District News
തിരുവനന്തപുരം: തോറ്റം പാട്ടു കേട്ടു മനമലിഞ്ഞ കൊടുങ്ങല്ലൂർ ഭഗവതി ആറ്റുകാലമ്മയായി കുടിയിരിക്കുന്പോൾ ചൊവാഴ്ചത്തെ പ്രഭാതത്തിനായി ലക്ഷക്കണക്കിനു സ്ത്രീജനങ്ങൾ കാത്തിരിപ്പാണ്, പഞ്ചഭൂതങ്ങൾ ചേരുന്ന നിവേദ്യം പൊങ്കാലയായി അർപ്പിച്ചു നിർവൃതി അടയാൻ.
വഴിപാടിൽ പ്രീതിപ്പെട്ടു നേർച്ചവിളക്കും കുത്തിയോട്ടവുംകണ്ടു താലപ്പൊലിയോടെ ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശ്രീധർമ ശാസ്താക്ഷേത്രത്തിലെ സഹോദരനെക്കണ്ട് രാപാർത്ത് പൂജയിൽ പ്രീതയായി ഉച്ചയോടെ ദേവി ആറ്റുകാൽ ക്ഷേത്രത്തിൽ തിരിച്ചെത്തും. രാത്രി 9.45ന് കാപ്പഴിച്ചു കുടിയിളക്കിയാൽ പിന്നെ കുരുതിയാണ്. അർധരാത്രി 12.45 ന് കുരുതിത്തറയിൽ തൃപ്തയായി ശാന്തമായി ദേവി ചൈതന്യ ശക്തിയാകും. അപ്പോൾ ലക്ഷങ്ങളുടെ മനസിൽ സായൂജ്യദീപങ്ങൾ പ്രഭ ചൊരിയും.
ചൊവ്വാഴ്ചയാണു വിശ്വപ്രസിദ്ധമായ പൊങ്കാല. രാവിലെ 9.45 നു പണ്ടാര അടുപ്പിൽനിന്നു പകരുന്ന പഞ്ചഭൂതാംശമായ അഗ്നി ഓരോ സവിതാവിലേക്കും കൈമാറും. മണ്കലങ്ങളിൽ, വേവാർന്നെത്തുന്ന നിവേദ്യം ഉച്ചയ്ക് 2.15ന് ദേവിക്കായി നിവേദിക്കും. ആ നിവേദ്യങ്ങളിൽ പൂജാരിമാർ തളിക്കുന്ന തീർഥജലത്തോടൊപ്പം ഉയരുന്നത് ഓരോ ഭക്തയുടെയും അമ്മേ വിളിയാണ്. ആ ആത്മസംതൃപ്തിയിൽ ഉടൻ മടങ്ങേണ്ടതുണ്ട്.
കാരണം അന്നു ചന്ദ്രഗ്രഹണമാണ്. ഉച്ചകഴിഞ്ഞു 3.10 മുതൽ ഏഴു വരെ ക്ഷേത്രനട അടയ്ക്കും. ഏഴു കഴിഞ്ഞാൽ അഞ്ഞൂറിലേറെ കുത്തിയോട്ട സംഘങ്ങൾ കൂട്ടത്തോടെ വരുന്നതിനാൽ ബാലികമാരുടെ താലപ്പൊലി നേർച്ചകൾ ഉച്ചയോടെയെങ്കിലും എത്തേണ്ടതുണ്ട്.
പൊങ്കാലയ്ക്ക് ഇനിയും രണ്ടു ദിവസം കൂടി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ ക്ഷേത്ര പരിസരങ്ങൾ മാത്രമല്ല ചുറ്റുമുള്ള റോഡുകളും ഇടവഴികളുമെല്ലാം നിറഞ്ഞു കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകളിലായി ആയിരത്തിലേറെ ഉദ്യോഗസ്ഥരും അയ്യായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാ ന്പു ചെയ്തിട്ടുണ്ട്. മണ്ക്കലങ്ങളും പൂജാസാധനങ്ങളും വിൽക്കുന്ന സ്റ്റാളുകളും മറ്റു കച്ചവടക്കാരും കൈയടക്കിയ പാതയോരങ്ങളിൽ കയറു കെട്ടി പൊങ്കാല ബുക്കിംഗ് ബോർഡുകളും നിരന്നിട്ടുണ്ട്. ഇത്തരം റോഡ് ബുക്കിംഗുകൾ നഗരത്തിലെന്പാടും മാത്രമല്ല 10 കിലോമീറ്റർ അകലെപ്പോലും ദ്യശ്യമാണ്.
കുടിവെള്ളം സംബന്ധിച്ച ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി മന്ത്രിമാരും മേയറുമുൾപ്പെടെയുള്ള യോഗങ്ങൾ നടത്തിട്ടുണ്ട്. അരുവിക്കര കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയായിട്ടുണ്ടെന്നും പത്ര സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ എന്നിവർ അറിയിച്ചു.
ദർശന പുണ്യംതേടി സഹസ്രങ്ങൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോ ടനുബന്ധിച്ച് അമ്മയുടെ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ ഒഴുകി എത്തുന്നു. പൊങ്കാലയ്ക്ക് ഇനി രണ്ടു നാള് മാത്രം ശേഷിക്കെ ക്ഷേത്രവും പരിസരവും തിരക്കിലായി. ഇന്നലെ വൈകുന്നേരം വരെ അഭൂതപൂര്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടതെങ്കില് വൈകുന്നേരം അഞ്ചിന് പെട്ടെന്നുണ്ടായ മഴ തിരക്കിനല്പം ശമനമുണ്ടാക്കി.
എന്നാല് മഴ നിന്നതോടെ ആറിനുശേഷം വീണ്ടും തിരക്ക് പഴയതു പോലെയായി. ദര്ശനത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് ക്രമാതീതമായി ഇപ്പോഴും വര്ധിച്ചു കൊണ്ടിരിക്കുന്നതിനാല് ദര്ശനത്തിനുള്ള ക്യൂ ക്ഷേത്ര കോമ്പൗണ്ടും കഴിഞ്ഞ് പുറത്തേക്കു നീളുന്ന സാഹചര്യമാണ്.
പാറന്നൂർ നന്ദൻ തിടന്പേറ്റും
തിരുവനന്തപുരം: ഇത്തവണ ആറ്റുകാൽ ദേവിയുടെ തിടമ്പേറ്റുന്നത് പാറന്നൂർ നന്ദൻ. പൊങ്കാല കഴിഞ്ഞ് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കാണ് പുറത്തെഴുന്നള്ളിപ്പ്. പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു എന്നീ ആനകളാണ് കഴിഞ്ഞ കാലങ്ങളിൽ തിടമ്പേറ്റിയിരുന്നത്. മൂന്നാംതീയതി രാത്രി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര മണക്കാട്ട് അടുത്ത ദിവസം പുലർച്ചെയാണ് എത്തുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് മുമ്പായി ക്ഷേത്രത്തിലെത്തും. തൃശൂർ പൂരമടക്കം സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള പാറന്നൂർ നന്ദൻ തൃശൂരിൽ നിന്നാണ് എത്തുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാല് പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്ഡുകളിലും വെങ്ങാനൂര് പഞ്ചായത്തിലെ വെള്ളാര് വാര്ഡിലും എല്ലാ മദ്യവില്പ്പന ശാലകളുടേയും പ്രവര്ത്തനം നിരോധിച്ച് ജില്ലാ കളക്ടര് ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്ച്ച് രണ്ട് വൈകുന്നേരം ആറു മുതല് പൊങ്കാല ദിവസമായ മാര്ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.
കൂടാതെ തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
Kerala
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും.
കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽനിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും.
ഭക്തരുടെ യാത്രാ സൗകര്യത്തിനായി സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെഎസ്ആർടിസി ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. സഹായത്തിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വോളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.
District News
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര് നാലിന് നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങള് ആരംഭിച്ചു. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാര്ത്തികസ്തംഭം ഉയര്ത്തല് നവംബര് 23 ന് നടക്കും.
പൊങ്കാലദിനം പുലര്ച്ചെ 4ന് നിര്മാല്യദര്ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചുചൊല്ലി പ്രാര്ഥനയും തുടര്ന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്നിന്നും ക്ഷേത്ര കാര്യദര്ശി മണിക്കുട്ടന് നമ്പൂതിരി കെടാവിളക്കിലേക്ക് ദീപം പകരും. തുടര്ന്ന് നടപ്പന്തലില് പ്രത്യേകം തയാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.
ക്ഷേത്ര കാര്യദര്ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില് നടക്കുന്ന സംഗമത്തില് കേന്ദ്രമന്ത്രി ജോര്ജ് കുര്യന് പൊങ്കാല ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മുന് മുഖ്യമന്ത്രി ഒ. പനീര് ശെല്വം ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്ര മേല്ശാന്തി അശോകന് നമ്പൂതിരിയുടെ കാര്മികത്വത്തില് ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്ഗാദത്തന് നമ്പൂതിരി എന്നിവര് പൊങ്കാല സമര്പ്പണ ചടങ്ങുകള് നടത്തും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര കാര്യദര്ശി മണിക്കുട്ടന് നമ്പൂതിരി ആമുഖപ്രഭാഷണം നിര്വഹിക്കും. തോമസ് കെ. തോമസ് എംഎല്എ അധ്യക്ഷതവഹിക്കും.
കൊടിക്കുന്നില് സുരേഷ് എംപി, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്, ഇമാം അമാനുല്ലാഹ് സുഹി എന്നിവര് മുഖ്യസന്ദേശവും മുഖ്യകാര്യദര്ശി രാധാകൃഷണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണവും നടത്തും. പശ്ചിമ ബംഗാള് ഗവര്ണര് ഡോ.സി.വി. ആനന്ദബോസ് കാര്ത്തിക സ്തംഭത്തില് അഗ്നി പകര്ത്തും.