പ്രതീകാത്മക ചിത്രം
കൊല്ലം: ഓണം അടുത്തതോടെ പച്ചക്കറികളില്‍ പല ഇനങ്ങളുടേയും വില കുതിച്ചുയരുന്നു. ചേമ്പിന് 90 -ല്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സ് വില 120 രൂപയായി. കാബേജ് വില 80 -ല്‍ നിന്ന് 100 രൂപയായി. പാവക്ക് വില 60-ല്‍ നിന്ന് 80 രൂപയായി.
തക്കാളി നാടന്‍ 26 ഉം മൈസൂര്‍ തക്കാളിക്ക് 36 രൂപയുമാണ്. ചെറുനാരങ്ങ വില 140 രൂപയായി കുതിച്ചുയര്‍ന്നു. ചേന- 45, മുരിങ്ങ 35, വെള്ളരി 24, കാബേജ് 40, മത്തന്‍ -26, കറിവേപ്പില 50 രൂപയാണ്. കര്‍ണാടകയില്‍ നിന്നെത്തുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണ് വില കൂടുതലായി ഉയര്‍ന്നത്.
തിങ്കളാഴ്ച മുതല്‍ എത്തുന്ന സാധനങ്ങള്‍ക്ക് വീണ്ടും വിലകൂടുമെന്നാണ് കരുതുന്നത്. കര്‍ണാടകത്തിലെ വിവിധ മാര്‍ക്കറ്റുകളിലെ ഏജന്റുമാര്‍ നിശ്ചയിക്കുന്ന വില മറ്റു മാര്‍ക്കറ്റുകാരും പിന്തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറിക്ക് വില നിശ്ചയിക്കുന്നത് പ്രധാനമായും ഒട്ടന്‍ചത്രം മാര്‍ക്കറ്റാണ്.
അതേസമയം ഇതര സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥ പച്ചക്കറി കൃഷിയെ ബാധിച്ചിട്ടുള്ളതായി വ്യാപാരികള്‍ പറയുന്നു. ഉത്പാദനത്തിലുണ്ടായ കുറവ് വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തികളിലെ ചന്തകളില്‍ പോയി കച്ചവടക്കാര്‍ പറയുന്ന വിലയ്ക്ക് ഓണചന്തകളിലേക്കു സാധനമെടുക്കുകയാണ് പതിവായി സംഭവിക്കുന്നത്. അതോടെ മാര്‍ക്കറ്റില്‍ പച്ചക്കറി ലഭ്യത ഇല്ലാതാകുകയും വ്യാപാരികള്‍ വാങ്ങാനെത്തുമ്പോള്‍ ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്നു. അതോടെ പൊതു വിപണിയിലെ വില കുത്തനേ ഉയരുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പ്രതിസന്ധികളുണ്ടായപ്പോഴൊക്കെ തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകരുമായും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഏജന്റുമാരുമായും കര്ഷകസംഘങ്ങളുമായും കൃഷിവകുപ്പ് അധികൃതര്‍ തമിഴ്നാട്ടില്‍ പോയി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കുറി അതെല്ലാം പരാജയപ്പെട്ടു. താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് കാരണം. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുന്നതില്‍ ഇക്കുറി പരാജയം നേരിട്ടതായി വ്യാപാരികള്‍ ആരോപിക്കുന്നു.
സംസ്ഥാന കൃഷി ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ അഡീഷണല്‍ ഡയറക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹോര്‍ട്ടികള്‍ച്ചര്‍ നിയന്ത്രിക്കുന്നത്. ഇക്കുറി പച്ചക്കറി വിപണന സംഭരണ കാര്യത്തില്‍ ഹോര്‍ട്ടികള്‍ച്ചറിന് ഇടപെടാനായിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ വന്‍കിട സ്വകാര്യ കച്ചവടക്കാര്‍ നേരിട്ടിറങ്ങി വിലകൂട്ടുകയും കൊള്ളലാഭം കൊയ്യുക യുമാണ്. വന്‍കിട സ്വകാര്യ പച്ചക്കറി മൊത്തവിപണനക്കാരും അവരുടെ ഇടനിലക്കാരും ഓണം മുന്‍കൂട്ടി കണ്ട് വ്യാപാര മേഖലയില്‍ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കുകയാണെന്നും പരാതി ഉയരുകയാണ്.
Tags : Vegetable prices NattuVishasham DistrictNews