ബസുകള് നാലു വിഭാഗങ്ങളായി തിരിക്കും
കോട്ടയം: ആനവണ്ടികളുടെ മൈലേജ് വര്ധിപ്പിച്ചു ചെലവ് നിയന്ത്രിക്കുന്ന പുതിയ പദ്ധതിയായ പ്രോജക്ട് സൂര്യ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്ത്തനങ്ങള്ക്കു ജില്ലയില് തുടക്കമായി. ബസുകളുടെ ഡീസല് ക്ഷമത (കെഎംപിഎല്) വര്ധിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമതയിലെ പുരോഗതി കൃത്യമായി വിലയിരുത്തുകയും റിപ്പോര്ട്ട് ചെയ്യുകയും ചെയ്യുന്നതാണ് സൂര്യ (Systematic Operations by Optimization and Reduction of Emission with Year round Action plan) പദ്ധതി. ഓരോ ഡിപ്പോയിലെയും ബസുകളുടെ പ്രവര്ത്തനക്ഷമത വിലയിരുത്തും.
കുറഞ്ഞ മൈലേജ് രേഖപ്പെടുത്തുന്ന ബസുകള് കണ്ടെത്തി ആവശ്യമായ സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തും. അമിതമായ പുക, ഡീസല് ചോര്ച്ച, എയര് ലീക്ക് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങള് സമയബന്ധിതമായി പരിഹരിക്കുന്നതിനും സര്വീസ് ഓപ്പറേഷനിലെ കൃത്യത ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്കും. ജീവനക്കാരുടെ കാര്യക്ഷമത വര്ധിപ്പിക്കുന്നതിനായി കൗണ്സലിംഗും പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തില് ബസുകളെ നാല് വിഭാഗങ്ങളായി തിരിക്കും.
എ, ബി, സി, ഡി എന്നിങ്ങനെയാണ് നാലു വിഭാഗങ്ങള് എ- മികച്ച പ്രകടനം ( നിശ്ചയിക്കപ്പെട്ടതോ അതില് കൂടുതലോ മൈലേജ് ലഭിക്കുന്ന ബസുകള്) ബി- ശ്രദ്ധ നല്കേണ്ട വിഭാഗം ( സാധാരണ ലഭിക്കുന്ന മൈലേജില് നേരിയ കുറവുള്ള ബസുകള്), സി- മോശം പ്രകടനം (തുടര്ച്ചയായി കുറഞ്ഞ മൈലേജ് രേഖപ്പെടുത്തുന്നതും സാങ്കേതിക പരിശോധന ആവശ്യമുള്ളതുമായ ബസുകള്), ഡി- ക്രിട്ടിക്കല് (മൈലേജ് കുറവിനൊപ്പം അമിതമായ പുക, ഡീസല്, എയര് ലീക്ക് എന്നിങ്ങനെ സാങ്കേതിക പ്രശ്നങ്ങളുള്ള ബസുകള്) ഇത്തരത്തിലാണ് ബസുകളെ തരംതിരിക്കുന്നത്.
ജില്ലയില് കോട്ടയം ഡിപ്പോ ഉള്പ്പടെയുള്ള സ്ഥലങ്ങളില് ബസുകളുടെ മൈലേജ് പരിശോധിച്ച് അവയെ തരംതിരിക്കുന്ന ജോലികള് ആരംഭിച്ചു കഴിഞ്ഞു. ഇവ പൂര്ത്തിയാക്കിയശേഷം അടുത്ത നടപടികളിലേക്കു കടക്കുമെന്ന് കെഎസ്ആര്ടിസി അധികൃതര് പറഞ്ഞു.
മികച്ച സര്വീസും കാര്യക്ഷമമായ ഡ്രൈവിംഗും
വിവിധ നടപടിക്രമങ്ങളിലുടെ ബസുകള് പ്രശ്നങ്ങള് കണ്ടെത്തി, പരിശോധിച്ചു, പരിഹാരമുണ്ടാക്കി, ഉറപ്പുവരുത്തി, നിരീക്ഷിച്ചാണ് പദ്ധതി പൂര്ത്തിയാക്കുന്നത്. ബസുകള്ക്കുള്ള മൈലേജ്, സങ്കേതിക തകരാറുകള് കണ്ടെത്തിയാല് ഉടന് മെക്കാനിക്കല് ടീം പരിശോധിച്ച് അവ പരിഹരിക്കും.
തുടര്ന്നു തകരാര് പരിഹരിച്ചെന്ന് ഉറപ്പുവരുത്തി ട്രയല് റണ് ഉള്പ്പടെ നടത്തിയാണ് ബസ് വീണ്ടും ഡ്രൈവര്ക്കും കണ്ടക്ടര്ക്കും നല്കുന്നത്. ഇതിനു പുറമെ ഓരോ ഡിപ്പോയിലെയും മൊത്തത്തിലുള്ള പ്രകടനം, സാങ്കേതിക പ്രശ്നങ്ങള്, ജീവനക്കാരുടെ പ്രകടനം, സര്വീസ് സമയനിഷ്ഠ എന്നിവ ഉള്പ്പെടുത്തി പ്രതിദിന റിപ്പോര്ട്ട് തയാറാക്കും.
മൈലേജ് മികച്ചതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതുമായ ബസുകളുടെ പട്ടിക, പരിഹരിച്ചതും ബാക്കിയുള്ളതുമായ സാങ്കേതിക പ്രശ്നങ്ങള്, ജീവനക്കാര്ക്ക് നല്കിയ പരിശീലനങ്ങള് തുടങ്ങിയ വിവരങ്ങള് ഉള്പ്പെടുത്തി പ്രതിവാരവും പ്രതിമാസവും വിശദമായ റിപ്പോര്ട്ടുകള് അധികാരികള്ക്ക് സമര്പ്പിക്കും. താത്കാലികമായി മൈലേജ് വര്ധിപ്പിക്കുന്നതു മാത്രമല്ല. സാങ്കേതിക പ്രശ്നപരിഹാരം, മികച്ച സര്വീസ്, കാര്യക്ഷമമായ ഡ്രൈവിംഗ്, ടയറുകളുടെയും ബ്രേക്ക് ലൈനറുകളുടെയും ആയുസ് വര്ധിപ്പിക്കുക, അപകടങ്ങള് കുറയ്ക്കുക, യാത്രാസുഖം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
നടപ്പിലാക്കുന്നതു കൂട്ടായ്മയിലൂടെ
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വിവിധ ഉദ്യോഗസ്ഥര്ക്കും ജീവനക്കാര്ക്കും ഓരോ ചുമതലകള് വീതം നിശ്ചയിച്ചു. ഓരോ ഡിപ്പോയിലും സൂര്യ പദ്ധതിയുടെ പൂര്ണ ചുമതല യൂണിറ്റ് ഓഫീസര്ക്കാണ്. പ്രതിദിന അവലോകന യോഗങ്ങള് നടത്തി ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തും.
കുറഞ്ഞ മൈലേജ് രേഖപ്പെടുത്തുന്ന ബസുകളുടെ സാങ്കേതിക പരിശോധന, പുക, ഡീസല്, എയര് ലീക്ക് എന്നിവയുടെ നിരീക്ഷണം, ആവശ്യമായ അറ്റകുറ്റപ്പണികള് എന്നിവ ഗാരേജ് ഹെഡിന്റെ നേതൃത്വത്തിലാണ് ഉറപ്പാക്കുന്നത്. ജനറല് കണ്ട്രോളിംഗ് ഇന്സ്പെക്ടര്-സ്റ്റേഷന് മാസ്റ്റര് സര്വീസ് നടത്തിപ്പിന്റെ കൃത്യത നിരീക്ഷിക്കുകയും അനാവശ്യമായ എന്ജിന് ഐഡ്ലിംഗ് നിയന്ത്രിക്കുകയും ചെയ്യും.
ഡ്രൈവര്മാരും കണ്ടക്ടര്മാരും ഇന്ധനക്ഷമത ഉറപ്പാക്കുന്ന രീതിയില് വാഹനം ഓടിക്കുകയും ശരിയായ രീതിയില് ഗിയര് ഉപയോഗിക്കുകയും വാഹനത്തിലെ തകരാറുകള് യഥാസമയം റിപ്പോര്ട്ട് ചെയ്യുകയും വേണം.