പത്തനംതിട്ട: പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ചൊവ്വാഴ്ച രാഹുലിനെ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.
ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ ഇന്നലെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.