കടുത്തുരുത്തി: വെള്ളം കോരുന്നതിനിടെ കാല് ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞു കിണറ്റില്‍ വീണയാളെ അയല്‍വാസിയായ യുവാവ് സാഹസികമായി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. കാഞ്ഞിരത്താനം തെന്നാട്ടില്‍ കുഞ്ഞിന്റെ മകന് ജോഷി ജോസ് (42) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്.
ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരത്താനത്താണ് സംഭവം. വെള്ളം കോരുമ്പോള്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞതോടെ ജോഷി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കിണറ്റില്‍ കിടന്നുകൊണ്ടുള്ള ജോഷിയുടെ നിലവിളി കേട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസിയായ എലിവാലേല് ബോണി പോള്‍ (34) ഇവിടേക്ക് എത്തുന്നത്.
ഫയര്‍ഫോഴ്സിനെ വിളിച്ചു വിവരമറിയിച്ച ശേഷം ബോണി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറിന്റെ വശങ്ങളില് കരിങ്കല്ല് അടുക്കിവച്ചിരുന്നതിനാല് അപകട ഭീഷിണി ഉണ്ടായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു ബോണി കിണറ്റിലേക്ക് ചാടിയത്.
15 കോലോളം താഴ്ച്ചയുള്ള കിണറ്റില്‍ രണ്ട് ആള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ ജോഷി കയറില്‍ തൂങ്ങി കിടക്കുകയായിരുന്നു. കിണറ്റിലിറങ്ങിയ ശേഷം ബോണി കയറില്‍ ജോഷിയെ കെട്ടി കാലില്‍ താങ്ങി നാട്ടുകാര്‍ താഴേക്ക് ഇറക്കി തന്ന ഗോവണിയില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു.
പിന്നീട് ഫയര്‍ഫോഴ്സെത്തി വല ഉപയോഗിച്ചു ജോഷിയെ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് ജോഷിയെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുള്ള ജോഷി ക്ഷീണിതനായ അവസ്ഥയിലായിരുന്നു. സ്വന്തം ജീവനുതന്നെ അപകട ഭീഷിണി ഉണ്ടെന്ന് അറിഞ്ഞിട്ടും ഒരു ജീവന് രക്ഷിക്കാന്‍ ബോണി കാണിച്ച ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. കാഞ്ഞിരത്താനത്ത് സ്ലീവാ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുകയാണ് ബോണി. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് ബോണിയുടെ ധീരതയെ അഭിനന്ദിച്ചു.