ന്യൂയോർക്ക്: ഇറാനെ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ബോളിവുഡ് സിനിമ ക്ലിപ്പ് പങ്കുവെച്ച് മറുപടിയുമായി ഇറാൻ. സിംബാബ്വെയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ സംഘട്ടന രംഗം പങ്കുവെച്ചത്.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കവെ, ഇറാനെ വേഗത്തിൽ തകർത്തുകളയുന്ന കാര്യം പരിഗണനയിലാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഈ വീഡിയോ. "ഇറാൻ പ്രതിരോധമില്ലാത്ത രാജ്യമാണെന്ന് ട്രംപ് കരുതേണ്ട. അടുത്തകാലത്തായി ട്രംപ് ഭരണകൂടം ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന് തോന്നുന്നു" എന്ന പരിഹാസത്തോടെയാണ് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
എന്നാൽ, ട്രോൾ പങ്കുവെച്ചതിൽ ഇറാൻ എംബസിക്ക് ചെറിയൊരു അബദ്ധവും പറ്റി. പോസ്റ്റിൽ ബോളിവുഡ് എന്ന് വിശേഷിപ്പിച്ചെങ്കിലും, ബാലകൃഷ്ണയുടെ ക്ലിപ്പ് തെലുങ്ക് (ടോളിവുഡ്) ചിത്രത്തിൽ നിന്നുള്ളതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പെട്ടെന്ന് തന്നെ ചൂണ്ടിക്കാണിച്ചു.
യുഎസും ഇറാാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടയിൽ, നയതന്ത്ര വിഷയങ്ങളിൽ പോപ്പ് സംസ്കാരവും സിനിമകളും ഉപയോഗിച്ച് ട്രോളുന്നത് ഇറാൻ തുടരുകയാണ്. അതേസമയം, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിൽ മൂന്ന് മണിക്കൂർ നീണ്ട അനൗദ്യോഗിക ചർച്ചകൾ നടന്നതായും വിവരമുണ്ട്.