Sports
കാല്‍പ്പന്ത് ലോകത്തിനു പുതിയ ചക്രവര്‍ത്തി; ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന്. വനിതകള്‍ക്കു പിന്നാലെ പുരുഷവിഭാഗത്തിലും സ്പെയിന് ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. ഇതോടെ കാല്‍പ്പന്തിലെ ഒരേയൊരു അഡ്രസായി സ്പെയിന്.
ഫിഫ 2026 പുരുഷ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയാണ് ലാമിന് യമാലിന്റെ സ്പെയിന് കപ്പുയര്‍ത്തിയത്. ക്യാപ്റ്റന്‍ റോഡ്രി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ സ്പെയിന് 2010നുശേഷം വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍. പന്ത് പൂര്‍ണമായി സ്പെയിനിന്റെ നിയന്ത്രണത്തിലായതോടെ, മെസിക്കും സംഘത്തിനും മൈതാനത്ത് കാഴ്ചക്കാരാകേണ്ടിവന്ന അവസ്ഥ. മത്സരം അതോടെ സ്പെയിന് Vs എമിലിയാനൊ മാര്‍ട്ടിനെസ് (അര്‍ജന്റൈന്‍ ഗോളി) എന്നതിലേക്കു മാറിയെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് (90+3-ാം മിനിറ്റ്) രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കണ്ടതോടെ അര്‍ജന്റീന തളര്‍ന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫെറാന്‍ ടോറസിന്റെ (106-ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയില്‍. ആ ഒരൊറ്റ ഗോളില്‍ 1-0ന്റെ ജയവുമായി സ്പെയിന് ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2010ല്‍ ടിക്കി-ടാക്ക എന്ന വണ്‍ ടച്ച് പാസിംഗ് ഗെയിമിലൂടെ ലോകം കീഴടക്കി സ്പെയിന്, ടിക്കി-ടാക്കയുടെ നവ പതിപ്പിലൂടെ രണ്ടാമതും കാല്‍പ്പന്ത് ലോകത്തിന്റെ തലപ്പത്ത്; ലാ റോഹയുടെ ടിക്കി-ടാക്ക II...
ടിക്കി-ടാക്ക സൗന്ദര്യം
എതിരാളികള്‍ക്കു പന്ത് നല്‍കാതെ നിശബ്ദമാക്കുക എന്നതായിരുന്നു സ്പെയിനിന്റെ ഈ ലോകകപ്പിലെ പരസ്യമായ തന്ത്രം. സെമിയില്‍ ഫ്രാന്‍സിന്റെ പവര്‍ ഗെയിമിനെ കൃത്യമായി പൂട്ടിയാണ് സ്പെയിന് കിരീടപോരാട്ടത്തിന് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പെയിന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാര്‍ക്ക് കുക്കറെയ്യ, റോഡ്രി, പെഡ്രൊ പൊറോ എന്നിവരിലൂടെ തുടങ്ങി ഫെറാന്‍ റൂയിസ്, ഡാനി ഓള്‍മോ, അലെക്സ് ബയെന, ലാമിന് യമാല്‍ എന്നിവരിലൂടെ മൈക്കല്‍ ഒയര്സബാലില് എത്തിനില്‍ക്കുന്നതായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണം. അര്‍ജന്റൈന്‍ ഗോള്‍മുഖത്തിനു പുറത്ത് തമ്പടിച്ചുള്ള ഹൈപ്രസിംഗ് ലാ റോഹ തുടക്കം മുതല്‍ കാഴ്ചവച്ചു.
സ്പെയിനിന്റെ ആക്രമണം തടയുന്നതില്‍ 90 മിനിറ്റും അര്‍ജന്റീന വിജയിച്ചു. ഗോള്‍ വഴങ്ങാന്‍ അര്‍ജന്റീന കൂട്ടാക്കിയില്ല. അതിന്റെ പ്രധാന കാരണം ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസിന്റെ പ്രകടനമായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോള്‍ സ്പെയിന് തൊടുത്തത് 15 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അര്‍ജന്റീനയ്ക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
ചുവപ്പ് നിര്‍ണായകമായി
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീനയുടെ അംഗബലം പത്തായി ചുരുങ്ങി. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതാണ് അര്‍ജന്റീനയ്ക്കു വിനയായത്. മധ്യനിരയില്‍ അതുവരെ പോരാടിയ എന്‍സോ പുറത്തുപോയതും സ്പെയിനിന്റെ ഫീല്‍ഡിലെ പത്ത് താരങ്ങള്‍ക്കെതിരേ ഒമ്പതായി ചുരുങ്ങിയതും അര്‍ജന്റീനയുടെ പ്രതീക്ഷ തകിടം മറിച്ചു.
മിന്നും ഗോള്‍
അംഗബലം കുറഞ്ഞതോടെ അര്‍ജന്റീനയുടെ കരുത്തും ചോര്‍ന്നു. അതുവരെ വിയര്‍പ്പൊഴുക്കിയ താരങ്ങളുടെ കാലുകള്‍ തളര്‍ച്ചയിലേക്ക്. ഈ ബലഹീനത 106-ാം മിനിറ്റില്‍ സ്പെയിന് മുതലാക്കി. പെഡ്രൊ പൊറോ ബോക്സിന്റെ വലത് കോണിനു പുറത്തുനിന്ന് പന്ത് ഉയര്‍ത്തി നല്‍കിയത് ഇടത് ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചിലേക്ക്. പൊറോയുടെ ഹൈ പാസ് നിക്കൊ വില്യംസ് ഹെഡ് ചെയ്തു നല്‍കിയത് ഫെറാന്‍ ടോറസിന്റെ പാകത്തിന്. ടോറസിന്റെ കരുത്തുറ്റ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. അതു മതിയായിരുന്നു സ്പെയിനിനു ട്രോഫിയില്‍ ചുംബിക്കാന്‍.
113-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും അര്‍ജന്റൈന്‍ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിശ്ചിത സമയത്തും സമാനമായ രീതിയില്‍ സ്പെയിനിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു.
Sports
ന്യൂജേഴ്സി: കണ്ണീരോടെയല്ലാതെ ഒരു ഫുട്ബോൾ പ്രേമിക്കും ഈ ലോകകപ്പിലെ അർജന്റീനയുടെ മടക്കം കണ്ടുതീർക്കാനാകില്ല. കിരീടമില്ലാതെ വെള്ളിമെഡലിലേക്ക് ചുരുങ്ങിപ്പോയെങ്കിലും മെസിപ്പട ഈ ടൂർണമെന്റിൽ എഴുതിച്ചേർത്തത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ കഥയാണ്.
കലാശപ്പോരിൽ സ്പെയിനിന്റെ ടിക്കി-ടാക്ക മാന്ത്രികതയ്ക്ക് മുന്നിൽ അർജന്റീന ഒടുവിൽ കിരീടം അടിയറവ് വെച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലാറ്റിനമേരിക്കൻ കരുത്തരുടെ തോൽവി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സാക്ഷാൽ ലയണൽ മെസി കണ്ണീരോടെ കളം വിട്ടത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർക്കുന്ന കാഴ്ചയായി മാറി.
കിരീടമില്ലാതെ മടങ്ങുമ്പോഴും ഈ ടൂർണമെന്റിലൂട നീളം അർജന്റീന താണ്ടിയത് വെല്ലുവിളികൾ നിറഞ്ഞ കനൽവഴികളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ ഫോമിൽ തുടങ്ങിയെങ്കിലും നോക്കൗട്ടിൽ കേപ് വെർദെ പോലുള്ള ടീമുകളിൽനിന്ന് അവർ അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിട്ടത്. ഓരോ മത്സരവും അർജന്റീനയ്ക്ക് ജീവന്മരണ പോരാട്ടങ്ങളായി മാറി.
പ്രതിസന്ധികളിൽ വീഴാതെ ടീമിന്റെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ കോട്ടകെട്ടിയ എമിലിയാനോ മാർട്ടീനസിന്റെ കരുത്തുറ്റ കൈകളാണ് അർജന്റീനയ്ക്ക് പലപ്പോഴും ജീവൻ നൽകിയത്. എന്നാൽ അതിനെയെല്ലാം അതിശയിപ്പിച്ചത് സാക്ഷാൽ ലയണൽ മെസിയുടെ മാന്ത്രികതയായിരുന്നു.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് പ്രഖ്യാപിച്ച്, 39-ാം വയസ്സിലും കളം നിറഞ്ഞാടിയ മെസി എട്ടു ഗോളുകളും മികച്ച നിരവധി അസിസ്റ്റുകളുമായാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മിഴികൾ നനയിച്ച ആ പോരാട്ട വീര്യമാണ് ഇംഗ്ലണ്ടിനെതിരെയുള്ള കടുത്ത സെമിഫൈനൽ കടമ്പയും കടന്ന് അവരെ ഫൈനലിൽ എത്തിച്ചത്.
ഒടുവിൽ കലാശപ്പോരിൽ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയത് അർജന്റീനയക്ക് കനത്ത തിരിച്ചടിയായി. സ്പാനിഷ് കോട്ടയ്ക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കേണ്ടി വന്നുവെങ്കിലും, പ്രതിബന്ധങ്ങളെ ഓരോന്നായി വെട്ടിമാറ്റി അവർ നടത്തിയ ഈ അശ്വമേധം ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും. തോൽവിയിലും തലയുയർത്തിത്തന്നെയാണ് മെസിപ്പടയുടെ മടക്കം.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിന് ലോകകിരീടം. വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയക്കൊടി പാറിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ മുത്തമിട്ടതിന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിൽ (105 -ാം മിനിറ്റിൽ) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോൾ സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സ്പാനിഷ് ടിക്കി-ടാക്ക മാജിക് നിറഞ്ഞാടിയ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലായിരുന്നു.
സ്പാനിഷ് പ്രതിരോധം കാത്ത കരുത്തുറ്റ പ്രകടനത്തിന് മുന്നിൽ അർജന്റീനൻ നിര പാടെ പതറിപ്പോയി. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്.
നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇതിനിടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിംഗ് ഓർഡറും ലഭിച്ച് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തു പേരായി ചുരുങ്ങിയതും അവർക്ക് കനത്ത തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പ്രതിരോധപ്പൂട്ടിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഫിഫ 2026 ലോകകപ്പില്‍ എന്റെ ഇഷ്ട ടീം സ്പെയിനാണ്. ഇക്കാര്യം ലോകകപ്പിനു മുമ്പുതന്നെ ഞാന്‍ പലയിടങ്ങളിലായി തുറന്നു പറഞ്ഞതുമാണ്. ഇത്തവണ ലോകകപ്പ് സ്വന്തമാക്കാനുള്ള ടീമുമായാണ് സ്പെയിന് എത്തിയിരിക്കുന്നത്.
എന്നാല്‍, ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങിയത് സ്പെയിനിന്റെ ഞാനടക്കമുള്ള ആരാധകരെ നിരാശപ്പെടുത്തി. ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെയുടെ വീറുറ്റ പോരാട്ടത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. ഗ്രൂപ്പില്‍ അവര്‍ ഉറുഗ്വെയെയും സമനിലയില്‍ കുടുക്കിക്കഴിഞ്ഞു.
കേപ് വെര്‍ദയോട് സമനിലയില്‍ കുടുങ്ങിയ സ്പെയിന് അല്ലായിരുന്നു സൗദി അറേബ്യക്ക് എതിരായ രണ്ടാം മത്സരത്തിനായി അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്.
പരിക്കേറ്റു വിശ്രമത്തിലായിരുന്ന കൗമാര സൂപ്പര്‍ താരം ലാമിന് യമാലിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്തിയായിരുന്നു ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന്റെ വരവ്. 19 വയസ് മാത്രം പ്രായമുള്ള ലാമിന് യമാലിന്റെ ക്ലാസ് മത്സരത്തില്‍ വ്യക്തമായി.
മാച്ച് ടെമ്പര്മെന്റുള്ള താരമാണ് യമാല്‍. അയാള്‍ എത്തിയതോടെ ടീമിന്റെ കളിതന്നെ മാറിയെന്നതാണ് ശരി. കേപ് വെര്‍ദയോട് സമനിലയില്‍ കുടങ്ങിയ ടീമേ അല്ലായിരുന്നു സ്പെയിന്. 10-ാം മിനിറ്റില്‍ യമാലായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് മൈക്കല്‍ ഒയര്‍സബാല്‍ എന്ന താരത്തിന്റെ ഇരട്ടഗോള്‍. 21, 24 മിനിറ്റുകളിലായിരുന്നു ഒയര്‍സബാലിന്റെ എണ്ണം പറഞ്ഞ ഗോളെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൗദി അറേബ്യ സ്വന്തം പോസ്റ്റില്‍ ഒരുഗോള്‍ നിക്ഷേപിച്ചതോടെ സ്പെയിനിനു 4-0ന്റെ ആധികാരിക ജയം.
2022 ഖത്തര്‍ ലോകകപ്പിലെ ജയന്റ് കില്ലേഴ്സായിരുന്നു സൗദി അറേബ്യ എന്നതും വിസ്മരിക്കാന്‍ സാധിക്കില്ല. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അട്ടിമറിച്ചായിരുന്നു സൗദി അറേബ്യ 2022 ലോകകപ്പില്‍ തങ്ങളുടെ പോരാട്ടം ആരംഭിച്ചത്.
എന്നാല്‍, ഇത്തവണ സ്പെയിനിന് എതിരേ ചടുലമായി ഒരു നീക്കം പോലും നടത്താന്‍ സൗദിക്കാര്‍ക്കു സാധിച്ചില്ല. അര്‍ജന്റീനയെ വിറപ്പിച്ച ടീമിന്റെ നിഴല്‍പോലും കളത്തില്‍ കാണാന്‍ സാധിച്ചില്ലെന്നതാണ് ശ്രദ്ധേയം.
സ്പാനിഷ് നിരയില്‍ യമാലിനൊപ്പം എടുത്തു പറയേണ്ട മറ്റൊരു കളിക്കാരന് ലെഫ്റ്റ് ബാക്കായ മാര്‍ക് കുകുറെയ്യയാണ്. നല്ല കരുത്തും സ്റ്റാമിനയുമുള്ള കളിക്കാരന്. ശരിക്കും ഒരു ഓള്‍റൗണ്ട് താരം. ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരു കളിക്കാരന് പോലുമില്ലാതെയാണ് സ്പെയിന് ലോകകപ്പിന് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
International
വത്തിക്കാൻ സിറ്റി: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ നാളെ യാത്ര പുറപ്പെടും.
ചൊവ്വാഴ്ച വരെ തലസ്ഥാനനഗരിയായ മാഡ്രിഡിൽ ചെലവഴിക്കുന്ന മാർപാപ്പ അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാഴ്സലോണയിലേക്ക് പോകുന്ന മാർപാപ്പ 11 വരെ അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. തുടർന്ന് മോണ്ട്സെറാറ്റ് സന്ദർശിക്കും. 11ന് രാവിലെ കനേറി ദ്വീപുകളിൽപ്പെട്ട ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും.
അവിടെയും വിശുദ്ധ കുർബാന അർപ്പിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. 12ന് തെനെറീഫ് ദ്വീപിലെത്തുന്ന മാർപാപ്പ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ റോമിലേക്ക് മടങ്ങും.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അടുത്ത മാസം പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയും ഏപ്രിലിൽ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വാറ്റോറിയൽ ഗിനിയ എന്നിവയും സന്ദർശിക്കും.
ജൂണിൽ സ്പെയിൻ സന്ദർശിക്കുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
മാർച്ച് 28നാണ് മൊണാക്കോ സന്ദർശനം. രാജകുടുംബത്തിന്റെ ആവർത്തിച്ചുള്ള ക്ഷണം സ്വീകരിച്ചാണു ഇവിടേക്കുള്ള സന്ദർശനം. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമാണു മൊണാക്കോ.
ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം നീളുന്നതാണ് ആഫ്രിക്കൻ സന്ദർശനം. മുസ്ലിം രാജ്യമായ അൾജീരിയയിലെ അൾജിയേഴ്സിൽ 13ന് എത്തുന്ന മാർപാപ്പ അന്നബ നഗരമുൾപ്പെടെ സന്ദർശിച്ച് 15ന് മടങ്ങും. തുടർന്ന് മധ്യ ആഫ്രിക്കയിലെ കാമറൂണിലെത്തുന്ന മാർപാപ്പ 18വരെ രാജ്യത്തുണ്ടാകും.
യൗണ്ടെ, ബമെൻഡ, ഡൗവാല എന്നിവിടങ്ങളിലാണു സന്ദർശനം. 18ന് അംഗോളയിലെത്തുന്ന മാർപാപ്പ 21വരെയുള്ള രാജ്യത്തുണ്ടാകും. ലുവാണ്ട, മുക്സിമ, സൗറിമോ നഗരങ്ങളിലാണ് സന്ദർശനം. 21ന് ഇക്വാറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ 23വരെയുള്ള സന്ദർശനകാലളവിൽ മലബോ, മോംഗോമോ, ബാറ്റ നഗരങ്ങളിലെത്തും.
ജൂൺ ആറുമുതൽ 12 വരെയാണ് സ്പെയിൻ സന്ദർശനം. തലസ്ഥാനമായ മാഡ്രിഡിലെത്തുന്ന മാർപാപ്പ ബാഴ്സലോണയുൾപ്പെടെയുള്ള നഗരങ്ങളും കാനറി ദ്വീപുകളിലെ ടെനെരിഫെ, ഗ്രാൻ കനാരിയ നഗരങ്ങളും സന്ദർശിക്കും. ബാഴ്സലോണയിലെ സാഗ്രദ ഫമിലിയ ബസിലിക്കയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഗോപുരത്തിന്റെ വെഞ്ചരിപ്പും മാർപാപ്പ നിർവഹിക്കും.
NRI
മാഡ്രിഡ്: സ്പെയിനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) - അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്. ബഹറിന്‍ എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്. സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).