയുടെ ഹര്ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഓണ്ലൈനായി ഹാജരായ തൃശൂര് കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദര്ശിച്ച് പരിശോധിക്കാനും കോടതി നിര്ദേശം നൽകി.
കളക്ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. 60 കിലോമീറ്റര് ടോള് പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റര് ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടര് മറുപടി നൽകി.
ഈ റോഡിലൂടെ സഞ്ചരിച്ചാൽ പ്രശ്നങ്ങള് മനസിലാകുമെന്നും ഇവിടെ ഇരിക്കുന്ന എല്ലാവര്ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് മറുപടി നൽകി. സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോള് പിരിക്കാവുവെന്ന സുപ്രീംകോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോള് പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി. നിരക്ക് കുറച്ചുകൂടേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. വെള്ളിയാഴ്ച ഹര്ജി വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി കോടതിയെ അറിയിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളില് വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ അപകടമുണ്ടാകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. നാലുവരിപ്പാതയിൽ നിന്ന് ഒറ്റവരിയിലേക്ക് വാഹനങ്ങൾ വന്നുകയറുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഈ മേഖലയിലുള്ളതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര് വി. മേനോൻ എന്നിവരുടെ ബെഞ്ച് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഇക്കാര്യത്തിലും ഒപ്പം ടോൾ നിരക്ക് കൂട്ടിയ നടപടിയിലും എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
കരാറുകാരുടെ കാര്യത്തിൽ മാത്രമേ ദേശീയപാത അതോറിറ്റിക്ക് ഉത്കണ്ഠയുള്ളോ എന്നു കോടതി ചോദ്യമുന്നയിച്ചു. ഇക്കാര്യത്തിൽ യാത്രക്കാരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരനായ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകൾ പൂർണമാക്കാതെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
മേഖലയിലെ അടിപ്പാതകളുടെ നിര്മാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാന് ദേശീയപാത അതോറിറ്റി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത 544-ലെ പാലിയേക്കര ടോള് പിരിവ് തടഞ്ഞത്.
ആദ്യം നാലാഴ്ചത്തേക്കാണ് ടോള് പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. ദേശീയപാതാഅഥോറിറ്റി ടോള് പിരിവ് പുനഃസ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോള് പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില് സര്വീസ് റോഡ് ഇടിഞ്ഞതില് ജില്ലാ കളക്ടര് ഇന്ന് കോടതിക്ക് റിപ്പോര്ട്ട് നല്കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള വിലക്ക് കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു.
കളക്ടറുടെ റിപ്പോര്ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ടോള് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല് ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള് പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചില വ്യവസ്ഥകളോടെ ടോള് പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്ന്ന് ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോള് പിരിവ് കോടതി താത്കാലികമായി തടഞ്ഞത്.
Kerala
കൊച്ചി: പാലിയേക്കരയിൽ തിങ്കളാഴ്ച മുതല് വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് നിർദേശം നൽകി ഹൈക്കോടതി. തിങ്കളാഴ്ച കോടതി ഉത്തരവ് പുറത്തിറക്കും. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചിന്റെയാണ് തീരുമാനം.
പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. അതേസമയം, പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
ടോള് നിലവിലിരുന്ന സമയത്ത് അഭിമുഖീകരിച്ചിരുന്ന ഗതാഗതക്കുരുക്കുള്പ്പെടെയുള്ള പ്രശ്നങ്ങള് ഭാവിയില് ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥകളായിരിക്കും കോടതി മുന്നോട്ടുവയ്ക്കുന്നത് എന്നാണ് വിവരം.
റോഡുകളുടെ അറ്റകുറ്റപ്പണികളും അടിപ്പാതകളുടെ നിര്മാണവും ത്വരിതഗതിയില് നടപ്പിലാക്കാനുള്ള വ്യവസ്ഥകള് കോടതിയുടെ ഭാഗത്തുനിന്നുണ്ടായേക്കും. മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.
മുന്നൂറ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണെന്നും ടോൾ പിരിക്കാനുള്ള ഉത്തവരവ് അടിയന്തരമായി നല്കണമെന്നും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ടിരുന്നു.
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിനാൽ ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ടോള് പിരിവ് വിലക്കില് തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമോ എന്ന കാര്യമാണ് കോടതി പരിഗണിക്കുക.
വിഷയത്തിൽ ജില്ലാ കളക്ടര് ഇന്നും ഹാജരായി. ഇടക്കാല ഗതാഗത കമ്മറ്റി സമര്പ്പിച്ച റിപ്പോര്ട്ട് പരിശോധിക്കാന് സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
ഇടപ്പള്ളി- മണ്ണുത്തി പാതയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ജോലികള് അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് അപൂർണമാണെന്ന് കാണിച്ച് വ്യാഴാഴ്ച വരെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്നാണ് ഇന്ന് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി. ടോള് പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തത്കാലം ഹൈക്കോടതി പുനഃപരിശോധിക്കില്ല.
ടോള് പിരിവ് വീണ്ടും ആരംഭിക്കുന്നതിനായി ദേശീയപാത അതോറിറ്റി നൽകിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ചയിലേക്ക് മാറ്റിവച്ചു.
പാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട് കളക്ടറുടെ റിപ്പോര്ട്ട് ഹൈക്കോടതി തേടിയിരുന്നു. ഇതില് റോഡിലെ പ്രശ്നങ്ങൾ കണ്ടെത്തിയ 18 ൽ 13 ഇടങ്ങളിലേയും പ്രശ്നങ്ങള് ഏറെക്കുറെ പരിഹരിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്, ഈ റിപ്പോര്ട്ട് പോലും പൂര്ണമല്ലെന്നാണ് കോടതി പറഞ്ഞത്.
ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് മുന്നോട്ട് പോവാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് ഉച്ചയ്ക്കകം പുതിയ റിപ്പോര്ട്ട് നല്കാമോ എന്ന് ചോദിച്ചു. എന്നാൽ കൂടുതൽ സമയം വേണമെന്ന് കളക്ടര് പറഞ്ഞു.
ഇതോടെ പ്രശ്നങ്ങൾ നിസാരമായി എടുക്കരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പൂര്ണ റിപ്പോര്ട്ട് സമര്പ്പിച്ചശേഷം ടോള് സംബന്ധിച്ച് ആലോചിക്കാമെന്നും കോടതി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്നും മുഖ്യമന്ത്രി ദേശീയപാതാ അധികൃതരോട് ആവശ്യപ്പെട്ടു.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ, ചില മേഖലകളിൽ സ്തംഭനമുണ്ട്. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിർമാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമിശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്ത് വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ്, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോള് പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. കേന്ദ്ര സര്ക്കാരിനോട് തീരുമാനമെടുക്കാൻ നിര്ദേശം നൽകിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള് പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്വീസ് റോഡുകളുടേതടക്കം അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള് ദേശീയ പാത അതോറിറ്റി ഇന്ന് അറിയിച്ചു. നേരത്തെ കുരുക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പ്രശ്നമില്ലെന്നും ഗതാഗതം സുഗമമായി നടക്കുന്നുവെന്നും സർവീസ് റോഡുകളും ഗതാഗത യോഗ്യമാണെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് അത്തരത്തില് അല്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
ടോള് പിരിവ് പുനഃസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. കേന്ദ്ര സർക്കാരിനോടും നിലപാട് വ്യക്തമാക്കാൻ ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു നാലാഴ്ചത്തേക്ക് ടോള് പിരിവ് തടഞ്ഞത്. ഈ സമയ പരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്ജി വീണ്ടും പരിഗണിച്ചത്.
National
കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സർവീസ് റോഡ് നന്നാക്കിയെന്ന എൻഎച്ച്എഐയുടെ ന്യായീകരണം തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്.
സര്വീസ് റോഡുകള് നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയ എന്എച്ച്എഐ ഏതാനും ചിത്രങ്ങളും സമര്പ്പിച്ചിരുന്നു. എന്നാല് റോഡ് നിര്മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്വീസ് റോഡുകള് ഇതുവരെയും പൂര്ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള് വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡല്ഹി: മോശം റോഡിന് ടോള് നല്കുന്നത് എന്തിനെന്ന് ആവര്ത്തിച്ച് സുപ്രീം കോടതി. ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
പാലിയേക്കരയിലെ ടോള് പിരിവ് നാലാഴ്ചത്തേക്കു നിര്ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല് ഹൈവേ അതോറിറ്റി, കരാര് കമ്പനി എന്നിവര് സമര്പ്പിച്ച ഹര്ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമര്ശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റീസ് എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീലില് വാദം പൂര്ത്തിയായി. കേസ് വിധി പറയാനായി മാറ്റി.
കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോയെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രന് കേന്ദ്രസര്ക്കാരിനോട് ചോദിച്ചു. 12 മണിക്കൂര് ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ദിവസങ്ങളില് ഉണ്ടായത്. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ്, അതാണ് പ്രധാന പ്രശ്നമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന് പറഞ്ഞു.
ദേശീയപാതയിലെ മുരിങ്ങൂരിൽ ലോറി മറിഞ്ഞാണ് ഗതാഗത തടസം ഉണ്ടായതെന്നു ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത മറുപടി നൽകി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതാണെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രൻ പറഞ്ഞു.
Kerala
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ വിഷയത്തിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ പരാമർശം.
പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര് വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോള് പിരിവ് നാലാഴ്ചത്തേത്ത് നിര്ത്തിവച്ചത്.