കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചത് കൊണ്ടാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതെന്നും അതിനു ശേഷം നടക്കുന്ന ഒരുകാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ഞങ്ങൾ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യവുമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.
വടക്കൻപാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലില്ലെന്ന് പറഞ്ഞത് പോലെ ഇനി എവിടെയൊക്കെ ചാടിയാൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം. ഞങ്ങൾ ചെയ്യേണ്ട കാര്യം ഞങ്ങൾ ചെയ്തു.
ഞങ്ങളുടെ കൂടെ നിർത്താൻ കൊള്ളില്ലാത്തയാളാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പാർട്ടിയിൽനിന്നും പുറത്താക്കിയത്. ഇനി അതിനെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ തീരുമാനങ്ങൾ സർക്കാരും പോലീസും തീരുമാനിക്കും.
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഞങ്ങൾ ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ അത് ചെയ്ത വ്യക്തിയെ ശിക്ഷിക്കും. അതാണ് പാർട്ടി നയം. ഞങ്ങളുടെ പാർട്ടി ചെയ്യുന്നതെല്ലാം ശരി മറ്റ് പാർട്ടിക്കാർ ചെയ്യുന്നത് തെറ്റ് എന്ന ശീലം കോൺഗ്രസിനില്ല.
സ്വർണംകട്ടവരെയും സ്ത്രീലമ്പടൻമാരെയും ഒരുകാലത്തും ഞങ്ങൾ സംരക്ഷിച്ചിട്ടില്ല. കോൺഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാർട്ടിയാണ് മറ്റ് കളരികൾക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ല.
അദ്ദേഹം സ്വയം രാജിവച്ചു പോകേണ്ടതായിരുന്നു. പാർട്ടിയിൽനിന്നും പുറത്താക്കിയ ഒരാൾ രാജിവയ്ക്കണമെന്ന് പറയാൻ നിവൃത്തിയില്ല. വിപ്പ് പോലും കൊടുക്കാൻ കഴിയില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ വിപ്പ് ബാധകമല്ല. സസ്പെൻഷനായിരുന്നെങ്കിൽ വിപ്പ് കൊടുക്കാമായിരുന്നു.
ആദ്യം സസ്പെൻഡ് ചെയ്തു. എന്നാൽ അതിജീവിതമാരുടെ എണ്ണം കൂടി. അപ്പോഴാണ് ഞങ്ങൾ ബ്രഹ്മാസ്ത്രം പ്രയോഗിച്ചത്. ഇനി ഒന്നിനും ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല.- കെ. മുരളീധരൻ പറഞ്ഞു.