International
വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതയും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്.
Kerala
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.
കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.
National
ബംഗളൂരു: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം നാലിന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമായിരുന്നു അപകടം.
അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും പരുക്കേറ്റു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികൾ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
മലപ്പുറം: പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയൽ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെ 35 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂർ ടൗണിൽ തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു.
തുടർന്ന് വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.