തിരുവനന്തപുരം: തോറ്റം പാട്ടു കേട്ടു മനമലിഞ്ഞ കൊടുങ്ങല്ലൂർ ഭഗവതി ആറ്റുകാലമ്മയായി കുടിയിരിക്കുന്പോൾ ചൊവാഴ്ചത്തെ പ്രഭാതത്തിനായി ലക്ഷക്കണക്കിനു സ്ത്രീജനങ്ങൾ കാത്തിരിപ്പാണ്, പഞ്ചഭൂതങ്ങൾ ചേരുന്ന നിവേദ്യം പൊങ്കാലയായി അർപ്പിച്ചു നിർവൃതി അടയാൻ.
വഴിപാടിൽ പ്രീതിപ്പെട്ടു നേർച്ചവിളക്കും കുത്തിയോട്ടവുംകണ്ടു താലപ്പൊലിയോടെ ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശ്രീധർമ ശാസ്താക്ഷേത്രത്തിലെ സഹോദരനെക്കണ്ട് രാപാർത്ത് പൂജയിൽ പ്രീതയായി ഉച്ചയോടെ ദേവി ആറ്റുകാൽ ക്ഷേത്രത്തിൽ തിരിച്ചെത്തും. രാത്രി 9.45ന് കാപ്പഴിച്ചു കുടിയിളക്കിയാൽ പിന്നെ കുരുതിയാണ്. അർധരാത്രി 12.45 ന് കുരുതിത്തറയിൽ തൃപ്തയായി ശാന്തമായി ദേവി ചൈതന്യ ശക്തിയാകും. അപ്പോൾ ലക്ഷങ്ങളുടെ മനസിൽ സായൂജ്യദീപങ്ങൾ പ്രഭ ചൊരിയും.
ചൊവ്വാഴ്ചയാണു വിശ്വപ്രസിദ്ധമായ പൊങ്കാല. രാവിലെ 9.45 നു പണ്ടാര അടുപ്പിൽനിന്നു പകരുന്ന പഞ്ചഭൂതാംശമായ അഗ്നി ഓരോ സവിതാവിലേക്കും കൈമാറും. മണ്കലങ്ങളിൽ, വേവാർന്നെത്തുന്ന നിവേദ്യം ഉച്ചയ്ക് 2.15ന് ദേവിക്കായി നിവേദിക്കും. ആ നിവേദ്യങ്ങളിൽ പൂജാരിമാർ തളിക്കുന്ന തീർഥജലത്തോടൊപ്പം ഉയരുന്നത് ഓരോ ഭക്തയുടെയും അമ്മേ വിളിയാണ്. ആ ആത്മസംതൃപ്തിയിൽ ഉടൻ മടങ്ങേണ്ടതുണ്ട്.
കാരണം അന്നു ചന്ദ്രഗ്രഹണമാണ്. ഉച്ചകഴിഞ്ഞു 3.10 മുതൽ ഏഴു വരെ ക്ഷേത്രനട അടയ്ക്കും. ഏഴു കഴിഞ്ഞാൽ അഞ്ഞൂറിലേറെ കുത്തിയോട്ട സംഘങ്ങൾ കൂട്ടത്തോടെ വരുന്നതിനാൽ ബാലികമാരുടെ താലപ്പൊലി നേർച്ചകൾ ഉച്ചയോടെയെങ്കിലും എത്തേണ്ടതുണ്ട്.
പൊങ്കാലയ്ക്ക് ഇനിയും രണ്ടു ദിവസം കൂടി ഉണ്ടെങ്കിലും ഇപ്പോൾ തന്നെ ക്ഷേത്ര പരിസരങ്ങൾ മാത്രമല്ല ചുറ്റുമുള്ള റോഡുകളും ഇടവഴികളുമെല്ലാം നിറഞ്ഞു കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകളിലായി ആയിരത്തിലേറെ ഉദ്യോഗസ്ഥരും അയ്യായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തു ക്യാ ന്പു ചെയ്തിട്ടുണ്ട്. മണ്ക്കലങ്ങളും പൂജാസാധനങ്ങളും വിൽക്കുന്ന സ്റ്റാളുകളും മറ്റു കച്ചവടക്കാരും കൈയടക്കിയ പാതയോരങ്ങളിൽ കയറു കെട്ടി പൊങ്കാല ബുക്കിംഗ് ബോർഡുകളും നിരന്നിട്ടുണ്ട്. ഇത്തരം റോഡ് ബുക്കിംഗുകൾ നഗരത്തിലെന്പാടും മാത്രമല്ല 10 കിലോമീറ്റർ അകലെപ്പോലും ദ്യശ്യമാണ്.
കുടിവെള്ളം സംബന്ധിച്ച ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി മന്ത്രിമാരും മേയറുമുൾപ്പെടെയുള്ള യോഗങ്ങൾ നടത്തിട്ടുണ്ട്. അരുവിക്കര കുടിവെള്ള പദ്ധതിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയായിട്ടുണ്ടെന്നും പത്ര സമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ എന്നിവർ അറിയിച്ചു.
ദർശന പുണ്യംതേടി സഹസ്രങ്ങൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോ ടനുബന്ധിച്ച് അമ്മയുടെ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ ഒഴുകി എത്തുന്നു. പൊങ്കാലയ്ക്ക് ഇനി രണ്ടു നാള് മാത്രം ശേഷിക്കെ ക്ഷേത്രവും പരിസരവും തിരക്കിലായി. ഇന്നലെ വൈകുന്നേരം വരെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടതെങ്കില്‍ വൈകുന്നേരം അഞ്ചിന് പെട്ടെന്നുണ്ടായ മഴ തിരക്കിനല്‍പം ശമനമുണ്ടാക്കി.
എന്നാല്‍ മഴ നിന്നതോടെ ആറിനുശേഷം വീണ്ടും തിരക്ക് പഴയതു പോലെയായി. ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് ക്രമാതീതമായി ഇപ്പോഴും വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ദര്‍ശനത്തിനുള്ള ക്യൂ ക്ഷേത്ര കോമ്പൗണ്ടും കഴിഞ്ഞ് പുറത്തേക്കു നീളുന്ന സാഹചര്യമാണ്.
പാറന്നൂർ നന്ദൻ തിടന്പേറ്റും
തിരുവനന്തപുരം: ഇത്തവണ ആറ്റുകാൽ ദേവിയുടെ തിടമ്പേറ്റുന്നത് പാറന്നൂർ നന്ദൻ. പൊങ്കാല കഴിഞ്ഞ് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കാണ് പുറത്തെഴുന്നള്ളിപ്പ്. പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു എന്നീ ആനകളാണ് കഴിഞ്ഞ കാലങ്ങളിൽ തിടമ്പേറ്റിയിരുന്നത്. മൂന്നാംതീയതി രാത്രി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര മണക്കാട്ട് അടുത്ത ദിവസം പുലർച്ചെയാണ് എത്തുന്നത്. മടക്കയാത്ര ഉച്ചയ്ക്ക് മുമ്പായി ക്ഷേത്രത്തിലെത്തും. തൃശൂർ പൂരമടക്കം സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള പാറന്നൂർ നന്ദൻ തൃശൂരിൽ നിന്നാണ് എത്തുന്നത്.
Tags : nattu vishesham Attukal Nagara in time Pongala