National
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ശശി തരൂർ എംപിക്കെതിരേ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. ഇംഗ്ലീഷിൽ വലിയ പദസമ്പത്തുള്ള തരൂർ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതെന്തിനെന്നാണു വിമർശനം. നിരവധി പേരാണ് തരൂരിനെതിരേ രംഗത്തെത്തിയത്. എക്സ് പോസ്റ്റിലൂടെയാണ് തരൂർ നേപ്പാൾ ദുരന്തം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്.
കാഠ്മണ്ഡുവിലേക്ക് എത്തുമ്പോൾ അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് തരൂർ പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കാഠ്മണ്ഡുവിലേക്ക് വിമാനം കയറുമ്പോൾ മലനിരകളിൽ അരങ്ങേറിയ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നില്ല.
ഇവിടെ എത്തിയ ശേഷമാണ് വലിയ ജീവഹാനിയെക്കുറിച്ചും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്- അദ്ദേഹം എക്സിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 19 പാലങ്ങളെങ്കിലും തകർന്നു, ബെത്രാവതി-രസുവഗാധി ഹൈവേയുടെ 40 കിലോമീറ്റർ ഒലിച്ചുപോയി, എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചു -തരൂർ പറഞ്ഞു.
Viral
നേപ്പാളിൽ കനത്ത നാശം വിതച്ച് ആർത്തലച്ചെത്തിയ പ്രളയത്തിനിടയിൽ, ജീവൻ പണയം വെച്ച് നേപ്പാൾ സൈന്യം നടത്തിയ അതിസാഹസികമായ ഒരു രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടുന്നു.
കരകവിഞ്ഞൊഴുകുന്ന പ്രളയജലത്താൽ പൂർണമായും ഒറ്റപ്പെട്ടുപോയ വീടിന്റെ മേൽക്കൂരയിൽ കുടുങ്ങിയ യുവാവിനെ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ച് സാഹസികമായി എയർലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
നാലുപാടും അണപൊട്ടിയൊഴുകുന്ന വെള്ളത്തിനും പ്രളയ അവശിഷ്ടങ്ങൾക്കും നടുവിൽ രക്ഷയ്ക്കായി താൻ ധരിച്ചിരുന്ന ടീ-ഷർട്ട് ഉയർത്തിക്കാട്ടി സഹായ അഭ്യർഥന നടത്തുകയായിരുന്നു ഈ യുവാവ്.
പ്രതികൂല കാലാവസ്ഥയും ശക്തമായ ജലപ്രവാഹവും വെല്ലുവിളി ഉയർത്തിയെങ്കിലും, കൃത്യസമയത്ത് ആകാശമാർഗം എത്തിയ നേപ്പാൾ ആർമിയുടെ രക്ഷാസംഘം ഇയാളെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
പ്രതിസന്ധികൾ എവിടെയുണ്ടോ അവിടെ നേപ്പാൾ സൈന്യമുണ്ടാകുമെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് സൈന്യം ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
മധ്യ നേപ്പാളിൽ പെട്ടെന്നുണ്ടായ പ്രളയം വൻ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഭോട്ടെ കോശി നദിയിൽ രാവിലെയോടെ പെട്ടെന്നുണ്ടായ ജലനിരപ്പ് ഉയർച്ച തീരദേശ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്തെറിഞ്ഞു.
വൻതോതിലുള്ള കൃഷിനാശത്തിനും ഗതാഗത തടസങ്ങൾക്കും പുറമെ നിരവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രസുവ മേഖലയിലാണ് ദുരന്തം ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത്. ഇവിടെ നൂറിലധികം ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നാനൂറോളം പേരെ കാണാതായതായാണ് വിവരം.
പ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതോടെ അതിർത്തി മേഖലകളിലെ വാർത്താവിനിമയ-വൈദ്യുതി ബന്ധങ്ങളും പൂർണമായും വിച്ഛേദിക്കപ്പെട്ടു. കരമാർഗമുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ ഹെലികോപ്റ്ററുകൾ മാത്രമാണ് ഇപ്പോൾ ഏകോപിത രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ വൻതോതിലുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളിലും പ്രളയസാധ്യത നിലനിൽക്കുന്നതിനാൽ അപകടസാധ്യതയുള്ള മേഖലകളിൽ വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.