Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചത് കൊണ്ടാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതെന്നും അതിനു ശേഷം നടക്കുന്ന ഒരുകാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഞങ്ങൾ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യവുമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.
വടക്കൻപാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലില്ലെന്ന് പറഞ്ഞത് പോലെ ഇനി എവിടെയൊക്കെ ചാടിയാൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം. ഞങ്ങൾ ചെയ്യേണ്ട കാര്യം ഞങ്ങൾ ചെയ്തു.
ഞങ്ങളുടെ കൂടെ നിർത്താൻ കൊള്ളില്ലാത്തയാളാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പാർട്ടിയിൽനിന്നും പുറത്താക്കിയത്. ഇനി അതിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ തീരുമാനങ്ങൾ സർക്കാരും പോലീസും തീരുമാനിക്കും.
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഞങ്ങൾ ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ അത് ചെയ്ത വ്യക്തിയെ ശിക്ഷിക്കും. അതാണ് പാർട്ടി നയം. ഞങ്ങളുടെ പാർട്ടി ചെയ്യുന്നതെല്ലാം ശരി മറ്റ് പാർട്ടിക്കാർ ചെയ്യുന്നത് തെറ്റ് എന്ന ശീലം കോൺഗ്രസിനില്ല.
സ്വർണംകട്ടവരെയും സ്ത്രീലമ്പടൻമാരെയും ഒരുകാലത്തും ഞങ്ങൾ സംരക്ഷിച്ചിട്ടില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണ് മറ്റ് കളരികൾക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ല.
അദ്ദേഹം സ്വയം രാജിവച്ചു പോകേണ്ടതായിരുന്നു. പാർട്ടിയിൽനിന്നും പുറത്താക്കിയ ഒരാൾ രാജിവയ്ക്കണമെന്ന് പറയാൻ നിവൃത്തിയില്ല. വിപ്പ് പോലും കൊടുക്കാൻ കഴിയില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ വിപ്പ് ബാധകമല്ല. സസ്പെൻഷനായിരുന്നെങ്കിൽ വിപ്പ് കൊടുക്കാമായിരുന്നു.
ആദ്യം സസ്പെൻഡ് ചെയ്തു. എന്നാൽ അതിജീവിതമാരുടെ എണ്ണം കൂടി. അപ്പോഴാണ് ഞങ്ങൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചത്. ഇനി ഒന്നിനും ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.- കെ. മുരളീധരൻ പറഞ്ഞു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ ഹര്‍ജി നൽകി. ആദ്യ കേസിലെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.
മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുകയാണെന്നും അതിജീവിത പറഞ്ഞു.
അതേസമയം തന്റെ കുടുംബജീവിതം തകർത്തത് രാഹുൽ മാങ്കൂട്ടമാണെന്ന് ആരോപിച്ച് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അതിജീവിതയുടെ ഭർത്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ രണ്ടിനാണ് പരാതി നൽകിയത്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതു ഖേദകരമാണ്. എന്നെപ്പോലെ വേദനിക്കുന്ന ഒട്ടേറെ പേർക്കു വേണ്ടിയാണ് പരാതി നൽകിയത്. എനിക്കും നീതി വേണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. രാഹുൽ തെറ്റ് ചെയ്തുവെന്ന് പോലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണങ്ങളുമായി അതിജീവിതയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ വാദം.
എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാൽ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ. നടപടി പിൻവലിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
ഇതിൽ ധാർമികതയുടെ പ്രശ്നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ട്. കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദിക്കുന്നത് എന്തിനാണ്.
രാഹുലിനെ തിരിച്ചെടുക്കണമെന്നും പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ കഴിവുകേടാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
കോൺഗ്രസ് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. കേരള പോലീസ് അന്വേഷണം പരാജപ്പെട്ടുവെന്നും മുരളീധരൻ പറഞ്ഞു.
പുകഞ്ഞ കൊള്ളി പുറത്താണ്. തെളിവുണ്ടെന്ന് പറഞ്ഞിട്ടും രണ്ടാഴ്ച ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രാഹുലിന് ജാമ്യം കിട്ടിയാലും കിട്ടിയില്ലെങ്കിലും കോൺഗ്രസിനെ ബാധിക്കില്ല. രാഹുലിന് എതിരായ രണ്ടാമത്തെ പരാതി ജനുവിൻ ആണെങ്കിലും അല്ലെങ്കിലും പാർട്ടി ഒരു തീരുമാനമെടുത്തല്ലോ. അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശം, യുഡിഎഫ് പദവിയിലിരുന്ന് നടത്താൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ശനിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ.ബാബുവിന്റെ ബെഞ്ച് 32-ാമത്തെ ഐറ്റമായിട്ടാണ് കേസ് പരിഗണിക്കുക.
തനിക്കെതിരെ ഉയർന്ന ആരോപണം പീഡനമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്റെ വാദം. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു.
കീഴ്ക്കോടതി താൻ സമർപ്പിച്ച തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. വിധിയിൽ പിഴവുണ്ട്. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ പീഡനക്കേസായി മാറ്റിയതാണെന്നും ഹര്‍ജിയിൽ രാഹുൽ പറയുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്നലെ തള്ളിയത്.
തുടർന്ന് രാഹുൽ കീഴടങ്ങുമെന്ന് സൂചന പരന്നിരുന്നു. ഒളിവിൽ കഴിയുന്ന രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘം ബംഗളൂരു ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
Kerala
തിരുവനന്തപുരം: എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
ഇത്തരം വിഷയങ്ങളില്‍ പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു.
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തില്‍ എടുത്ത ഒരു തീരുമാനമാണിത് എന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം.
അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ചൊവ്വാഴ്ച യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സണ്ണി ജോസഫിനു പുറമേ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർക്കാണ് യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി ഇമെയിൽ മുഖേന പരാതി അയച്ചത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു യുവതി പറയുന്നു.
തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
Kerala
അടൂർ: പോലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. പോലീസ് വീട്ടിൽ എത്തിയപ്പോൾ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും നഗരസഭയിൽ സ്ഥാനാർഥിയായ താൻ പ്രചരണത്തിൽ ആയിരുന്നെന്നും ഫെന്നി പറഞ്ഞു.
സംഭവത്തെ തുടർന്ന് കെഎസ്യു നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ അടൂർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വീട്ടിലെത്തിയവരോട് ആരാണെന്നും എന്താണ് കാരണമെന്നും ചോദിച്ചിട്ട് വ്യക്തമാക്കിയില്ല. അവർ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഫെന്നി പറഞ്ഞു.
അതേസമയം ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങിയിരുന്നു. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പോലീസ് പരിശോധന നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
Kerala
പാലക്കാട്: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. തിങ്കളാഴ്ച അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്നും വിവരങ്ങൾ തേടും.
ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
അതേസമയം രാഹുലിന്റെ ഫ്ലാറ്റിൽനിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുലിനെ കണ്ടെത്താൻ പാലക്കാട് പോലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ ഒൻപത് ഇടങ്ങളിലെ സിസിടിവികൾ പോലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്.
രാഹുൽ കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്തമിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിലുള്ള എംഎല്‍എമാര്‍ ആരും ഒളിവിലല്ല. എല്ലാവരും ഫീല്‍ഡിലുണ്ടെന്നും മുരളീധരന് പറഞ്ഞു.
അതേസമയം പീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണവും പോലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്.
ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നൽകിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകളും പെൻഡ്രൈവിൽ നൽകി.
പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച രാവിലെ വക്കീൽ ഓഫീസിൽ എത്തിയതായാണ് വിവരം. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പോലീസ് നിഗമനം.
രാഹുലിനെതിരെ വെള്ളിയാഴ്ച പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന്‍ കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി മൊഴി നൽകി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി.
വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെയാണ് എഫ്ഐആറിലെ പരാമര്‍ശങ്ങള്‍.
മാര്‍ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു എന്നിവയും എഫ്ഐആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ളാറ്റില്‍ വച്ചും, മേയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.
പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.
യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസിന്റെ നേതൃത്തത്തിലാണ് അന്വേഷണം.
ഒരു ഡിവൈഎസ്പി, ഒരു അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് എസ്എച്ച്ഒമാരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. എന്നാൽ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടില്ല.
തിരുവനന്തപുരം റൂറൽ മേഖലയിലുള്ള വലിയമല പോലീസാണ് യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസിന് കൈമാറിയിരുന്നു. നേമം പോലീസാണ് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ പുതിയ സംഘം അന്വേഷണം നടത്തേണ്ട സാഹചര്യം ഉടലെടുത്തത്.
Kerala
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നത്. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും.
ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി.
വലിയമല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നടപടിയും പാര്‍ട്ടി എടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. രാഹുലിനെതിരേ പാര്‍ട്ടി നേരത്തെ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെന്ഷന് എന്നാല്‍ ആറ് വര്‍ഷക്കാലത്തേക്ക് പുറത്താക്കിയതിന് തുല്യമാണ്. രാഹുല്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ പിടികൂടുന്നത് വരെ യുഡിഎഫ് പോരാട്ടവുമായി മുന്നോട്ടുപോകും. പരാതി ലഭിച്ചയുടന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമായിരുന്നു. ഈ തെരഞ്ഞെടുപ്പുവേളയില്‍ കേസെടുത്തതിനുപിന്നില് രാഷ്ട്രീയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല. രാഹുലിനെതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: യുവതി പീഡനപരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വാട്സാപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നും എഫ്ഐആർ ഇടുമെന്നും സൂചനയുണ്ട്.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.