തൃശൂർ: ഓണവിപണിയിൽ പച്ചക്കറിവില കുതിച്ചുയരുന്നു. മിക്ക പച്ചക്കറികൾക്കും വില ഉയർന്നു. പാവയ്ക്ക, ബീൻസ്, ഉള്ളി, വെളുത്തുള്ളി, സവാള തുടങ്ങിയവയ്ക്കാണ് വൻതോതിൽ വിലകൂടിയത്. ഈമാസം ഒന്നിന് കിലോയ്ക്ക് 50 രൂപയായിരുന്ന പാവയ്ക്കയുടെ ചില്ലറവില ഇന്നലെ 76 രൂപയായി. 26 രൂപയുടെ വർധനയാണ് 19 ദിവസത്തിനിടെ ഉണ്ടായത്. ബീൻസ് 66ൽനിന്ന് 84 രൂപയായി, 18 രൂപ കൂടി. ഉള്ളിയുടെ വില 83ൽനിന്ന് 96 രൂപയായി ഉയർന്നു. സവാള 39ൽനിന്ന് 53 രൂപയിലെത്തി.
250 രൂപയായിരുന്ന വെളുത്തുള്ളിയുടെ ചില്ലറവില ഇന്നലെ 270 രൂപയായി. ബീറ്റ്റൂട്ട് 53ൽനിന്ന് 56 രൂപയായി ഉയർന്നു. വെണ്ട 43ൽനിന്ന് 49 രൂപയായി, പടവലം 30ൽനിന്ന് 48 രൂപയായി, മത്തൻ 25ൽനിന്ന് 30 രൂപയായി ഉയർന്നു. വെള്ളരിക്ക് 20ൽനിന്ന് 25 രൂപയായി വർധിച്ചു. പച്ചമുളകിന്റെ വിലയും ഉയർന്നു. ലോംഗ് മുളക് കിലോയ്ക്ക് 45ൽനിന്ന് 59 രൂപയായി. വഴുതനയുടെ വില 39ൽനിന്ന് 44 രൂപയായപ്പോൾ, തക്കാളി വില 26ൽനിന്ന് 30 രൂപയായി ഉയർന്നു.
വാഴപ്പഴവിപണിയിൽ സമ്മിശ്ര മാറ്റമാണ്. നാടൻ നേന്ത്രപ്പഴം 73ൽനിന്ന് 79 രൂപയായി ഉയർന്നു. റോബസ്റ്റ് 36ൽനിന്ന് 29 രൂപയായി താഴ്ന്നു. ഞാലിപ്പൂവന് വിലയിൽ മാറ്റമില്ല. 85 രൂപ തന്നെയാണ്. പൂവൻപഴത്തിന് 65ൽനിന്ന് 55 രൂപ, കാപ്സിക്കം 70ൽനിന്ന് 60 രൂപ എന്നിങ്ങനെ കുറഞ്ഞതാണ് ആശ്വാസം.
പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വർധന ആപ്പിളിനാണ്. ന്യൂസിലൻഡ് ഗാല ആപ്പിളിന്റെ വില കിലോയ്ക്ക് 270ൽ നിന്ന് 280 രൂപയായി ഉയർന്നു. മുന്തിരി 95ൽനിന്ന് 99 രൂപയായി. ചെറുനാരങ്ങയുടെ വില 73ൽനിന്ന് 140 രൂപയായി ഉയർന്നു. മാതളം 165ൽനിന്ന് 160 രൂപയായി കുറഞ്ഞപ്പോൾ കിവിയുടെ വില 130ൽനിന്ന് 110 രൂപയായി.
ഓണമടുക്കുന്പോഴേക്കും വില ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. ഇക്കുറി പച്ചക്കറിവില ഓണത്തിന് കൈപൊള്ളിക്കുമെന്നാണ് വിലനിലവാരം നൽകുന്ന സൂചന.