Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായി.
ക്യാപ്റ്റൻ എയ്ഡൻ മർക്രം (നാല്) , ക്വിന്റൺ ഡി കോക്ക് (ആറ്), റയാൻ റിക്കിൾട്ടൺ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ബുംറ രണ്ടും അർഷ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ഒടുവില് വിവരം ലഭിക്കുമ്പോള് എട്ട് ഓവറില് മൂന്നിന് 56 എന്ന നിലയിലാണ്.
ഡിവാൾഡ് ബ്രവിസും (12) ഡോവിഡ് മില്ലറുമാണ് (25) ക്രീസിൽ. ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. പല്ലേക്കലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 51 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 16.4 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ഷാനകയാണ് അവരുടെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി വിൽ ജാക്ക്സ് മൂന്നും ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇംഗ്ലണ്ട് 146/9 ശ്രീലങ്ക 95 (16.4).
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷാനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൻ തകർച്ചനേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് ഫിലിപ് സാൾട്ടിന്റെ (62) അർധസെഞ്ചുറിയാണ്. 68 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. വിൽ ജാക്ക്സിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സൂപ്പർ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ഗ്രൂപ്പിലെ ന്യൂസീലൻഡും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നാല് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. കേശവ് മഹാരാജ്, ലുംഗി എൻഗിഡി, മാർക്കോ യാൻസൻ, ഡേവിഡ് മില്ലർ എന്നിവർ പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക്(വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
Sports
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര് എട്ടില് ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന് ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്മാരില് ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്മയ്ക്ക് ഇതുവരെ ഒരു റണ് പോലും നേടാന് സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില് മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര് പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള് മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര് എട്ടില് അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള് സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില് ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര് ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള് അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില് എത്താന് സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.