കാളികാവ്: കൂരിപൊയിലില് വീടിന് തീപിടിച്ച സംഭവം വൈദ്യുതി ലൈനില്‍ ഉണ്ടായ അമിത വൈദ്യുതി പ്രവാഹം മൂലമെന്ന് നാട്ടുകാര്‍. ചോക്കാട് പഞ്ചായത്തിലെ കൂരിപൊയില്‍ സ്കൂളിന് സമീപം കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് കത്തി നശിച്ചത്. പ്രദേശത്തെ നിരവധി വീടുകളില്‍ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനില്‍ പ്രവൃത്തികള്‍ നടന്നിരുന്നു. പ്രവൃത്തി കഴിഞ്ഞ് ലൈന്‍ ചാര്‍ജ്ജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുത പ്രവാഹമുണ്ടായത്.
വൈദ്യുതിയുടെ അമിതമായ പ്രവാഹം കാരണമാണ് ഫ്രിഡ്ജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടും തീ പിടുത്തത്തവും ഉണ്ടായതെന്നാണ് ആരോപണം. ചുമരുകളും മറ്റും പൊട്ടി വീട് താമസയോഗ്യമല്ലാതായി. ഫ്രിഡ്ജും അലമാരയും പൂര്‍ണായി കത്തിയമര്‍ന്നു.
മകന്റെ ചികിത്സക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും ചികിത്സാ രേഖകളും രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണവും ആധാര്‍, പാന്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്കുകള്‍ ഉള്‍പ്പടെയുള്ള രേഖകളും കത്തി നശിച്ചിട്ടുണ്ട്. ഈ കുടുംബത്തിന് വീടിനുളള സഹായവും കത്തി നശിച്ച രേഖകളും അടിയന്തരമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളിലെ വയറിംഗ് സംവിധാനങ്ങളും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിരിക്കുകയാണ്.