പാലാ: കര്‍ഷകര്‍ക്ക് ന്യായവിലയും ആവശ്യക്കാര്‍ക്ക് നാടന്‍ പച്ചക്കറികളും ലഭ്യമാക്കുന്ന ഞായറാഴ്ച ചന്തയ്ക്ക് പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ തുടക്കമായി. ഞായറാഴ്ച രാവിലത്തെ കുര്‍ബാനയ്ക്കു ശേഷം പച്ചക്കറി ചന്ത സജീവമാകും. ഇടവകയിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ കൃഷി ചെയ്ത് വിളയിച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ പള്ളിയിൽ പ്രവര്‍ത്തിക്കുന്ന എസ്എച്ച്ജി അംഗങ്ങളെ അറിയിച്ചാല്‍ വീടുകളിൽ വന്ന് വാങ്ങുന്നതാണ്. ഇവ ന്യായവിലയില്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനുള്ള അവസരമാണ് പള്ളി അധികൃതരും വിവിധ സംഘടനാ ഭാരവാഹികളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
കര്‍ഷകദളം, പിതൃവേദി, ഇന്‍ഫാം എന്നിവരാണ് വില്പനയ്ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യ ആഴ്ചയില്‍ തന്നെ വിപണിയും കച്ചവടവും പൊടിപൊടിച്ചു. ഇഞ്ചി, മുളക്, കാന്താരി, മരച്ചീനി, നേന്ത്രക്കുല, തുടങ്ങിയവ ഞായറാഴ്ച ചന്തയിൽ എത്തി. തുടര്‍ന്നുള്ള ആഴ്ചകളില്‍ പച്ചക്കറി ഉള്‍പ്പെടെ വിപുലമായ ചന്ത ഒരുക്കും.
പള്ളിയില്‍ എത്തുന്നവര്‍ക്ക് മാത്രമല്ല ജൈവ പച്ചക്കറികള്‍ ആവശ്യമുള്ള ആര്‍ക്കും രാവിലെ ഏഴു മുതല്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ ചന്തയില്‍നിന്നു പണം കൊടുത്ത് നേരിട്ട് വാങ്ങാവുന്നതാണ്. ഞായറാഴ്ച ചന്തയുടെ ഉദ്ഘാടനം വികാരി ഫാ. ഏബ്രാഹം കുപ്പപ്പുഴക്കല്‍ നിര്‍വഹിച്ചു. പാലാ രൂപതയുടെ സ്വന്തം ബ്രാൻഡായ പാലനോവ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്.