വടക്കഞ്ചേരി: മലയോരപാത കടന്നുപോകുന്ന പനംകുറ്റിയിൽ പുലിയുടെ ആക്രമണത്തിൽ പോത്തിനു പരിക്കേറ്റു. പനംകുറ്റി അറക്കൽ ഉണ്ണി (സന്തോഷ്) യുടെ വീട്ടിലെ പോത്തിനെയാണ് ആക്രമിച്ചത്.പോത്തിന്റെ പുറത്ത് പലയിടത്തായി മാന്തിയ മുറിവുകളുണ്ട്.
വീടിനോടുചേർന്ന തൊഴുത്തിൽ കെട്ടിയ പോത്തിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ പശുവും അതിന്റെ കുട്ടിയുമുണ്ടായിരുന്നെങ്കിലും അവയ്ക്കു പരിക്കില്ല. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
പോത്തിന്റെ വലിയ ശബ്ദവും നായയുടെ കുരയുംകേട്ട് ഉണർന്ന് ലൈറ്റിട്ട് നോക്കിയപ്പോൾ ഏതോ വന്യമൃഗം ഓടി പോകുന്നതായി കണ്ടെന്നു ഉണ്ണി പറഞ്ഞു. മൃഗത്തെ വ്യക്തമായി കണ്ടില്ല.
സംഭവ സമയത്ത് മഴയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി സമീപവാസിയായ ചെറുനിലം ജോണി പറഞ്ഞു.
നേരത്തെ ഇവരുടെ വീട്ടിലെ പട്ടിയെ പുലി പിടിച്ചുതിന്നിരുന്നു. ഒരാഴ്ച മുമ്പ് ഇവരുടെ വീടിനടുത്തെ മുതിരമാലിൽ സന്തോഷിന്റെ പട്ടിയെ പുലിയ പിടിച്ച സംഭവമുണ്ടായിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ആനശല്യം രൂക്ഷമായിട്ടുള്ള പ്രദേശം കൂടിയാണിത്.