പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ട് ഇന്ന് പാക്കിസ്ഥാനെ നേരിടും. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഒന്നാമതുള്ള ഇംഗ്ലണ്ട് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. ഞായറാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിൽ ശ്രീലങ്കയെ 51 റൺസിന് തോൽപ്പിച്ച ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. സൂപ്പർ എട്ട് ഘട്ടത്തിൽ ഇംഗ്ലണ്ടിന് രണ്ട് പോയിന്റാണുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാൻ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ന്യൂസിലൻഡുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് പാക്കിസ്ഥാനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്തിയത്.