കണ്ണൂര്‍: ഇതുവരെ കുത്തകയായിരുന്ന പയ്യന്നൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടപ്പെടുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പറയുന്ന ‘നേതാക്കളെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യവുമായി ടി.ഐ. മധുസൂദനന് വി. കുഞ്ഞികൃഷ്ണന് എംഎല്‍എക്ക് നോട്ടീസയച്ചു. എന്നാല്‍, വിവാദമായിരുന്ന മൂന്നു ഫണ്ടുകളിലെയും കണക്കുകള്‍ വക്കീല്‍ നോട്ടീസില്‍ ചേര്‍ത്തതു കൗതുകമായിരിക്കുകയാണ്.
താന്‍ പ്രസിദ്ധീകരിച്ച പുസ്തകം മാനഹാനി ഉണ്ടാക്കിയതിനാല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മധുസൂദനന് വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ടെന്നും പ്രസ്തുത ആവശ്യം നിരാകരിച്ചുള്ള മറുപടി അയച്ചതായും വി. കുഞ്ഞികൃഷ്ണന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ബോധപൂര്‍വം തെറ്റ് ചെയ്തവരെ സംരക്ഷിക്കാനുള്ള സമീപനമാണ് സിപിഎം നേതൃത്വം നടത്തിയിരുന്നത്.
ഏറ്റവുമൊടുവില്‍ തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിശക് പറ്റിയിട്ടുണ്ടെന്ന് സമ്മതിക്കാന്‍ സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും സന്നദ്ധമായി. പക്ഷേ തെറ്റ് തിരുത്താനുള്ള ഒരു പരിശ്രമവും പാര്‍ട്ടി നേതൃത്വം എടുത്തതായി കണ്ടില്ലെന്നതാണ് അനുഭവത്തിലൂടെ കാണാന്‍ കഴിയുന്നതെന്നും വി. കുഞ്ഞികൃഷ്ണന് എംഎല്‍എ പറഞ്ഞു.