വടക്കഞ്ചേരി: ജില്ലയിലെ ഹെവി സ്റ്റേഷനുകളിലൊന്നായ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ഇനി സ്മാർട്ട് പോലീസ് സ്റ്റേഷനാകും. പി.പി. സുമോദ് എംഎൽഎ മുഖ്യമന്ത്രിയുടെ സിഎംഒ പോർട്ടൽ വഴി മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് എംഎൽഎയുടെ തരൂർ മണ്ഡലത്തിൽപ്പെടുന്ന വടക്കഞ്ചേരിയും കോട്ടായി പോലീസ് സ്റ്റേഷനും സ്മാർട്ട് പോലീസ് സ്റ്റേഷനാക്കി ഉയർത്തുന്നതിനുള്ള നടപടിയായിട്ടുള്ളത്.
2025- 26 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. തുടർ പ്രവൃത്തികൾ കൂടി ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മികവാക്കുന്നതിനാവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ മൂന്ന് മാസം മുമ്പ് അനുവദിച്ചിരുന്നു.
ഇ തോടൊപ്പം കോട്ടായി പോലീസ് സ്റ്റേഷൻ കൂടി സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുമെന്നു പി.പി. സുമോദ് എംഎൽഎ അറിയിച്ചു.