Kerala
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി. അനസാണ് അറസ്റ്റിലായത്. താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്റിന് സമീപം കെട്ടിടത്തിലായിരുന്നു മോഷണം.
ചെമ്പുകമ്പി, വയർ, തുടങ്ങിയ സാമഗ്രികൾ കവർന്ന അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് തൊണ്ടിയോടെ പൊക്കിയത്.
മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
പാലക്കാട്: അമ്മയുടെ സ്വര്ണം മോഷ്ടിച്ച് ആണ് സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയാണ് അറസ്റ്റിലായത്.
ശ്രുതിയുടെ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ അമ്മയുടെ ഏഴരപ്പവന് സ്വര്ണാഭരണങ്ങളുമായാണ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നത്. വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
ശ്രുതിക്ക് ഭര്ത്താവും ഏഴും മൂന്നും വയസ് പ്രായമുളള മക്കളുമുണ്ട്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വര്ണാഭരണങ്ങള് മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വര്ണം പണയം വെച്ചതിനും ലിന്റോയ്ക്ക് എതിരെയും പോലീസ് കേസെടുത്തു. ഇരുവരെയും കോടതി റിമാന്ഡ് ചെയ്തു.
Kerala
കോഴിക്കോട്: സ്വകാര്യ ബാറ്ററി ഷോപ്പിൽ നിന്ന് ബാറ്ററികൾ കവർന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷ്(42)ആണ് പിടിയിലായത്.
സിറ്റി ക്രൈം സ്ക്വാഡും ചേവായൂര് ഇന്സ്പെക്ടര് ടി. മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്ന്നാണ് അനീഷിനെ പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തപ്പോള് കുറ്റം സമ്മതിക്കുകയായിരുന്നു.
ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുറഹ്മാന്, ഹാദില് കുന്നുമ്മല്, അനീഷ് മൂസേന് വീട്, ഷാഫി പറമ്പത്ത്, ഷഹീര് പെരുമണ്ണ തുടങ്ങിയവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തില് ഉണ്ടായിരുന്നു.
Kerala
കൊച്ചി: ബാങ്കിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അടിമാലി സ്വദേശി അനുഷ ആണ് ഡൽഹിയിൽ നിന്ന് പിടിയിലായത്.
2019 മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഇവർ ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്.
ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടിൽ നിന്ന് ഇറങ്ങും. ബാങ്കിൽ സ്വർണം വച്ചാൽ കൂടുതൽ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവർ സ്വർണം വാങ്ങിയെടുത്തത്. ഇങ്ങനെ ലഭിച്ച സ്വർണം പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുൺ കോതമംഗലത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അനുഷ എന്ന പേരിൽ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു.
എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ൽ അരുൺ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കിൽ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുൺ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.
സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു വന്നതോടെയാണ് പ്രതി ഡൽഹിയിലേക്ക് കടന്നതെന്നാണ് വിവരം. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡൽഹിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി.
Kerala
പാലക്കാട്: പട്ടാമ്പിയില് മേയാന് വിട്ട പോത്തിനെ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ്(22) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയും പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയും ചെയ്തു. തുടർന്ന് ചന്തയിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് റഹ്നാസ് പിടിയിലായത്.
റഹ്നാസ് പോത്തിനെ കൊണ്ടുപോകുന്നത് കണ്ട് തിരിച്ചറിഞ്ഞ ഉടമ പോത്തിനെ തിരിച്ചറിയുകയും പിന്നാലെ ഓള് കേരള കാറ്റില് മര്ച്ചന്റ്സ് വെല്ഫെയര് അസോസിയേഷനെ വിവരമറിയിക്കുകയുമായിരുന്നു. അങ്ങനെ ചന്തയിലെ പോത്തിന്റെ വില്പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
Kerala
തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില് ഇന്നു പുലര്ച്ചെ രണ്ടോടെയാണ് സംഭവം.
നിരവധി കവര്ച്ചാക്കേസുകളില് പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്ക്ഷേത്രത്തിലെ ഭണ്ഡാരമാണു കവര്ച്ച ചെയ്തത്. ഭണ്ഡാരം തകര്ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന് ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ജോഷി പിടിയിലായി.
ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്ന്നാണ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്നിന്നു കവര്ച്ച ചെയ്തത്.